ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ‘അയോധ്യ’ എം.പിയെ മത്സരിപ്പിക്കാൻ ഇൻഡ്യാ മുന്നണി

ബി.ജെ.പിക്ക് ശക്തമായ സന്ദേശം നൽകുകയാണ് ലക്ഷ്യം

Update: 2024-06-30 07:12 GMT
Advertising

ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടാവുകയാണെങ്കിൽ അയോധ്യ സ്ഥിതി​ ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്നുള്ള എം.പി അവധേശ് പ്രസാദിനെ ഇൻഡ്യാ മുന്നണി മത്സരിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എന്നാണ് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ഇതുവരെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തന്നെ ഉണ്ടായിരുന്നില്ല.

ഇത്തവണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് നൽകില്ലെന്ന് എൻ.ഡി.എ അറിയിച്ചതോടെ സ്പീക്കർ സ്ഥാനത്തേക്ക് ഇൻഡ്യാ മുന്നണി സ്ഥാനാർഥിയെ നിർത്തി.

ബി.ജെ.പിക്ക് ശക്തമായ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അവധേശ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാന​ത്തേക്ക് ഇൻഡ്യാ മുന്നണി പരിഗണിക്കുന്നത്. സമാജ് വാദി പാർട്ടിയുടെ ദലിത് നേതാവായ ഇദ്ദേഹം ജനറൽ സീറ്റിൽ മത്സരിച്ചാണ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്.

സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺ​ഗ്രസിലെ അഭിഷേക് ബാനർജി എന്നിവർ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുണ്ട്. അവേധേശ് പ്രസാദിന്റെ പേര് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് നിർദേശിച്ചതെന്നും വൃത്തങ്ങൾ പറയുന്നു. തങ്ങളുടെ എം.പിമാർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാന​ത്തേക്ക് മത്സരിക്കാനില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉടൻ നടത്താൻ സ്പീക്കർ ഓം ബിർലക്ക് കത്തയക്കാൻ ഇൻഡ്യാ മുന്നണി തീരുമാനിച്ചിട്ടുണ്ട്.

രാമക്ഷേത്രം നിലനിൽക്കുന്ന മണ്ഡലത്തിൽ ബി.ജെ.പി പരാജയപ്പെട്ടത് വലിയ വാർത്തയായിരുന്നു. സിറ്റിങ് എം.പിയായിരുന്ന ലല്ലു സിങ്ങിനെയാണ് അവധേശ് ​പ്രസാദ് 54,567 വോട്ടുകൾക്ക് ഫൈസാബാദിൽ പരാജയപ്പെടുത്തിയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News