റഷ്യൻ കൂലിപ്പട്ടാളത്തിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ യുക്രൈൻ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് പ്രതികരണം
ന്യൂ ഡൽഹി: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് പോരാടുന്ന എല്ലാ ഇന്ത്യക്കാരെയും ഉടൻ നാട്ടിലേക്ക് മടക്കിയയക്കണമെന്ന് ഇന്ത്യ. റഷ്യൻ അധികൃതരോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ആവശ്യം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ യുക്രൈൻ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
"വിഷയം ഇന്ന് മോസ്കോയിലെ റഷ്യൻ അധികാരികളോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ നേരത്തെ ഡിസ്ചാർജ് ചെയ്യാനുള്ള ആവശ്യം ആവർത്തിച്ചിട്ടുണ്ട്," വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇലക്ട്രീഷ്യനായ ബിനിൽ പിതൃസഹോദരന്റെ മകനായ ജെയ്ൻ കുര്യനൊപ്പമാണ് കഴിഞ്ഞ ഏപ്രിൽ 4 ന് റഷ്യയിൽ എത്തിയത്. ഒരുവർഷത്തെ കരാറിലാണ് ജോലിക്കായി പുറപ്പെട്ടത്. എന്നാൽ റഷ്യയിൽ എത്തിയ ശേഷമാണ് ചതി മനസിലായത്. ഇരുവരുടെയും പാസ്‌പോർട്ടുകൾ പിടിച്ച് വെക്കുകയും, റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിൻ്റെ ഭാഗമായി യുദ്ധമേഖലയിലേക്ക് വിന്യസിക്കുകയും ചെയ്യുകയായിരുന്നു. ബിനിൽ കഴിഞ്ഞ ക്രിസ്മസിന് വീട്ടുകാരെ വിളിച്ച് സംസാരിച്ചിരുന്നു. രണ്ടുപേരെയും നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നിതിടെയാണ് ബിനിലിന്റെ മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്.
ഇന്നലെയാണ് ബിനിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി കുടുംബത്തിന് അറിയിപ്പ് നൽകിയത്. ഈ മാസം അഞ്ചാം തിയ്യതി യുക്രൈൻ ഷെല്ലാക്രമണത്തിൽ ബിനിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാൽ ബന്ധുവാണ് ജെയ്ൻ മൃതദേഹം കണ്ടത് അടുത്ത ദിവസമാണ്. ബിനിലിന് ഗുരുതരമായി പരിക്കേറ്റതായാണ് ജെയ്ൻ കുടുംബത്തെ അറിയിച്ചിരുന്നത്. യുക്രൈൻ ഷെല്ലാക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നു.