പഞ്ചാബിൽ 32 ആം ആദ്മി എംഎൽഎമാർ കോൺഗ്രസിൽ ചേരുമെന്ന് അവകാശവാദം; മറുപടിയുമായി ആപ്
കോൺഗ്രസ് നേതാവ് ബജ്‌വ ബിജെപിയുമായി ധാരണയിലെത്തിയെന്ന് ആപ്


ന്യൂഡൽഹി: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയിലെ 32 എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ പർതാപ് സിങ് ബജ്‌വ. ‘ആം ആദ്മി പാർട്ടിയിൽനിന്നുള്ള 32 എംഎൽഎമാർ കോൺഗ്രസിൽ ചേരാനായി ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ഇത് ശരിയായ സമയമല്ല. ശരിയായ സമയത്ത് അവ പുറത്തുവിടും’ -ബജ്‌വ പറഞ്ഞു.
മുഖ്യമന്ത്രി ഭഗവന്ത് മാൻ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബജ്‌വ അവകാശപ്പെട്ടു. കെജ്രിവാൾ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ശ്രമിച്ചാൽ അദ്ദേഹം ബാഗുമെടുത്ത് ബിജെപിയിൽ ചേരും. തെൻറ 45 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ തെറ്റായ പ്രസ്താവന നടത്തിയിട്ടില്ല. ഈ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസിന് ഉദ്ദേശമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും ബജ്‌വ വ്യക്തമാക്കി.
എന്നാൽ, ബജ്വക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തുവന്നു. കോൺഗ്രസ് നേതാവ് കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും നിസ്സാരമായ പ്രസ്താവനകളിൽ മുഴുകുകയാണെന്നും പഞ്ചാബ് യൂനിറ്റ് അധ്യക്ഷൻ അമൻ അറോറ പറഞ്ഞു. സ്വന്തം എംഎൽഎമാർ എവിടെയാണെന്ന് പോലും ബജ്വക്ക് അറിയില്ല. സന്ദീപ് ജാഖർ ബിജെപിയിലേക്ക് പോയി. എന്നിട്ടും സർക്കാരിനെ മറിച്ചിടിനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹത്തിെൻറ അവകാശങ്ങൾ ചിരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്നും അറോറ പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് നിലവിൽ 94 എംഎൽഎമാരുണ്ട്. ഇതിൽനിന്ന് 32 പേർ പോയാലും 62 പേർ ബാക്കിയുണ്ടാകും. കേവല ഭൂരിപക്ഷത്തിന് അത് ധാരാളമാണ്. ബജ്വയുടെ കോൺഗ്രസിന് 15 എംഎൽഎമാരാണുള്ളത്. 32 പേർ കൂടി വന്നാലും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ല -അറോറ വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് പ്രതാപ് ബജ്‌വ ബിജെപിയുമായി ഇതിനകം മുൻകൂർ ബുക്കിങ് നടത്തിയിട്ടുണ്ട്. ബംഗളൂരുവിൽ അദ്ദേഹം മുതിർന്ന ബിജെപി നേതാക്കളെ കണ്ടതിനെക്കുറിച്ച് രാഹുൽ ഗാന്ധി ചോദ്യം ചെയ്യണമെന്നും അറോറ ആവശ്യപ്പെട്ടു.