ജാർഖണ്ഡിൽ ഹേമന്ത് സോറന്‍റെ സത്യപ്രതിജ്ഞ ഇന്ന്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
റാഞ്ചി: ജാർഖണ്ഡിൽ ഹേമന്ത് സോറൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. മഹാരാഷ്ട്രയിൽ മുഖ്യമന്തിയായി ദേവേന്ദ്ര ഫഡ്നാവിസ് ഉടൻ സത്യപ്രതിജ്ഞ ചെയ്യും.
ജാർഖണ്ഡിലെ ആധികാരിക വിജയത്തോടെ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ് ഹേമന്ത് സോറൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി വിവിധ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.റാഞ്ചിയിൽ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഹേമന്ത് സോറനൊപ്പം ഭാര്യ കൽപ്പന സോറനും ജെഎംഎമ്മിൽ നിന്നുള്ള 6 മന്ത്രിമാരും കോൺഗ്രസ് ആർജെഡി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി ആരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ. ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് ഷിൻഡെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സത്യപ്രതിജ്ഞ ഈയാഴ്ച ഉണ്ടാകുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.