‘പൊലീസിനെ ക്രിമിനൽവൽക്കരിച്ചു’; സംഭൽ സംഘർഷത്തിൽ യുപി സർക്കാരിനെതിരെ തേജസ്വി യാദവ്
‘ഇത് ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഗുണ്ടായിസമാണ്’
പട്ന: സംഭലിലെ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ്. പൊലീസിനെ സർക്കാർ ക്രിമിനൽവൽക്കരിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൊലീസിനെ ക്രമസമാധാന പാലനത്തിന് പകരം അടിച്ചമർത്താനുള്ള ഉപകരണമാക്കി മാറ്റി. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ് സംഭലിലെ സംഘർഷം. നിരപരാധികളായ പൗരൻമാരെ ലക്ഷ്യമിടാനും ഭീഷണിപ്പെടുത്താനും പൊലീസിനെ ഉപയോഗിക്കുകയാണ്. ഇത് നിയമപാലനമല്ല, ഇത് ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഗുണ്ടായിസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തർ പ്രദേശ് മുതൽ മധ്യപ്രദേശ് വരെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊലീസിന്റെ ക്രിമിനൽവൽക്കരണം സാധാരണയായി മാറി. സർക്കാരിന്റെ സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് പൊലീസ് ആ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് നിയമവാഴ്ചക്ക് ദോഷം ചെയ്യുമെന്നും തേജസ്വി യാദവ് പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സുതാര്യമായ അന്വേഷണം നടത്തുകയും വേണം. യോഗി സർക്കാർ ഇതിൽ പരാജയപ്പെടുകയാണെങ്കിൽ പൊലീസ് നീതിയുടെ കാവൽക്കാരല്ല, അടിച്ചമർത്തലിന്റെ ഉപകരണമാണെന്ന കാര്യം സ്ഥിരപ്പെടുമെന്നും തേജസ്വി വ്യക്തമാക്കി.