'ലാൽ സിങ് ഛദ്ദ'യുടെ പ്രദർശനം തടയാനെത്തി ഹിന്ദുത്വ സംഘം; പ്രതിരോധമൊരുക്കി സിഖ് സംഘടന
ചിത്രത്തിന്റെ പ്രദർശനം തടയാൻ അനുവദിക്കില്ലെന്ന് സിഖ് നേതാക്കൾ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിന്തിരിയുകയായിരുന്നു
ജലന്ധര്‍: ആമിർ ഖാൻ ചിത്രം 'ലാൽ സിങ് ഛദ്ദ'യുടെ പ്രദർശനം തടയാനെത്തിയ ഹിന്ദുത്വ പ്രവർത്തകരെ തടഞ്ഞ് സിഖ് സമൂഹം. കഴിഞ്ഞ ദിവസം പഞ്ചാബിലെ ജലന്ധറിലാണ് സംഭവം.
ആമിർ ഖാൻ ഹിന്ദു ദൈവങ്ങളെയും ദേവതമാരെയും അവഹേളിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ശിവസേന പ്രവർത്തകർ താരത്തിന്റെ പുതിയ ചിത്രമായ 'ലാൽ സിങ് ഛദ്ദ'യുടെ പ്രദർശനം നടക്കുന്ന എം.ബി.ഡി മാളിനു മുന്നിൽ പ്രതിഷേധവുമായി സംഘടിച്ചത്. ചിത്രത്തിന്റെ പ്രദർശനം അനുവദിക്കില്ലെന്ന് ഇവർ വ്യക്തമാക്കി. ഇതോടെയാണ് സാമൂഹിക സംഘടനയായ ശിഖ് താൽ-മേൽ കമ്മിറ്റി നേതാക്കൾ സ്ഥലത്തെത്തിയത്.
ഇത്തരം ഭീഷണികളും അക്രമങ്ങളും അനുവദിക്കില്ലെന്ന് സിഖ് നേതാക്കൾ വ്യക്തമാക്കി. 'ലാൽ സിങ് ഛദ്ദ'യിൽ ആക്ഷേപാർഹമായ ഒന്നുമില്ലെന്നും എട്ടുകൊല്ലം മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ പേരിൽ ഇപ്പോഴത്തെ സിനിമയുടെ പ്രദർശനം തടയുന്നത് അനുവദിക്കാനാകില്ലെന്നും ഇവർ അറിയിച്ചു. ഇതോടെ പ്രതിഷേധവുമായെത്തിയ ഹിന്ദുത്വ സംഘം പിന്തിരിയുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലും പുറഥ്തും 'ലാൽ സിങ് ഛദ്ദ'യ്‌ക്കെതിരെ വൻ ബഹിഷ്‌ക്കരണ കാംപയിനാണ് നടക്കുന്നത്. 2014ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം 'പി.കെ'യിൽ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് കാംപയിൻ നടക്കുന്നത്. ഉത്തർപ്രദേശിൽ ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വരാണസിയിൽ വിവിധ ഹിന്ദുത്വ സംഘങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബഹിഷ്‌ക്കരണ കാംപയിനിൽ താരം തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വലിയ മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മണിക്കൂറുകളായി ഉറങ്ങിയിട്ടില്ലെന്നുമാണ് ദിവസങ്ങൾക്കു മുൻപ് അദ്ദേഹം വെളിപ്പെടുത്തിയത്. ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു.
'ഞാൻ സർവ്വശക്തനോട് പ്രാർഥിക്കുന്നു. എൻറെ പ്രേക്ഷകരിൽ എനിക്ക് വിശ്വാസമുണ്ട്. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അതിൽ എനിക്ക് സങ്കടമുണ്ട്. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആർക്കെങ്കിലും എൻറെ ചിത്രം കാണണമെന്നില്ലെങ്കിൽ, ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. മറ്റെന്താണ് ഞാൻ പറയുക? പക്ഷേ കൂടുതൽ കൂടുതൽ ആളുകൾ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണത്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു'- ആമിർ ഖാൻ പറഞ്ഞു.
നാല് വർഷത്തിനു ശേഷമാണ് ഒരു ആമിർ ഖാൻ ചിത്രം തിയറ്ററുകളിലെത്തുന്നത്. എറിക് റോത്തും അതുൽ കുൽക്കർണിയും ചേർന്ന് തിരക്കഥയെഴുതി അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ടോം ഹാങ്ക്‌സിന്റെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് നായിക. തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റവും ചിത്രത്തിലുണ്ട്.
Summary: Sikh leaders, Shiv Sena come face to face during protest against Aamir Khan's film 'Laal Singh Chaddha' in Jalandhar