മിശ്ര വിവാഹിതരുടെ വിവരങ്ങൾ ശേഖരിക്കാൻ സമിതി രൂപീകരിച്ച് മഹാരാഷ്ട്ര സർക്കാർ
ആര് ആരെ വിവാഹം ചെയ്തുവെന്ന് അന്വേഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് സർക്കാരിന് ഉള്ളതെന്ന് എന്‍.സി.പി
മുംബൈ: ജാതിമാറിയും മതം മാറിയും വിവാഹം ചെയ്ത ദമ്പതികളുടെയും കുംടുംബാഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ച് മഹാരാഷ്ട്ര സർക്കാർ. ഡൽഹിയിൽ വസായ് സ്വദേശിയായ ശ്രദ്ധ വാക്കറിനെ പങ്കാളിയായ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. ശ്രദ്ധ വാക്കർ കേസ് ആവർത്തിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള സമിതിയെ രൂപീകരിച്ചെന്ന് സംസ്ഥാന വനിതാ-ശിശു വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ മംഗൾ പ്രഭാത് ലോധ പറഞ്ഞു.
സമിതിയിൽ 13 അംഗങ്ങാണുള്ളത്. ഈ കമ്മിറ്റി ജില്ലാ ഉദ്യോഗസ്ഥരുമായി സ്ഥിരമായി യോഗങ്ങൾ നടത്തുകയും രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതുമായ മിശ്രവിവാഹങ്ങളെയും അവരുടെ വിശദാംശങ്ങളും ശേഖരിക്കുകയും ചെയ്യും. ജാതിമാറിയും മതം മാറിയും വിവാഹിതരായ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ കൗൺസിലിംഗ് നൽകാനും ആശയവിനിമയം നടത്താനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള വേദിയായി ഈ കമ്മിറ്റി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധ വാക്കർ ആറ് മാസം മുമ്പ് മരിച്ച കാര്യം വീട്ടുകാർ പോലും അറിഞ്ഞില്ലെന്നത് പേടിപ്പെടുത്തുന്നതാണ്. അത്തരം കാര്യങ്ങൾ ഇനിയും ആവർത്തിക്കരുതെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സർക്കാറിന്റെ പുതിയ നീക്കത്തിനെതിരെ എൻ.സി.പി രംഗത്തെത്തി. ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന് ആളുകളുടെ സ്വകാര്യ ജീവിതത്തിൽ ചാരപ്പണി നടത്താൻ അവകാശമില്ലെന്ന് എൻ.സി.പി വിമർശിച്ചു. 'ആര് ആരെ വിവാഹം ചെയ്തുവെന്ന് അന്വേഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് സർക്കാരിന് ഉള്ളതെന്ന് എൻ സി പി എം എൽ എയും മുൻ മന്ത്രിയുമായ ജിതേന്ദ്ക അവാദ് ചോദിച്ചു. സർക്കാർ വ്യക്തികളുടെ ജീവിതത്തിൽ നിന്നും അകന്ന് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.