സിനിമ ഇറങ്ങും വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു-നരേന്ദ്ര മോദി

ലോകം മുഴുവൻ യാത്ര ചെയ്ത പരിചയത്തിലാണു പറയുന്നതെന്ന അവകാശവാദത്തോടെയായിരുന്നു ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ അഭിപ്രായപ്രകടനം

Update: 2024-05-29 10:17 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോ ചിത്രം 'ഗാന്ധി'യെ സൂചിപ്പിച്ചായിരുന്നു മോദിയുടെ അവകാശവാദം. ഗാന്ധിക്കു വേണ്ടത്ര അംഗീകാരം നൽകാൻ കോൺഗ്രസ് സർക്കാരുകൾക്ക് ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ മാധ്യമമായ 'എ.ബി.പി ന്യൂസി'നു നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം. ''വലിയൊരു മഹാത്മാവായിരുന്നു ഗാന്ധി. കഴിഞ്ഞ 75 വർഷത്തിനിടെ അത്തരമൊരു ആഗോള അംഗീകാരം അദ്ദേഹത്തിനു നേടിക്കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? ആർക്കും അറിയുമായിരുന്നില്ല. ഗാന്ധി ചിത്രം ഇറങ്ങിയ ശേഷമാണ് ആരാണ് അദ്ദേഹമെന്ന് ലോകം കൗതുകപ്പെടുന്നത്. നമ്മൾ ഒന്നും ചെയ്തില്ല.''-മോദി പറഞ്ഞു.

ലോകത്തിന് മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൻ മണ്ടേലയയെയുമെല്ലാം അറിയുമെങ്കിലും അവരെക്കാൾ ഒട്ടും മേന്മ കുറഞ്ഞയാളല്ല ഗാന്ധിയെന്ന കാര്യം നമ്മൾ അംഗീകരിക്കണം. ലോകം മുഴുവൻ യാത്ര ചെയ്ത പരിചയത്തിലാണ് ഞാനിതു പറയുന്നത്. ഗാന്ധിയിലൂടെ ഇന്ത്യ അംഗീകരിക്കപ്പെടേണ്ടതായിരുന്നുവെന്നും ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മോദി പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനു മുന്നിൽ നിന്ന മഹാത്മാ ഗാന്ധിയെ സമാധാനത്തിന്റെയും അഹിംസയുടെയും പ്രവാചകനായി പതിറ്റാണ്ടുകൾക്കുമുൻപ് തന്നെ ലോകം അംഗീകരിച്ചിട്ടുണ്ട്. 1937നും 1948നും ഇടയിൽ അഞ്ചു തവണ നൊബേൽ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 2007ൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായി യു.എൻ പ്രഖ്യാപിച്ചിരുന്നു.

Summary: 'World didn't know Mahatma Gandhi till a movie was made about him': Claims Narendra Modi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News