ഉച്ചഭക്ഷണം വൈകി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി
ഉത്തര്‍പ്രദേശിലെ തങ്കോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്വാലൻപൂർവ ഗ്രാമത്തിലാണ് സംഭവം
സീതാപൂര്‍: ഉച്ചഭക്ഷണം വിളമ്പാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ തങ്കോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്വാലൻപൂർവ ഗ്രാമത്തിലാണ് സംഭവം.
പ്രേമദേവി (28), ഭർത്താവ് പരാശ്റാം എന്നിവരാണ് മരിച്ചതെന്ന് തങ്കോൺ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഹനുമന്ത് ലാൽ തിവാരി പറഞ്ഞു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പറമ്പില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പരശ്റാം ഭാര്യയോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. കുപിതനായ ഭർത്താവ് ആദ്യം മൂർച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് ജയിലിൽ പോകേണ്ടിവരുമെന്ന് ഭയന്ന് വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് എസ്എച്ച്ഒ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജിവസം ഗുരുഗ്രാമില്‍ അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കിയില്ലെന്ന കാരണത്താല്‍ യുവാവ് ലിവ് ഇന്‍ പങ്കാളിയെ ചുറ്റികയും ഇഷ്ടികയും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയിരുന്നു. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുട്ടക്കറി ഉണ്ടാക്കാതിരുന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ചെന്നുമാണ് പ്രതി പറഞ്ഞത്.