ഭക്ഷണം വേണ്ട, മയക്കുമരുന്ന് മതി; യുപിയിൽ ജയിലിൽ ലഹരിയാവശ്യപ്പെട്ട് ഭർ‌ത്താവിനെ കൊന്ന ഭാര്യയും ആൺസുഹൃത്തും

സാഹിൽ ആണ് മുസ്‌കാന് മയക്കുമരുന്ന് പരിചയപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.

Update: 2025-03-23 10:31 GMT
Murdered Meerut mans wife, her lover refuse food, demand drugs in jail
AddThis Website Tools
Advertising

ലഖ്നൗ: യുപിയിലെ മീറഠിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി വെട്ടിമുറിച്ച് ഡ്രമ്മിൽ സിമന്റിട്ട് അടച്ച ഭാര്യയും ആൺസുഹൃത്തും ജയിലിൽ മയക്കുമരുന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇരുവരും മയക്കുമരുന്നിന് അടിമകളാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതുമുതൽ ഇത് കിട്ടാത്തതിനാൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും ജയിൽ വൃത്തങ്ങൾ പറയുന്നു.

മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ 29കാരൻ സൗരഭ് രജ്പുത്തിനെ കുത്തിക്കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വെള്ളം നിറയ്ക്കുന്ന ഡ്രമ്മിലിട്ട് സിമന്റ് തേച്ചടച്ച സംഭവത്തിൽ അറസ്റ്റിലായ ഭാര്യ മുസ്കാന്‍ റസ്തോഗി (27)യും കാമുകന്‍ സാഹില്‍ ശുക്ല (25) യുമാണ് ജയിലിലുള്ളത്. ജയിലിലെ ഡി-അഡിക്ഷൻ സെന്ററിൽ നിരീക്ഷണത്തിലാണ് ഇരുവരും. ഇവരുടെ ആരോഗ്യനില സാധാരണ നിലയിലാകാൻ എട്ട് മുതൽ പത്ത് ദിവസം വരെ എടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഡോക്ടർമാർ ഇവരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

സാഹിൽ ആണ് മുസ്‌കാന് മയക്കുമരുന്ന് പരിചയപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇരുവരും സ്ഥിരം മയക്കുമരുന്ന് കുത്തിവയ്ക്കാറുണ്ടെന്നും മറ്റ് പല ലഹരി വസ്തുക്കൾക്കും അടിമകളാണെന്നും അവർ പറഞ്ഞു. മുസ്‌കാനും സാഹിലും മീററ്റിലെ ചൗധരി ചരൺ സിങ് ജില്ലാ ജയിലിലാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. ഒരുമിച്ച് താമസിക്കാൻ ആ​ഗ്രഹിച്ചെങ്കിലും ജയിൽ ചട്ടങ്ങൾ അതിന് അനുവദിക്കാത്തതിനാൽ ഇരു സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. മുസ്‌കാൻ വനിതാ വിഭാ​ഗത്തിലും സാഹിൽ പുരുഷ വിഭാഗത്തിലുമാണുള്ളത്.

ജയിലിൽ പ്രവേശിച്ചതുമുതൽ മുസ്കാൻ രാത്രി ക്ഷണം കഴിക്കാൻ വിസമ്മതിക്കുകയാണ്. എന്നാൽ ജയിൽ അധികൃതർ പ്രതിയെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നുണ്ട്. മറുവശത്ത്, സാഹിൽ പരസ്യമായി മയക്കുമരുന്ന് ആവശ്യപ്പെട്ടു. ജയിലിൽ തടവുകാർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാണ്. ഡി-അഡിക്ഷൻ സെന്റർ മുഖേന ഇരുവർക്കും കൗൺസിലിങ് നൽകാനൊരുങ്ങുകയാണ് ജയിൽ അധികൃതർ. ലഹരിയിൽ നിന്ന് മുക്തരാകാൻ ഇരുവർക്കും ആവശ്യമായ ചികിത്സ നൽകുമെന്നും അവർ അറിയിച്ചു.

കൊടുംക്രൂരമായാണ് സൗരഭിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയറുത്തു. കൈകളും കൈപ്പത്തിയും വെട്ടിമാറ്റി. കാലുകൾ പിന്നോട്ട് ഒടിച്ചുമടക്കി. തുടർന്നാണ് വെള്ളം നിറയ്ക്കുന്ന ഡ്രമ്മിലാക്കി സിമന്റ് തേച്ചത്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, രജപുത്തിന്റെ ഹൃദയത്തിൽ മൂന്ന് തവണ തീവ്ര ശക്തിയോടെ കുത്തേറ്റിരുന്നു.

സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ശേഷം സാഹിൽ, തലയും കൈകളും തന്റെ മുറിയിലേക്ക് കൊണ്ടുപോയി മന്ത്രവാദം നടത്തിയതായും പൊലീസ് പറഞ്ഞിരുന്നു. മന്ത്രവാദ ചടങ്ങുകൾ നടത്തിയ ശേഷം അവ മുസ്‌കാന്റെ വീട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

മയക്കുമരുന്നിന് അടിമയായിരുന്ന സാഹിൽ അമാനുഷികതയിൽ വിശ്വസിച്ചിരുന്നതായും മറ്റുള്ളവരോട് അപൂർവമായി മാത്രമേ സംസാരിക്കാറുള്ളൂവെന്നും ഒതുങ്ങി ജീവിക്കുന്ന വ്യക്തിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ സമയവും തന്റെ വീട്ടിൽ തന്നെയായിരുന്നു ഇയാൾ ചെലവഴിച്ചിരുന്നത്. സാഹിലിന്റെ അമ്മ വളരെക്കാലം മുമ്പ് മരിച്ചു. സാഹിലിന്റെ അന്ധവിശ്വാസങ്ങളെ മുസ്‌കാൻ മുതലെടുത്തതായും ആരോപണമുണ്ട്. മുസ്‌കാൻ വ്യാജ സ്‌നാപ്ചാറ്റ് അക്കൗണ്ടുകളുണ്ടാക്കി, മരിച്ചുപോയ അമ്മയാണെന്നു പറഞ്ഞ് സാഹിലിന് സന്ദേശം അയയ്‌ക്കുകയും സൗരഭിനെ കൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്‌തു.

2016ലാണ് സൗരഭും മുസ്കാനും പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവർക്കും ആറ് വയസുള്ള ഒരു മകളുണ്ട്. മകളുടെ പിറന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോഴായിരുന്നു ഭാര്യയും ആൺസുഹൃത്തും ചേർന്ന് സൗരഭിനെ വകവരുത്തിയത്. സ്‌കൂൾ കാലം മുതൽ മുസ്‌കാനും സാഹിലും പരിചയമുണ്ടായിരുന്നെന്നും 2019ൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി വീണ്ടും ബന്ധം സ്ഥാപിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ബോളിവുഡ് നടിയാകാൻ വേണ്ടി മുസ്കാൻ പലതവണ വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും ഇത് ദമ്പതികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും സഹോദരൻ ആരോപിച്ചു.

സാഹിലുമായുള്ള മുസ്കാന്റെ പ്രണയവും സാമ്പത്തിക ഇടപാടുകളുമാണ് കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ആയുഷ് വിക്രം പറഞ്ഞു. സാഹിലുമായുള്ള ബന്ധം അറിഞ്ഞ സൗരഭ്, 2021ൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. എന്നാൽ മകളുടെ ഭാവി ഓര്‍ത്തും വീട്ടുകാരുടെ സമ്മർദം മൂലവും പിന്മാറി. പിന്നീട് വീണ്ടും മര്‍ച്ചന്‍റ് നേവിയിൽ തന്നെ ജോലി ലഭിക്കുകയും 2023ൽ സൗരഭ് ലണ്ടനിലേക്ക് പോവുകയും ചെയ്തു.

ഇതോടെ സാഹിലും മുസ്കാനും തമ്മിലുള്ള ബന്ധം വലുതാവുകയായിരുന്നു. ലണ്ടനില്‍ ജോലി ചെയ്തിരുന്ന സൗരഭ് മകളുടെ പിറന്നാളിനായി ഫെബ്രുവരി 24നാണ് നാട്ടിലെത്തിയത്. ഇതോടെ സൗരഭിനെ ഇല്ലാതാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് നാലിന് സൗരഭിന്‍റെ ഭക്ഷണത്തില്‍ മുസ്കാന്‍ ഉറക്കഗുളിക ചേര്‍ത്തുനൽകി.ഉറക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ശേഷം മൃതദേഹം 15 കഷണങ്ങളാക്കി ഡ്രമ്മിനകത്താക്കുകയും സിമന്റ് തേച്ച് ഒളിപ്പിച്ചുവയ്ക്കുകയുമായിരുന്നു. മകനെ കാണാതായതോടെ സംശയം തോന്നിയ സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News