വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ്
പട്നയിലും വിജയവാഡയിലും നിയമസഭകൾക്ക് മുന്നിൽ പ്രതിഷേധിക്കും


ന്യൂഡൽഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഇതിനായി 31 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകൾക്ക് മുന്നിൽ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആർ പാർട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിൽ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താർ വിരുന്ന് ബഹിഷ്കരിക്കാൻ മുസ്‌ലിം സംഘടനകൾ തീരുമാനിച്ചിരുന്നു.
വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഡൽഹിയിൽ ധർണ നടത്തിയിരുന്നു. സർക്കാർ മുസ്‌ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളിൽ കൈയേറ്റം നടത്താൻ അനുവദിക്കില്ലെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചിരുന്നു.