'എന്റെ കൊച്ചുമകന്‍ ജീവിച്ചിരിപ്പുണ്ടോ?'; അതുല്‍ സുഭാഷിന്റെ മകനെക്കുറിച്ചുള്ള ആശങ്കയില്‍ മുത്തച്ഛന്‍ പവന്‍ കുമാര്‍
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നേകൊല്ലൽ സ്വദേശി അതുൽ സുഭാഷിനെ അപ്പാർട്ടുമെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്


ന്യൂഡൽഹി: ബെംഗളൂരുവില്‍ ആത്മഹത്യചെയ്ത ഐടി ജീവനക്കാരന്‍ അതുല്‍ സുഭാഷിന്റെ മകനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുത്തച്ഛന്‍ പവന്‍ കുമാര്‍. കൊച്ചുമകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെ അറിയില്ലെന്നും പവന്‍ കുമാര്‍ പറഞ്ഞു. കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുല്‍ സുഭാഷ് ആത്മഹത്യചെയ്ത കേസില്‍ ഭാര്യ നികിത സിംഘാനിയയെും ഇവരുടെ അമ്മയേയും സഹോദരനെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെതതിന് പിന്നാലെയാണ് കൊച്ചുമകന്‍ എവിടെയാണെന്ന് അറിയില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുത്തച്ഛന്‍ പവന്‍ കുമാര്‍ പറഞ്ഞത്. നികിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും, ബാക്കിയുള്ളവരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുമാണ് പിടികൂടിയത്
'പൊലീസിനോടും നിയമപാലകരോടും നന്ദി പറയുന്നു. കുറഞ്ഞത് അവരെയെങ്കിലും അറസ്റ്റ് ചെയ്തല്ലോ. നീതി ലഭിക്കുന്നതുവരെ മകന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല. ജാന്‍പൂര്‍ കുടുംബക്കോടതിയില്‍ അതുലിന്റെ കേസ് കേള്‍ക്കുന്ന ജഡ്ജി അഴിമതിക്കാരനാണ്. 2020ല്‍ ആണ് കൊച്ചുമകൻ ജനിക്കുന്നത്. നികിതയും അതുലും അടുത്ത വര്‍ഷം തന്നെ വേര്‍പിരിഞ്ഞു. അതുകൊണ്ട് കൊച്ചുമകനെ ഒരിക്കല്‍ പോലും കാണാൻ സാധിച്ചിട്ടില്ല' എന്ന് പവൻ കുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരോട് തന്റെ കൊച്ചുമകനെ ലഭിക്കുന്നതിനുള്ള സഹായം ചെയ്തു തരാന്‍ അഭ്യര്‍ഥിക്കുകയാണെന്നും പവന്‍ കുമാര്‍ കൂട്ടിച്ചേർത്തു.
തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് 'നീതി വൈകി' എന്ന തലക്കെട്ടോടെ ഒരു കുറിപ്പെഴുതിവെച്ചായിരുന്നു അതുലിൻ്റെ ആത്മഹത്യ. വിവാഹ മോചനത്തിനായി ഭാര്യ നികിത മൂന്നു കോടി രൂപയും ജീവനാംശമായി മാസം തോറും രണ്ടു ലക്ഷം രൂപ വീതവും വേണമെന്ന് ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നികിത ഭീഷണിപ്പെടുത്തിയതായി അതുല്‍ സുഭാഷ് എഴുതിയിരുന്നു. ഇത് കൂടാതെ ആത്മഹത്യ ചെയ്ത വീടിന്റെ ഭിത്തിയിൽ 'നീതി വൈകി' എന്ന് പ്ലാക്കാർഡിൽ എഴുതിവെക്കുകയും ചെയ്തിരുന്നു. സുഭാഷ് റെക്കോഡ് ചെയ്ത വീഡിയൊ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.