നാഗ്പൂര്‍ കലാപം; പൊതുസ്വത്തുക്കളുടെ നഷ്ടം കലാപകാരികളിൽ നിന്നും തിരിച്ചുപിടിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
ചെലവ് നല്‍കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി


നാഗ്പൂര്‍: നാഗ്പൂരിലെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ നാശനഷ്ടമുണ്ടായ പൊതുസ്വത്തുക്കളുടെ വില കലാപകാരികളില്‍ നിന്നും തിരിച്ചു പിടിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ചെലവ് നല്‍കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
തുക അടയ്ക്കാത്ത ആളുകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും തുക ലഭിക്കാന്‍ സ്വത്ത് വില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപകാരികള്‍ക്കെതിരെ 'ബുള്‍ഡോസര്‍' നടപടി സ്വീകരിക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി. 'ആവശ്യമുള്ളിടത്തെല്ലാം ബുള്‍ഡോസറുകളും ഉപയോഗിക്കും,' അദ്ദേഹത്തിന്‍റെ വാക്കുകളെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. നാഗ്പൂർ സന്ദർശന വേളയിൽ ഫഡ്‌നാവിസ് പൊലീസ് കമ്മീഷണറുടെ ഓഫീസിൽ മുതിർന്ന പൊലീസ്, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. എങ്ങനെയാണ് സംഘര്‍ഷം വ്യാപിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പൊലീസ് പ്രതികരണം അവലോകനം ചെയ്യുകയും ചെയ്തു. പൊലീസിനെ ആക്രമിച്ച ആരെയും വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. "പൊലീസിനെ ആക്രമിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കുന്നതുവരെ എന്‍റെ സർക്കാർ വിശ്രമിക്കില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തതുപോലെ പൊലീസ് കോൺസ്റ്റബിൾമാരെ ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, കലാപകാരികൾ അവർക്ക് നേരെ കല്ലെറിഞ്ഞു.അക്രമത്തെ 'ഇന്‍റലിജൻസ് പരാജയം' എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും രഹസ്യാന്വേഷണ ശേഖരണം കൂടുതൽ മികച്ചതാക്കാമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.'' സിസിടിവി ദൃശ്യങ്ങളിലൂടെയും വീഡിയോ റെക്കോർഡിംഗുകളിലൂടെയും 104 പേരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. 12 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 92 പേർക്കെതിരെ നടപടി സ്വീകരിച്ചു. സ്ഥിതി കൂടുതൽ വഷളാക്കുന്ന 68 സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ട ശേഷം നീക്കം ചെയ്ത ആളുകളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചവർക്കെതിരെ കേസിൽ കൂട്ടുപ്രതികളായി കുറ്റം ചുമത്തും. ഡിലീറ്റ് ചെയ്ത ഈ പോസ്റ്റുകൾ വീണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്'' ഫഡ്നാവിസ് വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 17നാണ് നാഗ്പൂരിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു.