'മുസ്‌ലിംകൾ സമ്പത്തിന്റെ ആദ്യാവകാശികൾ': മൻമോഹൻ സിങ് പറഞ്ഞതെന്ത്? മോദി വളച്ചൊടിച്ചതെന്ത്?-MediaOne Explainer
2006 ഡിസംബറില്‍ ദേശീയ വികസന കൗൺസിൽ യോഗത്തിൽ അന്നു പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചാണ് മുസ്‍ലിം വിദ്വേഷം ആളിക്കത്തിച്ചു വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനായി നരേന്ദ്ര മോദിയുടെ നീക്കം
ന്യൂഡൽഹി: രാജസ്ഥാനിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുസ്‌ലിംകൾക്കെതിരെ വിദ്വേഷമുണർത്തുന്ന പ്രസംഗത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ശക്തമാകുകയാണ്. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്, സി.പി.എം ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ്. ഇപ്പോൾ ഇ-മെയിൽ വഴിയും അല്ലാതെയും കമ്മിഷനിലേക്ക് കൂട്ടപരാതികൾ പ്രവഹിക്കുകയാണെന്നാണു പുറത്തുവരുന്ന വിവരങ്ങൾ.
സമൂഹത്തിലെ ദുർബല, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളെ രാജ്യത്തിന്‍റെ മുഖ്യധാരയിലെത്തിക്കുക എന്ന സദ്ഭാവനയോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2006ൽ നടത്തിയ പരാമർശങ്ങളാണ് വർഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ മോദി വളച്ചൊടിച്ചിരിക്കുന്നത്. ആദ്യഘട്ട ജനവിധിയുടെ സൂചനകൾ അനുകൂലമല്ലെന്ന തിരിച്ചറിവില്‍നിന്ന് മുസ്‌ലിം വിദ്വേഷം ആളിക്കത്തിച്ച് ഹിന്ദുവികാരം ഇളക്കിവിട്ട് വോട്ടുറപ്പിക്കുക എന്ന അവസാന അടവാണ് മോദി പയറ്റുന്നതെന്നാണിപ്പോൾ പ്രതിപക്ഷം ആരോപിക്കുന്നത്. മോദിയുടെ ബൻസ്വാര പ്രസംഗം ദേശീയവിഷയമായി മാറുമ്പോൾ മൻമോഹൻ സിങ് അന്നു പറഞ്ഞതെന്താണെന്നു പരിശോധിക്കാം.
'പാർശ്വവൽകൃതർ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക്': മൻമോഹൻ സിങ് പറഞ്ഞത്
2006 ഡിസംബർ ഒൻപതിന് നടന്ന നാഷനൽ ഡവലപ്‌മെന്റ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് നടത്തിയ പ്രസംഗമാണ് അന്നെന്ന പോലെ ഇന്നും ബി.ജെ.പിയും നരേന്ദ്ര മോദിയും വളച്ചൊടിച്ച് രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. യു.പി.എ സർക്കാരിന്റെ സാമ്പത്തിക മുൻഗണനകൾ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്. വളച്ചൊടിക്കപ്പെട്ട പരാമർശങ്ങൾ അടങ്ങിയ പ്രസംഗത്തിലെ ഭാഗങ്ങൾ ഇങ്ങനെയാണ്:
''കൃഷി, ജലസേചനം, ജലസ്രോതസുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളിൽ നിർണായക നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യരംഗങ്ങളിൽ ആവശ്യമായ പൊതുനിക്ഷേപം എന്നിവയ്‌ക്കൊപ്പം പട്ടികജാതി-പട്ടികവർഗക്കാരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പദ്ധതികൾക്കുമൊക്കെയാണ് നമ്മൾ കൂട്ടായി മുൻഗണന നൽകുന്നതെന്ന കാര്യം വ്യക്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. പട്ടികജാതിക്കാർക്കും പട്ടിക വർഗക്കാർക്കുമുള്ള(എസ്.സി, എസ്.ടി) ക്ഷേമപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഗുണഫലങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ചും മുസ്‌ലിം ന്യൂനപക്ഷത്തിനു തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ട നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇവർക്കെല്ലാം വിഭവങ്ങൾക്കുമേൽ പ്രാഥമികാവകാശം ഉണ്ടായിരിക്കണം. മൊത്തത്തിലുള്ള വിഭവലഭ്യതയ്ക്കകത്തു വരേണ്ട വേറെയും ഒരുപിടി ഉത്തരവാദിത്തങ്ങൾ കേന്ദ്ര സർക്കാരിനുണ്ട്.''
പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് അന്നും ഒരു വിഭാഗം മാധ്യമങ്ങളും പ്രധാന പ്രതിപക്ഷമായിരുന്ന ബി.ജെ.പിയും വിവാദമാക്കി. മുസ്‌ലിംകൾ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികളെന്ന് മൻമോഹൻ സിങ് പറഞ്ഞെന്നായിരുന്നു പ്രചാരണം. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു വർഗീയധ്രുവീകരണമുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചറിഞ്ഞ് അന്നുതന്നെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ വിശദീകരണം നല്‍കി. മൻമോഹൻ സിങ്ങിന്റെ പ്രസംഗം ബോധപൂർവം വളച്ചൊടിച്ചിരിക്കുകയാണെന്നും അനാവശ്യവിവാദത്തിനു കൂടുതൽ ഇന്ധനം നൽകിക്കൊണ്ട് ഒരു വിഭാഗം ഇലക്ട്രോണിക് മാധ്യമങ്ങളും പരാമർശങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി നൽകിയിരിക്കുകയാണെന്നും അന്നു പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ കുറ്റപ്പെടുത്തി.
എസ്.സി, എസ്.ടി, ഒ.ബി.സി, സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ നേരത്തെ പറഞ്ഞ മുൻഗണനാ പട്ടികയിലെ മുഴുവൻ വിഭാഗങ്ങളെയും സൂചിപ്പിച്ചാണ് 'വിഭവങ്ങളുടെ ആദ്യാവകാശം' എന്നു പറഞ്ഞതെന്നും കുറിപ്പിൽ വ്യക്തമാക്കി. തൊട്ടുമുൻപുള്ള മാസങ്ങളിൽ രാജ്യത്തെ സാമ്പത്തികരംഗത്തുണ്ടായ മികച്ച പ്രകടനങ്ങൾ സൂചിപ്പിച്ച ശേഷമായിരുന്നു മൻമോഹൻ സിങ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് തൊഴിലവസരങ്ങളും വരുമാനമാർഗങ്ങളും സൃഷ്ടിച്ച് സമ്പദ്ഘടന ഇനിയും നല്ല നിലയിൽ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു. സമൂഹത്തിലെ മെച്ചപ്പെട്ട വിഭാഗങ്ങൾക്ക് ഇതിന്റെയെല്ലാം ഗുണം ലഭിക്കുമ്പോൾ തന്നെ, ദുർബലരും പാർശ്വവൽകൃതരുമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക ശ്രദ്ധ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. 'ഇന്ത്യ തിളങ്ങണം, പക്ഷേ ആ തിളക്കം എല്ലാവർക്കുമുണ്ടാകണം' എന്നു പലപ്പോഴും പറയാറുള്ളയാളാണ് പ്രധാനമന്ത്രിയെന്നും പറഞ്ഞാണ് ആ വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
'മുസ്‌ലിംകള്‍ സമ്പത്തിന്‍റെ ആദ്യാവകാശികള്‍': മോദി വളച്ചൊടിച്ചത്
രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മൻമോഹൻ സിങ്ങിന്റെ പഴയ പ്രസംഗം മോദി പൊടിതട്ടി പുറത്തെടുത്തത്. മുൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വളച്ചൊടിച്ചതിനു പുറമെ കോൺഗ്രസ് പ്രകടനപത്രികയുടെ പേരിൽ കള്ളങ്ങൾ എഴുന്നള്ളിക്കുകയും ചെയ്തു മോദി. കൃത്യമായും മുസ്‌ലിം വിദ്വേഷം ആളിക്കത്തിക്കാനെന്നോണം ആപൽക്കരമായ പരാമർശങ്ങളും ഇതോടൊപ്പം നടത്തി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുണ്ടാക്കുന്നവർക്കും നൽകുമെന്നായിരുന്നു മോദിയുടെ 'മുന്നറിയിപ്പ്'. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമർശം. സ്ത്രീകളുടെയെല്ലാം സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി കള്ളംപറഞ്ഞു. അധ്വാനിച്ചുണ്ടാക്കിയ നിങ്ങളുടെ സമ്പാദ്യമെല്ലാം നുഴഞ്ഞുകഴക്കറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകണോ എന്ന് ആൾക്കൂട്ടത്തോട് ചോദ്യമെറിയുകയും ചെയ്തു മോദി.
ആ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു:
''അവർ(കോൺഗ്രസ്) മുൻപ് അധികാരത്തിലുണ്ടായിരുന്നപ്പോൾ രാജ്യത്തിന്റെ സ്വത്തുക്കളുടെ പ്രഥമാവകാശികൾ മുസ്ലിംകളാണെന്നാണവർ പറഞ്ഞത്. സമ്പത്തെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നല്ലേ അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?
അമ്മമാരുടെയും പെൺമക്കളുടെയും സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്ലിംകളാണെന്നാണ് മൻമോഹൻ സിങ് സർക്കാർ പറഞ്ഞത്. എന്റെ അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ മംഗലസൂത്രയെ(താലിമാല) പോലും ഈ അർബൻ നക്സലുകൾ വെറുതെവിടില്ല.''
സമൂഹത്തിലെ ദുർബല, പിന്നാക്ക വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്കു കൈപ്പിടിച്ചുയർത്തുക എന്ന സദുദ്ദേശ്യത്തോടെയുള്ള മൻമോഹൻ സിങ്ങിന്റെ പരാമർശങ്ങൾ കോൺഗ്രസിന്റെ മുസ്‌ലിം പ്രീണനതന്ത്രമായി വളച്ചൊടിച്ച് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് മോദിയുടേത്. വർഗീയധ്രുവീകരണം നടത്തി ഹിന്ദുവോട്ടുകൾ ഇൻഡ്യ മുന്നണിക്കെതിരെ ഒന്നിച്ചുനിർത്തുക, ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയുടെ നില സുരക്ഷിതമാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അതിനു പിന്നിലുള്ളൂവെന്നതും വ്യക്തമാണ്.
ഭരണഘടനയെ കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിച്ച് കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയാണെന്നും മോദി പ്രസംഗത്തിൽ തുടരുന്നുണ്ട്. ആദിവാസികൾക്കും ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിലാണ് കോൺഗ്രസ് പലപ്പോഴും ഭീതി പരത്താറുള്ളതെന്നും ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയെ കുറിച്ചും സംവരണത്തെ കുറിച്ചും കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തങ്ങളുടെ കള്ളങ്ങൾ വിലപ്പോകില്ലെന്ന് കോൺഗ്രസിന് നന്നായി അറിയാം. സ്വന്തം അവകാശങ്ങളെ കുറിച്ചൊക്കെ ആദിവാസികൾക്കു നല്ല ബോധ്യമുണ്ട്. ഒരുകാലത്ത് 400 സീറ്റ് വരെയുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ 300 സീറ്റിൽ പോലും മത്സരിക്കാനാകുന്നില്ലെന്നും ഇൻഡ്യ മുന്നണി അവസരവാദികളുടെ കൂട്ടുകെട്ടാണെന്നുമെല്ലാം മോദി പ്രസംഗത്തിൽ ആക്ഷേപം തുടരുന്നുണ്ട്.
Summary: PM Narendra Modi's hate speech against Muslims citing 2006 speech by the former PM Manmohan Singh: MediaOne Explainer