കറവയെടുക്കാറില്ല; ആഴ്ചയിലൊരിക്കൽ പശുക്കള്‍ക്കും ഇവിടെ അവധി
ൊകന്നുകാലികൾക്ക് വിശ്രമം നൽകാതെ പണിയെടുപ്പിക്കുകയോ അവയ്ക്ക് അവധി അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത് വൻ പാപമായാണ് പ്രദേശവാസികള്‍ കണക്കാക്കുന്നത്
ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കുകയെന്നത് ഓരോരുത്തരുടെയും തൊഴിലവാകാശമായാണ് കണക്കാക്കുന്നത്. അവധി ദിനം വിശ്രമിക്കാനും കുടുംബത്തോടൊപ്പം ചിലവഴിക്കാനുമാകും ഓരോരുത്തരും ഇഷ്ടപ്പെടുക. എന്നാൽ കന്നുകാലികളുടെ കാര്യം അങ്ങനെയാണോ?. ദിസങ്ങളോളം കന്നുകാലികളെ കൃഷി ആവശ്യങ്ങൾക്കും മറ്റുമായി ജോലിക്ക് നിയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയ്ക്ക് അവധി അനുവദിക്കുന്ന രീതി എവിടെയും കണ്ടിട്ടില്ല. എന്നാൽ കന്നുകാലികൾക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകുന്ന ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ.
ഝാർഖണ്ഡിലെ ഗ്രാമങ്ങളിലെ കർഷകർ ഇത് ശ്രദ്ധാപൂർവം നിറവേറ്റിപോരുകയാണ്. പശുക്കളുടെ അവധി ദിനങ്ങളിൽ അവയുടെ കറവയെടുക്കാറുപോലുമില്ല. ആഴ്ചയിൽ ഒരിക്കലെങ്കിലും കന്നുകാലികൾക്ക് വിശ്രമം അനുവദിച്ചാൽ അവ ആരോഗ്യത്തോടും ഊർജ്ജസ്വലതയോടും നിലനിൽക്കുമെന്നാണ് ഗ്രാമീണവാസികളുടെ അഭിപ്രായം. സ്ഥിരമായി ജോലി ചെയ്തിരുന്ന കാള വയൽ ഉഴുതുമറിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചത്തതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നത്. ഈ രീതി സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. പ്രദേശത്തെ എല്ലാ കന്നുകാലി ഉടമകളും ഈ രീതി പിന്തുടരുന്നവരാണ്. ഇനി ആരെങ്കിലും കന്നുകാലികൾക്ക് വിശ്രമം നൽകാതെ പണിയെടുപ്പിക്കുകയോ അവയ്ക്ക് അവധി അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത് വൻ പാപമായാണ് ഗ്രാമവാസികൾ കണക്കാക്കുകന്നത്.
ഒരു നൂറ്റാണ്ടിലധികമായി ഈ ആചാരം നിലനിൽക്കുന്നുണ്ടെന്നാണ് ഗ്രാമീണവാസികളുടെ അവകാശവാദം. ''ആദിവാസികൾ വ്യാഴാഴ്ച കന്നുകാലികളെക്കൊണ്ട് ജോലിയെടുപ്പിക്കാറില്ല. ആദിവാസികളല്ലാത്തവർ ഞായാറാഴ്ചയാണ് കന്നുകാലികൾക്ക് അവധി അനുവദിക്കുന്നത്''- ലത്തേഹാറിലെ ചക്ല പഞ്ചായത്തിലെ ടൂറിസോട്ട് ഗ്രാമത്തിൽ താമസക്കാരനായ സഞ്ജയ് ഗഞ്ചു പറഞ്ഞു. ഞായറാഴ്ചകളിൽ എത്ര അത്യാവശ്യമുണ്ടെങ്കിലും കന്നുകാലികളെ തങ്ങൾ ജോലിക്ക് വയ്ക്കാറില്ലെന്നും ആ ദിവസം ജോലി എടുപ്പിക്കുന്നത് പാപാമായാണ് കണക്കാക്കുന്നതെന്നും ഹെത്-പോച്ര പഞ്ചായത്ത് മുൻ മേധാവി രാമേശ്വർ സിംഗ് പറഞ്ഞു. ഈ വ്യവസ്ഥയെ ചോദ്യം ചെയ്ത് ആരും രംഗത്തെത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്നുകാലികൾക്ക് ആഴ്ചയിൽ ഒരു ദിവസം അവധി അനുവദിക്കുന്നത് കാലങ്ങളായുള്ള രീതിയാണെന്ന് ജില്ലാ മൃഗസംരക്ഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി.