ഉള്ളിക്ക് വിലയിടിഞ്ഞു; കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രം

ഉൽപ്പാദനം കുതിച്ചുയരുന്നതിനാലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

Update: 2025-03-23 09:36 GMT
onion prices drops centre removers export duty
AddThis Website Tools
Advertising

ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില കുത്തനെ ഇടിഞ്ഞതോടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രം. ഫെബ്രുവരി അവസാനം മുതൽ ഉള്ളിയുടെ വില ഏകദേശം 30-40 ശതമാനമാണ് കുറഞ്ഞത്. ഈ സാഹചര്യത്തിലാണ് കയറ്റുമതി തീരുവ ഒഴിവാക്കിയത്. തീരുമാനം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തില്‍ വരും. 2024 സെപ്റ്റംബർ 13 മുതൽ നിലവിലുള്ള 20 ശതമാനം തീരുവയാണ് പിൻവലിച്ചിരിക്കുന്നത്. ‌‌‌

ഉൽപ്പാദനം കുതിച്ചുയരുന്നതിനാലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. റാബി വിളകളുടെ വിപണിയിലെ വരവിനോടനുബന്ധിച്ച് റീടെയിൽ വില കുറയാനുള്ള സാഹചര്യം മുന്നിൽ കണ്ട് കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തങ്ങളുടെ പുതിയ തീരുമാനമെന്ന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറഞ്ഞു.

കയറ്റുമതി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏകദേശം 1.71 ദശലക്ഷം ടൺ ഉള്ളി കയറ്റുമതി ചെയ്തിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ (മാർച്ച് 18 വരെ) ഏകദേശം 1.16 ദശലക്ഷം ടൺ ഇതിനകം കയറ്റുമതി ചെയ്തുവെന്നും ഉപഭോക്തൃകാര്യ വകുപ്പ് പ്രസ്താവനയിൽ പറയുന്നു.

കൃഷി വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ വർഷത്തെ ഉള്ളി ഉൽപ്പാദനം 22.7 ദശലക്ഷം ടണ്ണാണ്. ഇത് കഴിഞ്ഞ വർഷത്തെ 19.2 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് ഏകദേശം 18 ശതമാനം കൂടുതലാണ്. ഈ സീസണിൽ ഉത്പാദനം വർധിക്കുമെന്ന കണക്കുകൂട്ടൽ പ്രകാരം വരുംമാസങ്ങളിൽ വിപണി വിലയിൽ കൂടുതൽ ആശ്വാസം ഉണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ റാബി വിളകളുടെ വരവും കയറ്റുമതിയിൽ തുടർച്ചയായ നിയന്ത്രണവും കാരണം ആഭ്യന്തര വിപണികളിലെ ലഭ്യത വർധിച്ചതാണ് വില കുറയാൻ പ്രധാന കാരണം. ഉള്ളിയുടെ രാജ്യത്തെ റീടെയിൽ വിലയിൽ കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ 10 ശതമാനമാണ് ഇടിവുണ്ടായത്.

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഉള്ളി വില ക്വിന്റലിന് 2,270 രൂപയില്‍ നിന്ന് 1,420 രൂപയായി കുറഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളിലെ ഇതേ കാലയളവിനേക്കാള്‍ മൊത്ത വില കൂടുതലാണെങ്കിലും രാജ്യത്തെ നിലവിലെ വിലയില്‍ നിന്ന് 39 ശതമാനം കുറവുണ്ടായിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News