'കൂടുതൽ മുസ്‌ലിം സംവരണത്തിനുള്ള ഇൻഡ്യാ സഖ്യ നിലപാട് തുറന്നുകാട്ടണം'; എൻഡിഎ സ്ഥാനാർഥികൾക്ക് മോദിയുടെ കത്ത്
കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ പ്രചാരണം ശക്തമാക്കണമെന്നും മോദി സ്ഥാനാർഥികളോട് നിർദേശിച്ചു.
ന്യൂഡൽഹി: മൂന്നാം ഘട്ട വോട്ടെടുപ്പിലെ എൻഡിഎ സ്ഥാനാർഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുറന്ന കത്ത്. കൂടുതൽ മുസ്‌ലിം സംവരണം ഏർപ്പെടുത്താനുള്ള ഇൻഡ്യാ സഖ്യത്തിന്റെ നിലപാട് തുറന്നുകാട്ടണമെന്നാണ് കത്തിലെ ആഹ്വാനം. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ പ്രചാരണം ശക്തമാക്കണമെന്നും മോദി സ്ഥാനാർഥികളോട് നിർദേശിച്ചു. അമിത് ഷാ, ശിവരാജ് സിങ് ചൗഹാനടക്കമുള്ള സ്ഥാനാർഥികൾക്കാണ് മോദി കത്തയച്ചത്. "എസ്‌സി- എസ്ടിയിൽ നിന്നും ഒബിസിയിൽ നിന്നും സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് നൽകാനുള്ള അജണ്ട ഉൾപ്പെടെ കോൺഗ്രസിൻ്റെയും ഇൻഡ്യാ സഖ്യത്തിൻ്റെയും പിന്തിരിപ്പൻ രാഷ്ട്രീയത്തിനെതിരെ പ്രചാരണം സംഘടിപ്പിക്കണം"- എന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ലെന്നും 2047ഓടെ ശക്തമായ സർക്കാർ രൂപീകരിക്കാനും ഇന്ത്യയെ വികസിതമാക്കാനുമുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്താനാണ് ബിജെപിക്ക് ഓരോ വോട്ടുമെന്നും പ്രധാനമന്ത്രി മോദി കുറിച്ചു. "വർത്തമാനകാലവും ശോഭനമായ ഭാവിയും കെട്ടിപ്പടുക്കാനുള്ള സുവർണാവസരമാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ദശകത്തിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തി രാജ്യത്തെ ജനങ്ങളുടെ പല ബുദ്ധിമുട്ടുകളും ഇല്ലാതാക്കി"- മോദി കത്തിൽ അവകാശപ്പെടുന്നു.
ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഇൻഡ്യാ സഖ്യത്തിനെതിരെ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് ബിജെപിയും നരേന്ദ്രമോദിയും. നേരത്തെ, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിദ്വേഷ പ്രചരണവുമായി മോദിയും യു.പി മുഖ്യമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ വിദ്വേഷ പരാമർശം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം.
മോദിയെ പിന്തുണച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. വികസന നേട്ടത്തിന്‍റെ ആദ്യ ഗുണഭോക്താക്കൾ ന്യൂനപക്ഷങ്ങളായിരിക്കണം എന്നു പറഞ്ഞത് കോൺഗ്രസാണെന്നു പറഞ്ഞ അമിത് ഷാ, എന്തിനാണ് സ്വത്തിന്‍റെ കണക്കെടുക്കുന്നതെന്നും ചോദിച്ചു.
മുസ്‌ലിംകൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പ്രതിഷേധം വ്യാപകമായിരിക്കെയാണ് വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നും ഇൻഡ്യ മുന്നണിയെന്ന പേരിൽ വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണെന്നും യോഗി ആരോപിച്ചു.
മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികളടക്കമുള്ളവരുടെ 20,000ലേറെ പരാതികൾ ലഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഇത് കണ്ടില്ലെന്നു നടിച്ച കമ്മീഷൻ സമ്മര്‍ദത്തെ തുടര്‍ന്ന് സംഭവത്തില്‍ ബിജെപി അധ്യക്ഷനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ബിജെപി വിശദീകരണം നൽകാൻ തയാറായിട്ടില്ല.