കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു; സ്‌കൂളിൽ നിന്ന് ഉപയോഗിച്ച ചോക്കുകൾ എടുത്താണ് ഷൂ പോളിഷ് ചെയ്തിരുന്നത്: പ്രധാനമന്ത്രി
വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണ്. ശരിയായ ജനാധിപത്യവാദിയാണെങ്കിൽ വിമർശനത്തെ ഇഷ്ടപ്പെടുമെന്നും ലെക്‌സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: തന്റെ കുട്ടിക്കാലം വളരെ ദാരിദ്ര്യം നിറഞ്ഞതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കൂളിൽ നിന്ന് ഉപയോഗിച്ച ചോക്കുകൾ ശേഖരിച്ച് അതുപയോഗിച്ചാണ് തന്റെ വെളുത്ത കാൻവാസ് ഷൂസുകൾ പോളിഷ് ചെയ്തിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷൻ കൂടിയായ ലെക്‌സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി എന്ന പേരിലല്ല, ഇന്ത്യൻ ജനതക്കാണ് താൻ പ്രാധാന്യം നൽകുന്നത്. വിമർശനം ജനാധിപത്യത്തിൽ ആവശ്യമാണ്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാകിസ്താനെ ക്ഷണിച്ചുകൊണ്ട് പുതിയൊരു തുടക്കത്തിന് ശ്രമം നടത്തിയിരുന്നു. പക്ഷേ സമാധാനത്തിനുള്ള ശ്രമത്തിന് വഞ്ചനയാണ് നേരിടേണ്ടി വന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധൈര്യശാലിയായ നേതാവാണ് എന്നായിരുന്നു മോദിയുടെ പ്രതികരണം. അദ്ദേഹത്തിന് ധൈര്യമുണ്ട്. സ്വന്തം തീരുമാനങ്ങളെടുക്കുന്നു. അമേരിക്ക ആദ്യം എന്ന ട്രംപിന്റെ നയം ഇന്ത്യ ആദ്യം എന്ന തന്റെ നയം പോലെയാണെന്നും മോദി പറഞ്ഞു.
വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണ്. വിമർശനത്തെ താൻ സ്വാഗതം ചെയ്യുന്നു. ശരിയായ ജനാധിപത്യവാദിയാണെങ്കിൽ വിമർശനത്തെ ഇഷ്ടപ്പെടും. വിമർശനം നന്നായി പ്രവർത്തിക്കാൻ സഹായിക്കും. വിമർശനം ഉണ്ടാവണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നത് മതിയായ വിമർശനങ്ങൾ നടക്കുന്നില്ല എന്നതാണ് തന്റെ പരാതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.