'രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു എന്‍റെ ആദ്യത്തെ മുന്നേറ്റം'; ക്രെഡിറ്റ് മോദിക്ക് മാത്രമല്ലെന്ന് ഗൗതം അദാനി

'1995ൽ ബി.ജെ.പിയുടെ കേശുഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായതാണ് ബിസിനസിൽ മറ്റൊരു വഴിത്തിരിവായത്. തീരദേശ വികസനത്തിൽ കേശുഭായ് പ്രത്യേക ശ്രദ്ധ നൽകിയതിനു പിന്നാലെയാണ് മുന്ദ്രയിൽ താൻ തുറമുഖം നിർമിച്ചത്.'

Update: 2022-12-29 16:22 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബിസിനസ് വളർച്ചയ്ക്കു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണങ്ങൾ തള്ളി ശതകോടീശ്വരൻ ഗൗതം അദാനി. തന്റെ വളർച്ചയ്ക്കു പിന്നിൽ ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ലെന്നും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അദാനി ഗ്രൂപ്പിന്‍റെ ആദ്യ കുതിപ്പെന്നും അദാനി പറഞ്ഞു.

പ്രധാനമന്ത്രി മോദിയും ഞാനും ഒരു സംസ്ഥാനക്കാരാണ്. അതിനാൽ അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിക്കാൻ എളുപ്പമാണ്. എനിക്കെതിരെ ഇത്തരം ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്-'ഇന്ത്യ ടുഡേ'യ്ക്ക് നൽകി അഭിമുഖത്തിൽ അദാനി പറഞ്ഞു.

'ഞങ്ങളുടെ ഗ്രൂപ്പിന്റെ വിജയം ഹ്രസ്വദൂര കാഴ്ചയിലൂടെ കാണുന്നതുകൊണ്ടും പക്ഷപാതം കാരണവുമാണ് ഇത്തരം ആരോപണങ്ങൾ വരുന്നത്. എന്റെ പ്രൊഫഷനൽ വിജയം ഏതെങ്കിലും വ്യക്തി കാരണമല്ലെന്നതാണ് യാഥാർത്ഥ്യം. നീണ്ട മൂന്ന് ദശകത്തിനിടെ വിവിധ നേതാക്കന്മാരും സർക്കാരുകളും അവതരിപ്പിച്ച പരിഷ്‌ക്കാരങ്ങളും നയങ്ങളും കാരണമാണ് അതെല്ലാം സംഭവിച്ചത്.'

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് എല്ലാം തുടങ്ങിയതെന്ന് അറിഞ്ഞാൽ പലരും അത്ഭുതപ്പെടും. അദ്ദേഹം ആദ്യമായി കയറ്റുമതിയും ഇറക്കുമതിയും ഉദാരവൽക്കരിച്ചപ്പോഴായിരുന്നു അത്. 1991ൽ നരസിംഹറാവു-മൻമോഹൻ സിങ് കൂട്ടുകെട്ട് സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ ആരംഭിച്ചപ്പോഴാണ് രണ്ടാമത്തെ കുതിപ്പുണ്ടായത്. മറ്റു സംരംഭകരെപ്പോലെ ഞാനും അത്തരം പരിഷ്‌ക്കരണങ്ങളുടെ ഗുണഭോക്താവാണ്-അദാനി പറഞ്ഞു.

1995ൽ ബി.ജെ.പിയുടെ കേശുഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായതാണ് ബിസിനസിൽ മറ്റൊരു വഴിത്തിരിവായെന്നും അദാനി വെളിപ്പെടുത്തി. തീരദേശ വികസനത്തിൽ കേശുഭായ് പ്രത്യേക ശ്രദ്ധ നൽകിയതിനു പിന്നാലെയാണ് മുന്ദ്രയിൽ താൻ തുറമുഖം നിർമിച്ചത്. നാലാമത്തെ വഴിത്തിരിവ് 2001ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതാണ്. അന്ന് വികസനരംഗത്ത് മോദി സർക്കാർ വലിയ ശ്രദ്ധ പതിപ്പിച്ചു. അദ്ദേഹത്തിന്റെ നയങ്ങളും പ്രയോഗങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ മാറ്റിമറിക്കുക മാത്രമല്ല, മുൻപെങ്ങുമില്ലാത്ത വിധം വ്യവസായ-തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടവുമുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് മോദിയുടെ യോഗ്യമായ നേതൃത്വത്തിനു കീഴിൽ സമാനമായ കുതിപ്പിനു ദേശീയ, രാജ്യാന്തരതലങ്ങളിൽ നമ്മൾ സാക്ഷിയാകുകയാണ്. പുതിയൊരു ഇന്ത്യ തന്നെയാണ് സ്വയം ഉണർന്നുവരുന്നത്. എന്റെ ബിസിനസുകളെല്ലാം പ്രൊഫഷനലുകളും യോഗ്യരായ സി.ഇ.ഒമാരുമാണ് നടത്തുന്നത്. അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഞാൻ ഇടപെടാറില്ല-ഗൗതം അദാനി കൂട്ടിച്ചേർത്തു.

Summary: 'My career saw first big push when Rajiv Gandhi was PM', says Gautam Adani rejecting criticism over his close relationship with PM Narendra Modi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News