സര്‍ക്കാര്‍ ഓഫീസുകളിൽ മറാത്തി നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
വീഴ്ച വരുത്തുന്ന ഉദ്യോസ്ഥര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു


മുംബൈ: സര്‍ക്കാര്‍ ഓഫീസുകളിൽ മറാത്തി ഭാഷ സംസാരിക്കുന്നത് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിറക്കി. വീഴ്ച വരുത്തുന്ന ഉദ്യോസ്ഥര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു
മറാത്തി ഭാഷാ നയമനുസരിച്ച് സർക്കാർ ഓഫീസുകളിലെ ആശയവിനിമയത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മറാത്തിയായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാർ, അർധ സർക്കാർ, സർക്കാർ കോർപ്പറേഷൻ, തദ്ദേശ സ്ഥാപന ഓഫീസുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും മറാത്തിയിൽ സംസാരിക്കുന്നത് നിർബന്ധമാക്കും. ഏതെങ്കിലും ജീവനക്കാരൻ മറാത്തിയിൽ സംസാരിക്കുന്നില്ലെങ്കിൽ ആ ജീവനക്കാരനെതിരെ വകുപ്പ് മേധാവിക്ക് പരാതി നൽകാം. വകുപ്പ് മേധാവി അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന നിയമസഭയുടെ മറാത്തി ഭാഷാ സമിതിക്ക് അപ്പീൽ നൽകാം.
സംസ്ഥാന സർക്കാർ വകുപ്പുകൾ നൽകുന്ന അപേക്ഷകൾ, സൈൻബോർഡുകൾ, പരസ്യങ്ങൾ എന്നിവയും മറാത്തിയിൽ മാത്രമായിരിക്കും. ബാങ്കുകൾ ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ത്രിഭാഷാ നയം-ഇംഗ്ലീഷ്, ഹിന്ദി, ബന്ധപ്പെട്ട പ്രാദേശിക ഭാഷ എന്നിവ നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാർ നയം അനുസരിച്ചാണ് പുതിയ മാർഗനിർദ്ദേശങ്ങൾ.