മഹാരാഷ്ട്രാ പ്രതിസന്ധിയിൽ വിമതർക്ക് ആശ്വാസം; മറുപടി നൽകാൻ സമയം നീട്ടി നല്‍കി സുപ്രിം കോടതി

എം.എൽ.എമാരുടെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകാനും പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

Update: 2022-06-27 11:19 GMT
Advertising

അയോഗ്യതാ നടപടിക്കെതിരെ നൽകിയ ഹരജിയിൽ വിമതർക്ക് ആശ്വാസം. മറുപടി നൽകാൻ സുപ്രിം കോടതി സമയം നീട്ടി നൽകി. ജൂലൈ 12ന് 5.30നുള്ളിൽ മറുപടി നൽകാനാണ് നിർദേശം. ഹരജിയിൽ അതേ ദിവസം വീണ്ടും വാദം കേൾക്കും. എം.എൽ.എമാരുടെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു. ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്. കേസുമായി ബന്ധപ്പെട്ട അഞ്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി അടുത്ത മാസം ഹരജി വീണ്ടും പരിഗണിക്കും.

വിമത എം.എൽ.എമാർ ഗുവാഹത്തിയിലേക്ക് മാറിയതോടെ ഇവരുടെ വീടുകൾക്കും മറ്റും ആക്രമണ ഭീഷണിയുണ്ട്. ഇത് പരിഗണിച്ച് എല്ലാ എം.എൽ.എമാർക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് വിമത എം.എൽ.എമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നിരജ് കിഷൻ കൗളും ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി മനു അഭിഷേക് സിഖ്വിയുമാണ് ഹാജരായത്.

ഡെപ്യൂട്ടി സ്പീക്കർക്കും, മഹാരാഷ്ട്ര സർക്കാരിനും നോട്ടീസ് നല്‍കിയ കോടതി അഞ്ച് ദിവസത്തിനകം മറുപടി നൽകമണമെന്നും നിർദേശിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി സത്യവാഘങ്മൂലം നൽകാനും നിർദേശമുണ്ട്. ജൂലൈ 11ന് കേസ് വീണ്ടും പരിഗണിക്കും. മറുപടി നൽകുന്നത് വരെ അയോഗ്യതാ നടപടികൾ നിർത്തി വെച്ചൂടെ എന്ന് ഡെപ്യൂട്ടി സ്പീക്കറോട് ചോദിച്ച കോടതി സത്യവാങ്മൂലം കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്നും നിരീക്ഷിച്ചു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News