വിള്ളൽ വീണ ഹോട്ടൽ പൊളിക്കാൻ അനുവദിക്കില്ല; ജോഷിമഠിൽ പ്രതിഷേധം
ജോഷിമഠിനു പിന്നാലെ കർണപ്രയാഗിലും ഭൂമി ഇടിഞ്ഞുതാഴ്ന്നു
ഉത്തരാഖണ്ഡ്, ജോഷിമഠിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങി. മലരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളും കേടുപാടുകള്‍ സംഭവിച്ച വീടുകളുമാണ് പൊളിച്ചു നീക്കുന്നത്. 678 കെട്ടിടങ്ങൾക്കാണ് വിള്ളലുണ്ടായത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി.ബി.ആർ.ഐ) ഒരു സംഘത്തിന്റെ മേൽനോട്ടത്തിലാണ് പൊളിക്കുന്നത്. നാലായിരത്തിൽ അധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
അതേസമയം, വിള്ളൽ വീണ ഹോട്ടൽ പൊളിക്കാൻ ജില്ലാ ദുരന്തനിവാരണ അതോരിറ്റി ജെസിബിയുമായി എത്തിയെങ്കിലും ഇത് പൊളിക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് ഉടമകൾ. ഇതിനെ തുടർന്ന് പ്രതിഷേധവും ഉണ്ടായിരുന്നു. 80 ശതമാനം വിള്ളൽ കണ്ടെത്തിയ ഹോട്ടലുകളും വീടുകളും പൊളിക്കുക എന്ന നിർദേശം കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചിരുന്നു. സുരക്ഷ ഉറപ്പാക്കട്ടെ എന്നിട്ടാവാം പൊളിക്കൽ എന്നാണ് ജോഷിമഠ് നിവാസികൾ പറയുന്നത്.
ജോഷിമഠിലെ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തെ കുറിച്ച് റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ജോഷിമഠിന് പുറമെ കർണപ്രയാഗിലും വീടുകളിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.
ജോഷിമഠിനെ അപകട മേഖല, ബഫർ സോണ്‍, പൂർണമായും സുരക്ഷിത മേഖല എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ജോഷിമഠിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. പ്രദേശത്തെ 30 ശതമാനം പേരെ ദുരിതം ബാധിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമർപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ചമോലി ജില്ലാ കലക്റ്റര്‍ ഹിമാൻഷു ഖുറാന പറഞ്ഞു.
അതിനിടെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം സംബന്ധിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. സുപ്രധാനമായതെല്ലാം സുപ്രിംകോടതിയിൽ വരേണ്ടതില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ അതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നിലപാട് അറിയിച്ചത്. ഈ മാസം 16ന് ഹരജി പരിഗണിക്കും.
ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള ആസൂത്രിതമല്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് ജോഷിമഠിലെ ആശങ്കാജനകമായ സാഹചര്യത്തിന് കാരണമെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നു. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി) പദ്ധതിയുടെ തുരങ്കങ്ങളിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം മൂന്ന് തവണ കത്തയച്ചതായി പ്രദേശവാസികൾ പറയുന്നു. അതേസമയം എൻ.ടി.പി.സി തങ്ങളുടെ പദ്ധതിയും ജോഷിമഠിലെ സാഹചര്യവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കി.