പാക് ഹിന്ദുക്കൾക്ക് സിഎഎ സർട്ടിഫിക്കറ്റ്; ഇഷ്യൂ ചെയ്യുന്നത് ആർഎസ്എസ് അംഗീകൃത സംഘടന

ജയ്‌സാൽമെറിൽ സൗജന്യ പൗരത്വ അപേക്ഷാ ക്യാമ്പാണ് സംഘടന നടത്തിയത്.

Update: 2024-04-02 06:47 GMT
Editor : abs | By : abs
Advertising

ജയ്പൂർ: രാജസ്ഥാനിൽ പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശികൾക്ക് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് ആർഎസ്എസ് അംഗീകൃത സംഘടന. പാകിസ്താനിൽ നിന്നെത്തിയ ഹിന്ദുക്കൾക്കാണ് ജോധ്പൂരിലെ സീമജാൻ കല്യാൺ സമിതി എന്ന സംഘടന സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യുന്നത്. ഇതിനായി ഇവർ മേഖലയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നതായി ദ ഹിന്ദു റിപ്പോർട്ടു ചെയ്യുന്നു.

ജൈസാൽമെർ, ബാർമർ, ജോധ്പൂർ ജില്ലകളിൽ താമസിക്കുന്ന 330 വിദേശ കുടിയേറ്റക്കാർക്കാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള indiancitizenshiponline.nic.in വെബ്‌സൈറ്റ് വഴിയാണ് ഇവരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി ആറു രാഷ്ട്രങ്ങളിൽനിന്നുള്ള മുസ്‌ലിമേതര 'പീഡിത' സമുദായങ്ങൾക്കാണ് സിഎഎ വഴി ഇന്ത്യൻ പൗരത്വം നൽകുന്നത്. ഇതിനായി അപേക്ഷിക്കുമ്പോൾ 'പ്രാദേശിക കീർത്തിയുള്ള സാമുദായിക സംഘടകൾ' ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സത്യവാങ്മൂലത്തോടൊപ്പം ഈ സർട്ടിഫിക്കറ്റു കൂടി ചേർത്താണ് അപേക്ഷ നൽകേണ്ടത്. ഇതാണ് ഇപ്പോൾ ആർഎസ്എസ് അംഗീകൃത സംഘടന ഇഷ്യൂ ചെയ്തുകൊണ്ടിരിക്കുന്നത്. 

സീമജാൻ കല്യാൺ സമിതി അംഗീകൃത സംഘടനയാണ് എന്നും ത്രിഭുവൻ സിങ് റാത്തോർ എന്ന, ഒരു സംഘടനാ ഭാരവാഹിക്ക് സർട്ടിഫിക്കറ്റിൽ ഒപ്പുവയ്ക്കാനുള്ള യോഗ്യതയുണ്ടെന്നും സമിതി അംഗവും അഭിഭാഷകനുമായ വിക്രം സിങ് രാജ്പുരോഹിത് ദ ഹിന്ദുവിനോട് പറഞ്ഞു. ജോധ്പൂരിൽ മാത്രം 5000-6000 പേർ പൗരത്വത്തിനായി കാത്തുനിൽക്കുകയണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മതപുരോഹിതർക്കും അപേക്ഷ ഇഷ്യൂ ചെയ്യാൻ അനുമതിയുണ്ട്.

ജയ്‌സാൽമെറിൽ സൗജന്യ പൗരത്വ അപേക്ഷാ ക്യാമ്പാണ് സമിതി നടത്തിയത്. ഇതിനായി എത്തിയ അറുപതിലേറെ പേർ തറയിൽ ഇരിക്കുന്ന ചിത്രം സമിതി ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആർഎസ്എസ് മുൻ നേതാക്കളായ കെ.ബി ഹെഗ്‌ഡെവാർ, എംഎസ് ഗോൾവാൾക്കർ എന്നിവരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിലായിരുന്നു ക്യാമ്പ്.

രാജസ്ഥാനിലെ ജോധ്പൂർ, ജെയ്‌സാൽമെർ, ബികാനീർ, ജയ്പൂർ എന്നിവടങ്ങളിൽ 400 പാകിസ്താനി ഹിന്ദു അഭയാർത്ഥി ക്യാമ്പുകളാണുള്ളത്. ഇവിടെ രണ്ടു ലക്ഷം പേർ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. വിവിധ ഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് കുടിയേറിയവരാണിവർ. 

ഇതുവരെ അഹമ്മദാബാദിൽ താമസിക്കുന്ന 18 പാക് ഹിന്ദുക്കൾക്ക് സിഎഎ വഴി ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടുണ്ട്. 

സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാൻ ആർഎസ്എസ് സംഘടനയ്ക്ക് അധികാരം നൽകിയത് ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. ഇന്ത്യയിലെ പൗരന്മാർ ആരാകണം എന്നു തീരുമാനിക്കാൻ സംഘ്പരിവാറിനും ആർഎസ്എസിനും അധികാരം നൽകിയതായി തൃണമൂൽ എംഎൽഎ സാകേത് ഗോഖലെ ആരോപിച്ചു. നേരത്തെ, പ്രാദേശിക പൂജാരികൾക്കും പുരോഹിതർക്കുമാണ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള അധികാരം എന്നാണ് മോദി ഗവൺമെന്റ് പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ രാജസ്ഥാനിൽ ആർഎസ്എസ് യോഗ്യതാ സർട്ടിഫിക്കറ്റിനായി ക്യാമ്പ് നടത്തുകയാണ്. ഏത് അധികാരത്തിന് പുറത്താണ് ആർഎസ്എസിന് ഇത്തരത്തിലുള്ള അനുമതി കിട്ടിയത്?- അദ്ദേഹം ചോദിച്ചു.  

2014 ഡിസംബർ 31 വരെ അയൽ രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അമുസ്‌ലിം കുടിയേറ്റക്കാർക്കാണ് സിഎഎ പ്രകാരം പൗരത്വം നൽകുന്നത്. ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. 2019 ഡിസംബറിലാണ് നിയമം സർക്കാർ പാസാക്കിയത്. എന്നാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നിയമപ്രകാരമുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News