സെന്തിൽ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി; ചെലവുകള്‍ സ്വന്തം നിലക്ക് വഹിക്കണമെന്ന് കോടതി

മന്ത്രിയെ ഇഡിക്ക് താത്പര്യമുള്ള ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിക്കാമെന്നും കോടതി

Update: 2023-06-16 01:02 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ജെ.നിഷ ബാനു, ഡി.ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മന്ത്രിയെ ഇഡിക്ക് താത്പര്യമുള്ള ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിക്കാമെന്നും ആശുപത്രി മാറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും ബാലാജി സ്വന്തം നിലയ്ക്ക് വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുരക്ഷയ്ക്കായി ആശുപത്രിയിൽ 50ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട് .

ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ബൈപാസ് സർജറിക്ക് ബാലാജിയെ വിധേയനാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ചെന്നൈയിലെ ഓമന്ദൂരാർ എസ്റ്റേറ്റിലെ തമിഴ്‌നാട് സർക്കാർ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു മന്ത്രിയെ ആദ്യം പ്രവേശിപ്പിച്ചത്.

ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ്  സെന്തിൽ ബാലാജിയുടെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷൺമുഖം, എം.കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ ജൂണ്‍ 28 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News