കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ; സത്യം കണ്ടെത്തി മുറിവുണക്കണം: സുപ്രീം കോടതി

"ഭരണകൂടവും അല്ലാത്തവരും ചെയ്ത അവകാശ ലംഘനങ്ങളെ മുറിവുണക്കാൻ ആദ്യമായി വേണ്ടത് അക്രമങ്ങൾ ഉണ്ടായി എന്ന് അംഗീകരിക്കലാണ്. സത്യം പറയുന്നതിലൂടെയാണ് അനുരഞ്ജനം ഉണ്ടാവുക.' - ജസ്റ്റിസ് കൗൾ

Update: 2023-12-11 07:15 GMT
Editor : André | By : Web Desk
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിൽ 1980 മുതൽക്കുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠനം നടത്താൻ 'സത്യ, അനുരഞ്ജന' കമ്മീഷനെ നിയോഗിക്കണമെന്ന് സുപ്രിം കോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും വിഭജിച്ചതുമടക്കമുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹരജികളിൽ വിധി പറയവെ ജസ്റ്റിസ് സഞ്ജയ് കിഷൻ ഗൗൾ ആണ് ഇക്കാര്യം ശിപാർശ ചെയ്തത്. ഔദ്യോഗികവും അല്ലാത്തതുമായ വിഭാഗങ്ങളിൽ നിന്ന് അക്രമങ്ങൾ ഉണ്ടായി എന്ന് സമ്മതിക്കുക എന്നതാണ് കശ്മീർ ജനതയുടെ മനസ്സിലെ മുറിവുണക്കുന്നതിന്റെ ആദ്യപടിയെന്നും സത്യം പറയുന്നതിലൂടെ മാത്രമേ അനുരഞ്ജിപ്പിലെത്താൻ കഴിയൂ എന്നും ജസ്റ്റിസ് ഗൗൾ പറഞ്ഞു.

"ഏറ്റവും കുറഞ്ഞത് 1980 മുതൽക്കെങ്കിലും ഭരണകൂടവും അല്ലാത്തതുമായ വിഭാഗങ്ങളിൽ നിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമായി ഒരു നിഷ്പക്ഷ "സത്യ-അനുരഞ്ജന" കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാൻ ശിപാർശ ചെയ്യുന്നു. ഭരണകൂടവും അല്ലാത്തവരും ചെയ്ത അവകാശ ലംഘനങ്ങളെ മുറിവുണക്കാൻ ആദ്യമായി വേണ്ടത് അക്രമങ്ങൾ ഉണ്ടായി എന്ന് അംഗീകരിക്കലാണ്. സത്യം പറയുന്നതിലൂടെയാണ് അനുരഞ്ജനം ഉണ്ടാവുക.'

"മുന്നോട്ടു പോവണമെങ്കിൽ മുറിവുകളും തലമുറകളായി ജനങ്ങൾ അനുഭവിക്കുന്ന മാനസികാഘാതവും പരിഹരിക്കപ്പെടണമെന്നാണ് ഞാൻ ഉപസംഹരിക്കുന്നത്.'

"ഓർമകൾ മായും മുമ്പ് കമ്മീഷൻ രൂപീകരിക്കപ്പെടണം. ഇത് സമയബന്ധിതമായിരിക്കണം. സംവിധാനത്തിൽ വിശ്വാസമില്ലാത്ത ഒരു മുഴുവൻ തലമുറ തന്നെയുണ്ട്. പരമമായ സ്വാതന്ത്ര്യം അവർക്കു നൽകാൻ നാം കടപ്പെട്ടിരിക്കുന്നു." - ജസ്റ്റിസ് കൗൾ പറഞ്ഞു.

സത്യ, അനുരഞ്ജന കമ്മീഷൻ രൂപീകരിക്കുന്ന രീതി, വിഷയത്തിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കേന്ദ്ര സർക്കാറിന് തീരുമാനിക്കാമെന്നും കമ്മീഷൻ ഒരു ക്രിമിനൽ കോടതി പോലെയല്ല, സംവാദത്തിനുള്ള വേദി എന്ന നിലയ്ക്കാണ് പെരുമാറേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജമ്മു കശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ തീരുമാനം സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും കോടതി കേന്ദ്ര സർ്ക്കാറിനോട് ആവശ്യപ്പെട്ടു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News