'കാത്തിരുന്ന് കാണാം'; എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി സോണിയ ഗാന്ധി
'മോദി മീഡിയ പോൾ' എന്നായിരുന്നു രാഹുൽ ഗാന്ധി എക്‌സിറ്റ് പോളിന് നൽകിയ വിശേഷണം
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. പ്രവചനങ്ങളിൽ നിന്ന് നേരെ വിപരീതമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.
മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മവാർഷികത്തിന് ഡൽഹിയിൽ ഡിഎംകെ ആസ്ഥാനത്ത് എത്തിയപ്പോഴാണ് സോണിയ തെരഞ്ഞെടുപ്പിലെ പ്രതീക്ഷ പങ്കുവച്ചത്. എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും ഫലം കാത്തിരുന്ന് കാണാമെന്നും മാത്രമായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ് വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് തുടങ്ങി ഇൻഡ്യ മുന്നണിയിലെ മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഇൻഡ്യ മുന്നണി നേതാക്കളൊക്കെ തന്നെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ തെല്ലും വിശ്വാസമില്ലെന്നാണ് പ്രതികരിച്ചത്. ഇൻഡ്യാ മുന്നണിക്ക് 295 സീറ്റ് ലഭിക്കുമെന്നായിരുന്നു ഇന്നലെ രാഹുൽ ആവർത്തിച്ചത്. മോദി മീഡിയ പോൾ എന്നായിരുന്നു രാഹുൽ എക്‌സിറ്റ് പോളിന് നൽകിയ വിശേഷണം.
വോട്ടെണ്ണലിന് തൊട്ടു മുമ്പ് ബിജെപിക്ക് ഈ വ്യാജ പോൾ നടത്തേണ്ട കാര്യമെന്താണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മാനിക്കുന്നില്ലെന്നും പഞ്ചാബിൽ ബിജെപിക്ക് സീറ്റ് ലഭിക്കില്ലെന്ന് തന്നെയാണ് വിശ്വാസമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അമരീന്ദർ സിങും പ്രതികരിച്ചു.
350-400 വരെ സീറ്റുകൾ നേടി എൻഡിഎ വീണ്ടും അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇൻഡ്യ സഖ്യം 146, മറ്റുള്ളവർ 32 എന്നിങ്ങനെയാണ് എക്‌സിറ്റ് പോൾ ഫലങ്ങളുടെ ദേശീയ ശരാശരി.
എൻ.ഡി.എ 371, ഇൻഡ്യാ സഖ്യം 125 എന്നാണ് ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ പറയുന്നത്. റിപ്പബ്ലിക് ടി.വി എൻ.ഡി.എക്ക് 353-368 സീറ്റുകൾ പ്രവചിക്കുന്നു. എൻ.ഡി.ടി.വി എൻ.ഡി.എക്ക് 365 സീറ്റും ഇൻഡ്യാ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.