ബജ്റംഗ് ദൾ നേതാക്കളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതിന് പിന്നാലെ സൗത്ത് ഗോവ എസ്പിക്ക് സ്ഥലംമാറ്റം
ബജ്റംഗ് ദൾ നേതാക്കളെ കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയതോടെ ഭയപ്പെട്ടാണ് സർക്കാർ സുനിത സാവന്തിനെ സ്ഥലംമാറ്റിയതെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ പറഞ്ഞു.


പനാജി: തീവ്ര ഹിന്ദുത്വസംഘടനയായ ബജ്റംഗ് ദൾ നേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ടതിന് പിന്നാലെ എസ്പിക്ക് സ്ഥലംമാറ്റം. സൗത്ത് ഗോവ എസ്പിയായിരുന്ന സുനിത സാവന്തിനെയാണ് അടിയന്തര ഇടപെടലിലൂടെ സർക്കാർ സ്ഥലംമാറ്റിയത്. തിങ്കളാഴ്ച രാവിലെയാണ് ബജ്റംഗ് ദൾ നേതാക്കളെ കുറിച്ച് അന്വേഷിക്കാൻ സുനിത സാവന്ത് ഉത്തരവിട്ടത്. അർധരാത്രിയോടെ അടിയന്തര വയർലെസ് സന്ദേശത്തിലൂടെ് എസ്പിയെ സ്ഥലംമാറ്റുകയായിരുന്നു.
വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്റംഗ് ദളിന്റെ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് സമർപ്പിക്കാനാണ് സുനിത സാവന്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിവരശേഖരണം ആരംഭിച്ചു. തുടർന്നാണ് വിഎച്ച്പി നേതാക്കളുടെ ഇടപെടലുണ്ടായത്. സുനിത സാവന്തിനെ സൗത്ത് ഗോവയിൽനിന്ന് മാറ്റാൻ ഇവർ സർക്കാരിൽ സമ്മർദം ചെലുത്തുകയായിരുന്നു എന്നാണ് വിവരം. സാധാരണ എസ്പിമാരുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ തലത്തിലാണ് പുറത്തിറങ്ങാറുള്ളത്. എന്നാൽ പൊലീസ് കൺട്രോൾ റൂമിൽനിന്നുള്ള വയർലെസ് സന്ദേശത്തിലൂടെയാണ് സുനിത സാവന്തിനോട് എസ്പി സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത്.
സുനിത സാവന്തിന്റെ സ്ഥലംമാറ്റം സാധാരണ നടപടിക്രമം മാത്രമാണെന്നും അവരോട് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം ബജ്റംഗ് ദൾ നേതാക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടതിനാണ് എസ്പിയെ അടിയന്തരമായി സ്ഥലംമാറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചു. സംസ്ഥാന ഭരണത്തിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ അജണ്ട നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് എസ്പിയുടെ സ്ഥലംമാറ്റമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സർക്കാർ തീരുമാനമാണെന്നായിരുന്നു ഡിജിപി അലോക് കുമാറിന്റെ പ്രതികരണം.
സമീപകാലത്ത് ഗോവയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടായ നിരവധി അതിക്രമങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ സംഘടനയായ ബജ്റംഗ് ദൾ ആണെന്ന് ആരോപണമുയർന്നിരുന്നു. കഴിഞ്ഞ മാസം സൗത്ത് ഗോവയിലെ സൻവോർഡെം ഗ്രാമത്തിൽ ബജ്റംഗ് ദൾ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ തെലങ്കാന എംഎൽഎ ടി. രാജാ സിങ് പങ്കെടുത്തിരുന്നു. എസ്പിയെ സ്ഥലംമാറ്റിയത് അറിയില്ലെന്നും സംഘടനയെക്കുറിച്ച് പൊലീസ് ഇതുവരെ വിവരങ്ങളൊന്നും തേടിയിട്ടില്ലെന്നും ഗോവ ബജ്റംഗ് ദൾ കൺവീനർ വിരാജ് ദേശായ് പറഞ്ഞു.
ബജ്റംഗ് ദൾ നേതാക്കളെ കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയതോടെ ഭയപ്പെട്ടാണ് സർക്കാർ സുനിത സാവന്തിനെ സ്ഥലംമാറ്റിയതെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ പറഞ്ഞു. ബിജെപിക്ക് ഭരണത്തിൽ താത്പര്യമില്ലെന്നും പ്രത്യയശാസ്ത്ര സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനായി ആത്മാർഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. നിയമം നടപ്പാക്കുന്നതിന് പകരം ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി ഗോവ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും പട്കർ ആരോപിച്ചു.