ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്നും ഇറക്കിവിട്ട ആദിവാസി യുവതിയുടെ വീട്ടിലെത്തി സ്റ്റാലിന്‍

ചെങ്കല്‍പേട്ട് ജില്ലയില്‍ നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ എത്തിയപ്പോഴാണ് അശ്വതി എന്ന യുവതിയുടെ വീട് സന്ദര്‍ശിച്ചത്

Update: 2021-11-05 06:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

താഴ്ന്ന ജാതിയുടെ പേരില്‍ ക്ഷേത്രത്തിലെ അന്നദാന ചടങ്ങില്‍ നിന്നും ഇറക്കിവിട്ട ആദിവാസി യുവതിയുടെ വീട്ടിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ചെങ്കല്‍പേട്ട് ജില്ലയില്‍ നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ എത്തിയപ്പോഴാണ് അശ്വതി എന്ന യുവതിയുടെ വീട് സന്ദര്‍ശിച്ചത്.

അശ്വതിയുടെ വീട്ടിലെത്തിയ സ്റ്റാലിന്‍ മറ്റു കുടുംബങ്ങളുമായും സംവദിക്കുകയും അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പരാതികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനങ്ങളും മുഖ്യമന്ത്രി സ്വീകരിച്ചു. റോഡുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവരുടെ ജീവിതസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും സ്റ്റാലിന്‍ ഉറപ്പുനല്‍കി.

പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും സ്റ്റാലിന്‍ വിതരണം ചെയ്തു. പ്രദേശത്ത് 4.53 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ മടങ്ങിയത്. 81 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി, 21 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ്, ഇരുള വിഭാഗത്തിലെ 88 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, വീട്, സ്‌കൂളില്‍ ക്ലാസ് മുറികള്‍, അംഗനവാടി എന്നിവ നിര്‍മിക്കാനുള്ള തുക എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

രണ്ടാഴ്ച മുമ്പാണ് അന്നദാനം നടന്ന മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍നിന്ന് അശ്വനിയെയും കൈക്കുഞ്ഞിനേയും ഇറക്കിവിട്ടത്. നരിക്കുറവര്‍ വിഭാഗത്തില്‍ പെട്ടവര്‍ പന്തിയില്‍ ഇരിക്കാന്‍ പാടില്ലെന്നായിരുന്നു ക്ഷേത്ര അധികൃതരുടെ വാദം. ഇതില്‍ പ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട ദേവസ്വം മന്ത്രി പി.കെ ശേഖര്‍ ബാബു ക്ഷേത്രത്തിലെത്തി അശ്വനിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നു. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News