ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി
സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി.


ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി.
യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്‍ രംഗത്ത് എത്തിയിരുന്നു. അലഹബാദ് ഹൈക്കോടതിയെന്താ ചവറ്റുകുട്ടയാണോ എന്ന് ബാർ അസോസിയേഷൻ ചോദിച്ചിരുന്നു.
അഴിമതി അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് വർമയെ അദ്ദേഹത്തിന്റെ ജന്മനാട്ടിലെ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനം അമ്പരപ്പിച്ചെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം യശ്വന്ത് വർമ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നേരത്തെ മാറ്റിയിരുന്നു. ഡൽഹി ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്ന ജഡ്ജിമാരിൽ യശ്വന്ത് വർമയുടെ പേരുമുണ്ടായിരുന്നു. ഇതിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ജസ്റ്റിസ് വർമ്മയ്ക്ക് തൽക്കാലം ഒരു ജുഡീഷ്യൽ ജോലിയും നൽകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഖന്ന ശുപാർശ ചെയ്തതിനെ തുടർന്നാണ് തീരുമാനം.
മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. തീപ്പിടിത്തം ഉണ്ടായതിനെ തുടർന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജഡ്ജിയുടെ വീട്ടിൽ എത്തിയിരുന്നത്.
Watch video Report