‘സമാധാനവും ഐക്യവും ഉറപ്പാക്കണം’; സംഭൽ മസ്ജിദ് സർവേ കേസിൽ സുപ്രിംകോടതി

‘നമ്മൾ തികച്ചും നിഷ്പക്ഷരായിരിക്കുകയും തെറ്റുകൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം’

Update: 2024-11-29 11:13 GMT
Advertising

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ സംഭൽ ജമാമസ്ജിദ് സർവേയുമായി ബന്ധപ്പെട്ട കേസിൽ സമാധാനവും ഐക്യവും നിലനിർത്താൻ നിർദേശിച്ച് സുപ്രിംകോടതി. സാമുദായിക മതസൗഹാർദത്തിനായുള്ള മധ്യസ്ഥ നിയമത്തിലെ സെക്ഷൻ 43 പ്രകാരം ഉത്തർ പ്രദേശ് സർക്കാർ സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി വാക്കൽ നിർദേശിച്ചു.

മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സംഭൽ ഷാഹി ജമാമസ്ജിദ് കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പുരാവസ്തു സർവേ തടഞ്ഞ കോടതി സർവേ റിപ്പോർട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാനും നിർദേശിച്ചു.

‘സമാധാനവും ഐക്യവും നിലനിർത്തണം. ഒന്നും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജില്ലാ ഭരണകൂടം സമാധാന സമിതികൾ രൂപീകരിക്കേണ്ട പുതിയ മധ്യസ്ഥ നിയമത്തിന്റെ 43ാം വകുപ്പ് കാണുക. എല്ലാ വിഭാഗത്തിലെയും ആളുകൾ അതിൽ വേണം, അതിനെ മാത്രം ആശ്രയിക്കുക. നമ്മൾ തികച്ചും നിഷ്പക്ഷരായിരിക്കുകയും തെറ്റുകൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം’ -ബെഞ്ച് വ്യക്തമാക്കി.

ഇക്കാര്യം സമ്മതിച്ച് അഡീഷനൽ സോളിസ്റ്റർ ജനറലും മറുപടി നൽകി. ഈ കാര്യങ്ങളുടെയെല്ലാം പേരിൽ അനിഷ്ടകരമായ ഒന്നും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എഎസ്ജി വ്യക്തമാക്കി.

സർവേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് സുപ്രിംകോടതി നിർദേശിച്ചു. ഹരജി ഹൈക്കോടതിയിൽ ലിസ്റ്റ് ചെയ്യുന്നത് വരെ വിചാരണ കോടതിയിൽ തുടർനടപടി പാടില്ലെന്നും വ്യക്തമാക്കി.

മുഗൾ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുമ്പ് ഇവിടെയുണ്ടായിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭൽ ജില്ലാ-സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കർ ജെയിൻ ഉൾപ്പെടെ എട്ടുപേരാണ് പരാതിക്കാർ. ഇവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 19ന് സംഭൽ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേക്ക് അനുമതി നൽകിയത്. അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സർവേ നടത്താനായിരുന്നു നിർദേശം. തുടർന്ന് അധികൃതർ സർവേ നടത്താനെത്തിയപ്പോൾ വലിയ പ്രതിഷേധം ഉയരുകയും പൊലീസ് ഇവർക്കുനേരെ വെടിവെക്കുകയും ചെയ്തു. സംഭവത്തിൽ ആറുപേരാണ് മരിച്ചത്.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News