കുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
കേസിൽ വ്യാഴാഴ്ച വാദംകേൾക്കും. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചിരുന്നു


ന്യൂഡല്‍ഹി: കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. കേസിൽ നാളെ വാദംകേൾക്കും. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഇന്നലെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.
ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. അതേസമയം അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ ആരംഭിച്ചപ്പോഴേക്കും ജഡ്ജി തടയുകയായിരുന്നു. കോടതിയില്‍ പ്രഭാഷണം വേണ്ടെന്നായിരുന്നു ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞത്. തുടര്‍ന്ന് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. പിന്നാലെയാണ് സുപ്രിംകോടതി ഇന്ന് കേസ് എടുത്തിരിക്കുന്നത്.
അതേസമയം അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്നു കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സുപ്രിംകോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നായിരുന്നു കേന്ദ്രമന്ത്രിയും മറ്റു വനിതാ നേതാക്കളും ആവശ്യപ്പെട്ടിരുന്നത്.