റീൽസെടുത്ത് വൈറലാകാൻ റെയിൽവേ ട്രാക്കിൽ ഥാർ കയറ്റി; എതിരെ ട്രെയിൻ, പിന്നീട് സംഭവിച്ചത്...
ട്രെയിൻ വരുന്നത് കണ്ട് വാഹനം പാളത്തിൽ നിന്ന് മാറ്റാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ട്രാക്കിനിടയിൽ പെട്ടുപോവുകയായിരുന്നു
ജയ്പൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ എസ്യുവി ഓടിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇയാൾ തന്റെ മഹീന്ദ്ര ഥാർ റെയില്‍വേ ട്രാക്കിലേക്ക് കയറ്റിയത്. ഇതേ പാളത്തിലൂടെ ഗുഡ്സ് ട്രെയിൻ വന്നെങ്കിലും ലോക്കോപൈലറ്റ് കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്.
ട്രെയിൻ വരുന്നത് കണ്ട് ഥാർ പാളത്തിൽ നിന്ന് മാറ്റാൻ വാഹനമുടമ ശ്രമിച്ചെങ്കിലും ട്രാക്കിനിടയിൽ പെട്ടുപോവുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ ആളപായമുണ്ടായില്ല. തുടർന്ന്, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് വാഹനം ട്രാക്കിന് പുറത്തെത്തിക്കാന്‍ സഹായിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
വാഹനം ട്രാക്കിൽ നിന്ന് പുറത്തെടുത്തതിന് പിന്നാലെ ഇരുപത് മീറ്ററോളം റിവേഴ്സെടുത്ത് ഡ്രൈവർ വണ്ടി നിർത്താതെ പോവുകയായിരുന്നു. ഇതിനിടെ വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാഹനമുടമയെ പൊലീസ് പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു.