വിനോദ് കെ. ജോസ് 'ദി കാരവൻ' വിട്ടു

2009 മുതൽ 'ദി കാരവൻ' മാഗസിൻ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു

Update: 2023-01-31 08:29 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് കെ. ജോസ് 'ദി കാരവൻ' മാഗസിനില്‍നിന്ന് രാജിവച്ചു. 2009 മുതൽ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് രാജിവിവരം അറിയിച്ചത്.

14 വർഷത്തോളമായി കാരവന്റെ പത്രാധിപ സംഘത്തെ നയിച്ചിരുന്നത് വിനോദാണ്. കോമൺവെൽത്ത് ഗെയിംസ് അഴിമതി, അമിത് ഷായ്‌ക്കെതിരായ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, അദാനി കോൽഗേറ്റ് അഴിമതി, അമിത് ഷായുടെ മകൻ ജയ് ഷായുടെ ബാങ്ക് ലോൺ തട്ടിപ്പ്, ഹിന്ദുത്വ ഭീകരവാദ ശൃംഖലകൾ തുടങ്ങി ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ 'കാരവൻ' പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ കീഴിലായിരുന്നു.

ഒരു പ്രമുഖ പ്രസാധകർക്കായി ഏറ്റെടുത്ത പുസ്തകത്തിന്റെ എഴുത്ത് പൂർത്തിയാക്കുകയാണ് ആദ്യത്തെ ലക്ഷ്യമെന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ വിനോദ് പറഞ്ഞു. ജേണലിസം റിപ്പോർട്ടിങ് രംഗത്ത് കൂടുതൽ സജീവമാകാനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Full View

വയനാട് സ്വദേശിയാണ് വിനോദ് കെ. ജോസ്. മണിപ്പാൽ സർവകലാശാലയിൽനിന്ന് കമ്മ്യൂണിക്കേഷനിലും കൊളംബിയ സർവകലാശാലയിൽനിന്ന് ജേണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് മാധ്യമ സാമൂഹികശാസ്ത്രത്തിൽ പി.എച്ച്.ഡിയും പൂർത്തിയാക്കി. നിലവിൽ ഹാർവാഡ് സർവകലാശാലയിൽ റാഡ്ക്ലിഫ് ഫെലോയാണ്. കാരവനിൽ ചേരുന്നതിനുമുൻപ് ഇന്ത്യൻ എക്‌സ്പ്രസ്, എൻ.പി.ആർ, ബി.ബി.സി, പസിഫിക്ക റേഡിയോ എന്നിവയ്ക്കായി ഫ്രീലാൻസ് റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പസിഫിക് റേഡിയോ ഗ്രൂപ്പ് പ്രൊഡ്യൂസറുമായിരുന്നു.

Summary: The Caravan Magazine's Executive Editor Vinod K Jose resigns

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News