വോട്ടുയന്ത്രം അൺലോക്ക് ചെയ്യാനുള്ള ഫോൺ എൻ.ഡി.എ സ്ഥാനാർഥിയുടെ ബന്ധുവിന്റെ​ കൈവശം; രണ്ടുപേർക്കെതിരെ കേസ്

48 വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർഥി മണ്ഡലത്തിൽ വിജയിച്ചത്

Update: 2024-06-16 06:53 GMT

രവീന്ദ്ര വൈക്കർ

Advertising

മുംബൈ: വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ ശിവസേന സ്ഥാനാർഥി രവീന്ദ്ര വൈക്കറിന്റെ ബന്ധു, പോളിങ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഫോൺ ഉപയോഗിച്ച മ​ങ്കേഷ് പണ്ഡിൽകാർ, ഇദ്ദേഹത്തിന് ഫോൺ നൽകാൻ സഹായിച്ച പോളിങ് ഉദ്യോഗസ്ഥൻ ദിനേശ് ഗൗരവ് എന്നിവർക്കെതിരെയാണ് കേസ്. ഫോൺ ഉപയോഗത്തിനെതിരെ ഭാരത് ജൻ ആധാർ പാർട്ടി പ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്.

ശിവസേനയിലെ ഇരുവിഭാഗങ്ങൾ തമ്മിലായിരുന്നു ഇവിടെ മത്സരം. എൻ.ഡി.എയോടൊപ്പമുള്ള ഏക്നാഥ് ഷി​ണ്ഡെ വിഭാഗം ശിവസേനയുടെ രവീന്ദ്ര വൈക്കറാണ് വിജയിച്ചത്. 48 വോട്ടിനാണ് ഉദ്ധവ് വിഭാഗം ശിവസേനയിലെ അമുൽ കീർത്തികാറിനെ ഇദ്ദേഹം പരാജയപ്പെടുത്തിയത്.

സ്വതന്ത്ര സ്ഥാനാർഥി ലത ഷിൻഡെയുടെ പ്രതിനിധിയായിട്ടാണ് പണ്ഡിൽകാർ ​പോളിങ് സ്റ്റേഷനിലെത്തുന്നത്. വോ​ട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ ഇദ്ദേഹത്തിന് അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വോട്ടുയന്ത്രവുമായി ബന്ധിപ്പിച്ചിരുന്ന ഫോണാണ് ഇയാൾ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ മനസ്സിലായതായി വൻരായി ​പൊലീസ് അറിയിച്ചു. പോസ്റ്റൽ ബാലറ്റ് സംവിധാനം അൺലോക്ക് ചെയ്യാൻ ഈ ഫോൺ ഉപയോഗിച്ചാണ് ഒ.ടി.പി ജനറേറ്റ് ചെയ്തിട്ടുള്ളതെന്നും ​പൊലീസ് വ്യക്തമാക്കി.

മൊബൈൽ ഫോണിലെ ഡാറ്റകളും വിരലടയാളങ്ങളും കണ്ടെത്താനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോൺകോളുകളുടെ വിവരങ്ങളും പരിശോധിക്കും. മറ്റെന്തെല്ലാം ആവശ്യങ്ങൾക്കാണ് ഫോൺ ഉപയോഗിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, ആരാണ് മൊബൈൽ ഫോൺ എത്തിച്ചുനൽകിയതെന്ന് എന്നീ കാര്യങ്ങളും അന്വേഷിക്കും.

ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷമാണ് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനത്തിലെ വോട്ടുകൾ എണ്ണിയത്. പോസ്റ്റൽ ബാലറ്റ് സംവിധാനം അൺലോക്ക് ചെയ്യാനായി പ്രസ്തുത ഫോൺ ഉപയോഗിച്ചാണ് പോളിങ് ഉദ്യോഗസ്ഥൻ ഒ.ടി.പി ജനറേറ്റ് ചെയ്തത്. ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുമ്പോൾ ഇൻഡ്യാ മുന്നണി സ്ഥാനാർഥി അമുൽ കീർത്തികാർ വളരെ മുന്നിലായിരുന്നു. എന്നാൽ, പോസ്റ്റൽ ബാലറ്റ് എണ്ണാൻ തുടങ്ങിയതോടെ ഭൂരിപക്ഷം കുറയുകയും അവസാനം എൻ.ഡി.എ സ്ഥാനാർഥി 48 വോട്ടിന് ജയിക്കുകയുമായിരുന്നു.

പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്ന് ഇൻഡ്യാ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കമ്മീഷൻ തള്ളി. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

85 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ അനുമതി നൽകിയതിനാൽ ഇത്തവണ പോസ്റ്റൽ വോട്ടുകളുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇൻഡ്യാ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 2019 വരെ പോസ്റ്റൽ വോട്ടുകൾ എണ്ണി പൂർത്തിയായ ശേഷമായിരുന്നു ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിയിരുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News