കോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കി; ത്രിപുരയിൽ സി.പി.എം എം.എൽ.എ ബിജെപിയിൽ ചേർന്നു
എം.എല്‍.എ പാര്‍ട്ടി വിട്ട കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥിരീകരിച്ചു
അഗര്‍ത്തല: ത്രിപുരയിൽ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കൈലാഷഹർ അസംബ്ലി മണ്ഡലത്തിലെ എം.എൽ.എ മൊബാഷർ അലി ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നത്. മൊബാഷർ സി.പി.എം വിട്ട കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സ്ഥിരീകരിച്ചു.
അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ താഴെയിറക്കാൻ സി.പി.എമ്മും കോൺഗ്രസും തമ്മിൽ ത്രിപുരയിൽ ധാരണയിലെത്തിയിരുന്നു. ഇതു പ്രകാരം കൈലാഷഹർ മണ്ഡലം സി.പി.എം കോൺഗ്രസിന് വിട്ടുനൽകി. ഇതിന് പിറകെയാണ് പാർട്ടിയിൽ സീറ്റിനെ ചൊല്ലി പ്രശ്‌നങ്ങൾ ഉടലെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിരജിത് സിൻഹയാണ് ഇക്കുറി ഇവിടെ മത്സരിക്കുക.
മൊബാഷിറിനെ പോലെ ഒരാൾ ബി.ജെ.പിയിൽ ചേർന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹത്തോട് ആലോചിച്ച ശേഷമാണ് കോൺഗ്രസിന് സീറ്റ് വിട്ടുനൽകിയത് എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.
''ഇത്തവണ മത്സരിക്കില്ലെന്ന് മൊബാഷിർ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. പെട്ടെന്നാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നെന്ന വാർത്ത പുറത്തുവരുന്നത്. ഇത് ദൗർഭാഗ്യകരമാണ്. മൊബാഷിറിനെ സി.പി.എമ്മിൽ നിന്ന് ആരും പിന്തുണക്കില്ല''- ജിതേന്ദ്ര ചൗധരി പറഞ്ഞു.