'മോദിയുടെ എന്റെ പാർലമെന്റ്, എന്റെ അഭിമാനം' ട്വീറ്റ്, മുംബൈ- ഗുജറാത്ത് പോരാട്ടം, 'കോട്ട് അപ്പ്' ഗാനം; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ
പുതിയ പാർലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് പ്രധാനമന്ത്രി ക്യാമ്പയിന് തുടക്കമിട്ടത്.
ന്യൂഡല്‍ഹി: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം അടുത്ത ദിവസം നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട പുതിയ ഹാഷ്ടാഗ് ക്യാമ്പയിൻ മുതൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ ജന്മദിന വാർഷികവും ഗായിക അനന്യ ബിർളയുടെ പുതിയവീഡിയോ ഗാനവും മുംബൈ- ഗുജറാത്ത് രണ്ടാം ക്വാളിഫെയർ പോരാട്ടവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന് ട്വിറ്ററിനെ സജീവമാക്കിയത്. അവയിൽ പ്രധാനപ്പെട്ടവ നോക്കാം.
1. 'എന്റെ പാർലമെന്റ് എന്റെ അഭിമാനം'
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പുതിയ ട്വിറ്റർ ഹാഷ്ടാഗ് ക്യാമ്പയിനാണ് 'എന്റെ പാർലമെന്റ് എന്റെ അഭിമാനം'. പുതിയ പാർലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് പ്രധാനമന്ത്രി ക്യാമ്പയിന് തുടക്കമിട്ടത്. എല്ലാവരോടും പുതിയ പാർലമെന്റ് ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ അഭ്യർഥിച്ചാണ് മോദിയുടെ ട്വീറ്റ്.
സ്വന്തം ശബ്ദത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാമെന്നും മോദി പറഞ്ഞു. പാർലമെന്റ് ഉദ്ഘാടനം ബിജെപി വൻ ആഘോഷമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഹാഷ്ടാഗ് ക്യാമ്പയിൻ. പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് ഉൾപ്പെടെയുള്ള 20ഓളം പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. മെയ് 28ന് രണ്ട് ഘട്ടമായാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുക.
2. മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ്
ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സുമായി ആര് ഏറ്റുമുട്ടുമെന്ന് അറിയാനുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നു.
മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസുമാണ് രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടുന്നത്. ഗുജറാത്തിലെ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ മുംബൈ ഇന്ത്യൻ ഗുജറാത്തിനെ ബാറ്റിങ്ങിന് അയച്ചു.
ഗുജറാത്തിനെ തകർത്ത് ഒരിക്കൽ കൂടി ചെന്നൈ- മുംബൈ സ്വപ്ന ഫൈനലിന് അരങ്ങൊരുങ്ങുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. രണ്ടു ടീമുകളും മികച്ച ഫോമിലാണെന്നതു കൊണ്ട് ഇന്നത്തെ മത്സരത്തിൽ തീ പാറുമെന്നുറപ്പാണ്. ശക്തരായ ഇരു ടീമുകളും ഒരിക്കൽക്കൂടി കൊമ്പുകോർക്കുമ്പോൾ തീപാറുന്ന പോരാട്ടത്തിനാവും അഹമ്മദാബാദ് സാക്ഷിയാവുക.
3. അനന്യ ബിർള- കോട്ട് അപ്പ്
ഗായിക അനന്യ ബിർളയുടെ പുതിയ വീഡിയോ സോങ് റിലീസായിരിക്കുകയാണ്. കോട്ട് അപ്പ് എന്ന പേരിൽ ഇറങ്ങിയിരിക്കുന്ന വീഡിയോ സോങ്ങിനെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പാട്ടിന്റെ യൂട്യൂബ് ലിങ്ക് പങ്കുവച്ചാണ് ട്വീറ്റുകൾ. യൂ നോ അയാം കോട്ട് അപ്പ് എന്ന് തുടങ്ങുന്ന ഗാനം അനന്യ ബിർള തന്നെയാണ് ആലാപിച്ചിരിക്കുന്നത്.
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ മൂത്ത മകളായ അനന്യ ബിർള 2017ൽ കോളേജ് പഠനം ഉപേക്ഷിച്ചതിന് ശേഷമാണ് ഗാനരംഗത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന് തന്റെ ആദ്യ ഇംഗ്ലീഷ് സംഗീത ആൽബം ലിവിൻ ദ ലൈഫ് പുറത്തിറക്കി. 2018ൽ അനന്യയുടെ ശബ്ദത്തിൽ ഹോൾഡ് ഓൺ ആൻഡ് സർക്കിൾസ് എന്ന പേരിൽ രണ്ട് സംഗീത സിംഗിൾസ് പുറത്തിറങ്ങി. തുടർന്ന്, ബെറ്റർ (2019), എവർബോഡിസ് ലോസ്റ്റ് (2020), ഗിവ് മീ അപ്പ് (2021), ഡെനി മി (2021) തുടങ്ങിയ നിരവധി സംഗീത ആൽബങ്ങളിൽ അനന്യ ശബ്ദം നൽകി.
4. വിലാസ് റാവു ദേശ്മുഖ് 78
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ 78ാം ജന്മദിന വാർഷികമാണ് ട്വിറ്ററിലെ മറ്റൊരു ട്രെൻഡിങ്. കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. മുൻ കേന്ദ്ര ഗ്രാമവികസന മന്ത്രി, പഞ്ചായത്തി രാജ് മന്ത്രി, ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രി, മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ് വകുപ്പ് മന്ത്രി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായിരുന്നു. 1999- 2003, 2004- 2008 കാലഘട്ടങ്ങളിലാണ് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ നിന്നുള്ള ദേശ്മുഖ് വൃക്കയും കരളും തകരാറിലായതിനെ തുടർന്ന് 2012 ഓഗസ്റ്റ് 14ന് ചെന്നൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ വച്ചാണ് അന്തരിക്കുന്നത്. പ്രശസ്ത ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിന്റെ പിതാവാണ്.
5. അഹമ്മദാബാദ്
ഐപിഎൽ രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് വേദിയാവുകയാണ് അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസുമാണ് രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടുന്നത്. ഗുജറാത്തിനെ തകർത്ത് ഒരിക്കൽ കൂടി ചെന്നൈ- മുംബൈ സ്വപ്ന ഫൈനലിന് അരങ്ങൊരുങ്ങുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. രണ്ടു ടീമുകളും മികച്ച ഫോമിലാണെന്നതു കൊണ്ട് ഇന്നത്തെ മത്സരത്തിൽ തീപ്പാറുമെന്നുറപ്പാണ്.
ഗുജറാത്ത് കഴിഞ്ഞ സീസണിലെ ഫോം തുടരുമ്പോൾ മോശം തുടക്കത്തിനുശേഷം ഗംഭീര തിരിച്ചുവരവാണ് മുംബൈ നടത്തുന്നത്. ഇതിനുമുൻപ് രണ്ട് ടീമുകളും മൂന്നു മത്സരങ്ങളില്‍ നേർക്കുനേർ വന്നപ്പോൾ രണ്ടു തവണയും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. മറ്റ് ടീമുകൾക്കുമേലെല്ലാം കൃത്യമായ മേധാവിത്വം പുലർത്തുന്ന ഗുജറാത്ത് മുംബൈയ്ക്ക് മുന്നിൽ മാത്രമാണ് പതറിയിട്ടുള്ളത്. അതേസമയം, ബാറ്റിങ്ങിലും ഫീൽഡിലും ബൗളിങ്ങിലും ഒരുപോലെ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന കരുത്ത് തന്നെയാകും ഗുജറാത്തിന്റെ ആത്മവിശ്വാസം.
6. ഹിഡിംഭ ട്രെയ്ലർ
അശ്വിൻ ബാബുവും നന്ദിത ശ്വേതയും കേന്ദ്ര-കഥാപാത്രങ്ങളാവുന്ന തെലുങ്ക് ചിത്രം ഹിഡിംഭയുടെ ട്രെയ്ലർ റിലീസായിരിക്കുന്നു. ചിത്രത്തിന്റെ 2.16 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. എസ്ഡിടിഫോർഹിഡിഭ എന്ന ഹാഷ്ടാഗിലാണ് ട്രെയ്ലർ ട്വിറ്ററിൽ ട്രെൻടിങ്ങായിരിക്കുന്നത്.
ആക്ഷനും സസ്പെൻസും ത്രില്ലിങ്ങും നിറഞ്ഞതാണ് ചിത്രമെന്ന് വ്യക്തമാക്കുന്ന ട്രെയ്ലറിന്റെ റീലീസ് ആഘോഷമാക്കിയിരിക്കുകയാണ് അശ്വിൻ ബാബു ആരാധകർ. മെയ് 23ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. അനീൽ കണ്ണേഗണ്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ എസ്.വി.കെ സിനിമാസിനൊപ്പം ശ്രീധർ ഗംഗപട്ടണവും ചേർന്നാണ് നിർമിക്കുന്നത്.