തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ മോഷണം; ബിഹാർ സ്വദേശികളായ പ്രതികളെ പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടി
പണവും സ്വർണ ബിസ്കറ്റും കള്ളന്മാർ മോഷ്ടിച്ചു
കൊൽക്കത്ത: തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക മല്ലുവിന്റെ വീട്ടിൽ വൻ മോഷണം. 2.2 ലക്ഷം രൂപ, 100 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്കറ്റ്, ബ്രിട്ടീഷ് പൗണ്ട്, ദിർഹം, സ്വിസ് ഫ്രാങ്ക് എന്നിവയാണ് മല്ലുവിന്റെ വീട്ടിൽ നിന്ന് മോഷണം നടന്നത്. മോഷണം നടത്തിയ ബിഹാർ സ്വദേശികളായ പ്രതികളെ പശ്ചിമബംഗാളിൽ നിന്ന് പൊലീസ് പിടികൂടി.
റോഷൻ കുമാർ മണ്ഡാൽ, ഉദയ് കുമാർ താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. ബംഗാളിലെ ഖരക്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇവർ പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ ചുറ്റിതിരിയുന്ന ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്. ഇവരിൽ നിന്ന് തൊണ്ടിമുതലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഭട്ടി വിക്രമാർകയുടെ വീട്ടിൽ മോഷണം നടത്തിയതിന് പുറമെ മറ്റ് പലയിടങ്ങളിലും പ്രതികൾ മോഷണം നടത്തിയിരുന്നു. ഭട്ടി വിക്രമാർക വീട്ടിലില്ലാത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ മോഷണം നടത്തിയത്.