പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം; യുപിയിൽ 28കാരൻ കുഴഞ്ഞുവീണ് മരിച്ചു
ബുലന്ദ്ഷഹറിലെ മദൻപൂർ ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.


ലഖ്നൗ: യുപിയിൽ പ്രഭാത നടത്തത്തിനിടെ 28കാരൻ കുഴഞ്ഞുവീണ് മരിച്ചു. ബുലന്ദ്ഷഹറിലെ മദൻപൂർ സ്വദേശിയും രാഷ്ട്രീയ ലോക്ദൾ പാർട്ടി പ്രവർത്തകനുമായ അമിത് ചൗധരിയാണ് മരിച്ചത്. മദൻപൂർ ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.
പ്രഭാത നടത്തത്തിന്റെ ഇടവേളയിൽ റോഡിൽ നിൽക്കവെ ഹൃദയാഘാതം അനുഭവപ്പെടുകയും പൊടുന്നനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അമിത് റോഡരികിൽ തന്റെ വീടിനു പുറത്ത് നിൽക്കുന്നതും ഈ സമയം എതിർദിശയിലൂടെ വരുന്നയാൾ തോളത്തുതട്ടി സൗഹൃദം പങ്കിട്ട് പോവുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന്, അമിത് റോഡിന്റെ മറുവശത്തേക്ക് തിരിയുന്നതും ശാരീരിക ബുദ്ധിമുട്ട് തോന്നി മതിലിൽ താങ്ങിനിൽക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയും താഴെ വീഴുകയുമായിരുന്നു.
അമിത് കുഴഞ്ഞുവീണതിനെത്തുടർന്ന് ഒരാൾ അയാളുടെ അടുത്തേക്ക് ഓടിവരികയും അയാളും മറ്റ് ചിലരും ചേർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു.