കർണാടക നിയമസഭ യുടി ഖാദർ നയിക്കും; സ്പീക്കറാകുന്ന ആദ്യ മുസ്‌ലിം-ന്യൂനപക്ഷ വിഭാഗക്കാരൻ
യു.ടി. ഖാദർ സ്പീക്കറായതോടെ മന്ത്രിയായ കെ.ജെ. ജോർജിന് പുറമെ മറ്റൊരു മലയാളികൂടി ഭരണത്തലപ്പത്തേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്
ബെംഗളൂരു: യുടി ഖാദറിനെ കർണാടക നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തു. കർണാടകയിൽ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം-ന്യൂനപക്ഷ വിഭാഗക്കാരനാണ് ഇദ്ദേഹം. ദക്ഷിണ കന്നഡ ജില്ലയിലെ ബെംഗളൂരു മണ്ഡലത്തിൽ നിന്നാണ് യുടി ഖാദർ വിജയിച്ചത്.
നിലപാടുകൊണ്ടും ഇടപെടൽകൊണ്ടും കർണാടക കോൺഗ്രസിലെ ന്യൂനപക്ഷ മുഖമായി അറിയപ്പെടുന്ന നേതാവാണ് യു.ടി ഖാദർ. കാവിക്കോട്ടയായ ദക്ഷിണ കന്നടയിൽ കോൺഗ്രസ് വേരിളകാതെ കാത്ത യു.ടി. ഖാദർ ഇത്തവണയും ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് 22790 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. മംഗളൂരുവിൽനിന്ന് തുടർച്ചയായി അഞ്ചുതവണ നിയമസഭയിലെത്തിയ അദ്ദേഹം, 2013ലെ സിദ്ധരാമയ്യ സർക്കാറിൽ ഭക്ഷ്യമന്ത്രിയായിരുന്നു. 2022ൽ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുക്കപ്പെട്ടു.
യു.ടി. ഖാദർ സ്പീക്കറാവുന്നതോടെ മന്ത്രിയായ കെ.ജെ. ജോർജിന് പുറമെ മറ്റൊരു മലയാളികൂടി ഭരണത്തലപ്പത്തേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കാസർകോട് ഉപ്പള പള്ളം സ്വദേശിയായിരുന്ന പിതാവ് യു.ടി. ഫരീദ് 1972, 1978, 1999, 2004 തെരഞ്ഞെടുപ്പുകളിൽ ഉള്ളാൾ മണ്ഡലത്തിൽനിന്ന് (ഇപ്പോൾ മംഗളൂരു) എം.എൽ.എയായിരുന്നു. 2007ൽ പിതാവിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് മുതൽ യു.ടി. ഖാദറും മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നു.
കർണാടകയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിമാണ് യു.ടി. ഖാദർ. 135 കോൺഗ്രസ് എം.എൽ.എമാരും എസ്.കെ.പി അംഗവും സ്വതന്ത്ര അംഗവും ഉൾപ്പെടെ 137 പേരുള്ള ഭരണപക്ഷ സ്ഥാനാർഥിയായാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. ബി.ജെ.പിക്ക് 66ഉം ജെ.ഡി-എസിന് 19ഉം അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. സ്പീക്കറാവുന്നതിനെ വലിയൊരു അവസരമായി കാണുന്നതായും എല്ലാവരെയും ഒന്നിച്ചുചേർത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യു.ടി. ഖാദർ പ്രതികരിച്ചു.