ദീപാവലി ദിനത്തില്‍ ഉള്ളി ബോംബ് പൊട്ടിത്തെറിച്ച് മരണം; എന്താണ് ഉള്ളി ബോംബ്?
ഉള്ളി ബോംബുകളുടെ ഉപയോഗത്തെക്കുറിച്ച് പലരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഏലൂര്‍: ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ ദീപാവലി ദിനത്തിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്നയാൾക്കും മറ്റ് അഞ്ച് പേർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം
ഹോണ്ട ആക്ടിവ സ്‌കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന 'ഉള്ളി ബോംബു'കളുടെ ഒരു ചാക്ക് വാഹനം കുഴിയിൽ ഇടിച്ചതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന സുധാകറാണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചത്. തബേലു സായ്, സുവര ശശി, കെ ശ്രീനിവാസ റാവു, എസ് കെ ഖാദർ, സുരേഷ്, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഏലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഉള്ളി പോലെ വൃത്താകൃതിയിലോ ബൾബുകളുടെ ആകൃതിയിലുള്ള പടക്കമാണ് 'ഉള്ളി ബോംബ്'. ജ്വലിക്കുമ്പോൾ, അത് ഒരു ചെറിയ ഡൈനാമിറ്റ് സ്ഫോടനം പോലെ പെട്ടെന്നുള്ള ഫ്ലാഷും ചിലപ്പോൾ പുകയും പുറപ്പെടുവിക്കുന്ന ശക്തമായ ആഘാതം ഉണ്ടാക്കുന്നു. ബോംബ് ഇവർ സ്വയം നിർമ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നിരുന്നാലും, ഉള്ളി ബോംബുകളുടെ ഉപയോഗത്തെക്കുറിച്ച് പലരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരണത്തിന് വരെ കാരണമായേക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. യുകെ പോലുള്ള ചില രാജ്യങ്ങളിൽ ഉള്ളി ബോംബുകൾ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ അനുവാദമില്ല.