'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് അസാധ്യം'; മോദിയുടെ പരാമർശത്തോട് പ്രതികരിച്ച് ഖാർഗെ
പദ്ധതി ഉടൻ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചിരുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 'പ്രധാനമന്ത്രി മോദി പറഞ്ഞ കാര്യം അദ്ദേഹം ചെയ്യില്ല. കാരണം പാർലമെൻ്റിൽ വരുമ്പോൾ എല്ലാവരുടെയും അഭിപ്രായമെടുക്കേണ്ടതുണ്ട്, അപ്പോൾ മാത്രമേ ഇത് നടക്കൂ. അതിനാൽ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അസാധ്യമാണ്.'- ഖാർഗെ പറഞ്ഞു.
ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതി ഇന്ന് രാവിലെ പ്രധാനമന്ത്രി മോദി ആവർത്തിച്ചിരുന്നു. 'ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പിനായാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇന്ന്, ഇന്ത്യ ഒരു രാജ്യം ഒരു സിവിൽ കോഡിലേക്ക് നീങ്ങുകയാണ്, അത് ഒരു മതേതര സിവിൽ കോഡാണ്.'- മോദി പറഞ്ഞു. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദേശത്തിന് കേന്ദ്രമന്ത്രിസഭ സെപ്റ്റംബർ 18-ന് അംഗീകാരം നൽകിയിരുന്നു. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, 100 ദിവസത്തിനുള്ളിൽ നഗരസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും നടക്കും.