'തൊഴിലുറപ്പ് ജോലിക്കാർക്ക് വേതനമില്ല, ഇത് എവിടത്തെ അച്ഛാദിൻ?'; കേന്ദ്രത്തെ ആക്രമിച്ച് രാഹുൽ ഗാന്ധി

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കാർക്ക് വേതനം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം

Update: 2021-07-06 16:43 GMT
Editor : Shaheer | By : Web Desk
Advertising

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ)യിൽ ജോലിക്കാർക്ക് വേതനം നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ വിമർശനശരവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്ന പലർക്കും പല സംസ്ഥാനങ്ങളിലും വേതനം തന്നെ ലഭിക്കുന്നില്ലെന്നും ഇതെന്ത് 'അച്ഛാദിൻ' ആണെന്നുമായിരുന്നു രാഹുലിന്റെ ചോദ്യം.

ഒരുപാട് സംസ്ഥാനങ്ങളിൽ എംജിഎൻആർഇജിഎ തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നില്ല. മഹാമാരിയുടെ കാലത്ത് സർക്കാർ അധിക സാമ്പത്തിക സഹായം നൽകേണ്ട ഘട്ടത്തിൽ അവകാശമായ വേതനം തന്നെ തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുകയാണ്-രാഹുൽ കുറ്റപ്പെടുത്തി.

''വ്യാജ വാചാടോപങ്ങൾക്കപ്പുറമുള്ള ഒരു ലോകവുമുണ്ട്. അവിടെ വീട്ടുകാര്യങ്ങൾ നടത്താൻ പോലും ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇതെന്ത് 'അച്ഛാ ദിൻ'(നല്ലനാൾ) ആണ്?'' രാഹുൽ ചോദിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഉയർത്തിയ 'അച്ഛാദിൻ' മുദ്രാവാക്യം സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം.

ഇടവേളയ്ക്കുശേഷം റഫാല്‍ കരാര്‍ വീണ്ടും ചര്‍ച്ചയായതോടെ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി ആക്രമണം കടുപ്പിച്ചിരുന്നു. കരാറിനെക്കുറിച്ച് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും കേന്ദ്രം സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) അന്വേഷണത്തിന് കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ചോദിച്ചത്. കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News