പരോളിലിറങ്ങിയ ഗുർമീത് റാം റഹീമിന് ഇസഡ് പ്ലസ് സുരക്ഷ
ഗുർമീതിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു
ദേര സച്ചാ സൗധ തലവൻ ഗുർമീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഗുർമീതിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ജയിലിൽ ആയിരുന്ന ഗുർമീത് ഈ മാസം ഏഴിനാണ് പരോളിൽ പുറത്തിറങ്ങിയത്.
പത്രപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം, രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തു എന്നീ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ഗുര്‍മീത് റാം റഹീം. ഗുര്‍മീതിന്‍റെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന അജ്ഞാത കത്ത് പ്രചരിപ്പിച്ച ദേരാ സച്ചാ സൗദയുടെ മുൻ മാനേജരെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള കേസുകളിലും ഗുര്‍മീത് പ്രതിയാണ്. പ്രസ്തുത കത്ത് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്. 2017ൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് 54കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പരോളിലിറങ്ങിയ ഗുർമീതിന് ഖാലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി 27 വരെയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചത്. ഹരിയാന സർക്കാരാണ് ഗുര്‍മീതിന് സുരക്ഷ നൽകാൻ തീരുമാനിച്ചത്.
എക്സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ് എന്നീ സുരക്ഷകളാണ് രാജ്യത്ത് നല്‍കുന്നത്. ഇതിനു പുറമേ എസ്പിജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) പരിരക്ഷയുമുണ്ട്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ സുരക്ഷ നല്‍കുന്നത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എസ്പിജി സുരക്ഷ നല്‍കിയിരുന്നു. എന്നാലിത് പിന്നീട് ഇസഡ് പ്ലസ് സുരക്ഷയാക്കി മാറ്റി.