18 വർഷം പാരീസ് വിമാനത്താവളത്തിൽ ജീവിതം; ഒടുവിൽ മരണം
ടോം ഹാങ്ക്സ് അഭിനയിച്ച ദി ടെർമിനൽ എന്ന ചിത്രത്തിന് പ്രചോദനമായത് മെഹ്‌റാൻ കരിമി നാസേരിയുടെ ജീവിതമാണ്
18 വർഷമായി പാരീസ് വിമാനത്താവളത്തിൽ താമസിച്ചിരുന്ന ഇറാനിയൻ പൗരൻ മെഹ്‌റാൻ കരിമി നാസേരി അന്തരിച്ചു. നയതന്ത്രപരമായ അനിശ്ചിതത്വത്തിൽ അകപ്പെട്ട മെഹ്‌റാൻ റോയിസി ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിന്റെ ഒരു ചെറിയ ഭാഗം തൻറെ വീടാക്കുകയായിരുന്നു.
2004-ൽ മെഹ്‌റാൻറെ ജീവിതം പറഞ്ഞൊരു സിനിമയും പിറന്നു. ടോം ഹാങ്ക്സ് അഭിനയിച്ച ടെർമിനൽ എന്ന ചിത്രത്തിന് പ്രചോദനമായത് മെഹ്‌റാൻ കരിമി നാസേരിയുടെ ജീവിതമാണ്. സ്റ്റീഫൻ സ്പിൽബർഗിന്റെ സംവിധാനം ചെയ്ത ദി ടെർമിനലിൻറെ റിലീസ് ശേഷം നസേരി ഒരു ദിവസം ആറ് അഭിമുഖങ്ങള്‍ വരെ നൽകിയിരുന്നു. 1999-ൽ അഭയാർത്ഥി പദവിയും ഫ്രാൻസിൽ തുടരാനുള്ള അവകാശവും ലഭിച്ചെങ്കിലും 2006 ൽ അസുഖം ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തിൽ തന്നെ താമസിക്കുകയായിരുന്നു.ഏതാനും ആഴ്‌ചകൾക്ക് മുമ്പ് വിമാനത്താവളത്തിൽ തിരിച്ചെത്തിയ നാസേരി മരിക്കുന്നതുവരെ അവിടെ താമസിച്ചിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.
1945-ൽ ഇറാനിയൻ പ്രവിശ്യയായ ഖുസെസ്താനിൽ ജനിച്ച നാസേരി തന്റെ അമ്മയെ തേടിയാണ് യൂറോപ്പിലേക്കെത്തുന്നത്. ഇമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങള്‍ കാരണം യുകെ, നെതർലാൻഡ്‌സ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. കുറച്ച് വർഷങ്ങൾ ബെൽജിയത്തിൽ താമസിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഫ്രാൻസിലേക്ക് പോകുകയും വിമാനത്താവളത്തിന്റെ 2 എഫ് ടെർമിനൽ തന്റെ വീടാക്കി മാറ്റുകയുമായിരുന്നു. പുസ്തകങ്ങളും പത്രങ്ങളും വായിച്ചും തൻറെ ജീവിതത്തെക്കുറിച്ച് ഒരു നോട്ട് പുസ്തകത്തിൽ എഴുതിയുമൊക്കെ നാസേരി അവിടെ ജിവിച്ചു. മരണം ശേഷം നസേരിയുടെ പക്കൽനിന്നും ആയിരക്കണക്കിന് യൂറോ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.