എന്റെ സിനിമയാണ് എന്റെ രാഷ്ട്രീയം: ഹര്‍ഷദ്
രാഷ്ട്രീയമില്ലാത്ത സിനിമകളുണ്ടെന്നാക്കെ പറയുന്നത് വെറുതെയാണ്. ദുനിയാവില് നടക്കുന്ന എല്ലാ സിനിമകളും രാഷ്ട്രീയ സിനിമകളാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയല്ലാത്ത സിനിമകളില്ല.
ഹര്‍ഷദ് എന്ന സിനിമാ മെയ്ക്കറുടെ ആദ്യ ചിത്രമായിരുന്നു ദായോം പന്ത്രണ്ടും. മമ്മൂട്ടിയുടെ നായകത്വത്തില്‍ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ഉണ്ട സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായി മലയാള സിനിമയില്‍ സ്ഥാനം രേഖപ്പെടുത്തിയ ഹര്‍ഷദ് തന്റെ 'സിനിമ, രാഷ്ട്രീയം, ജീവിതം' എന്നിവയെക്കുറിച്ച് മീഡിയവണ്‍ ഓണ്‍ലൈനു-മായി സംസാരിക്കുന്നു.
ആദ്യത്തെ സിനിമ ദായോം പന്ത്രണ്ടിനെ തിയേറ്ററുകൾ പൂർണമായും തിരസ്‌ക്കരിക്കുകയുണ്ടായി. ചലച്ചിതോത്സവ വേദിക്ക് പുറത്ത് സമാന്തരമായും കൊച്ചി ബിനാലെയിലും മറ്റു ചില വേദികളിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇപ്പോൾ തിരക്കഥ എഴുതിയ ഉണ്ട തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി കേരളം മുഴുവൻ പ്രദർശനം തുടരുന്നു. എന്ത് തോന്നുന്നു?
ഞാനായിട്ട് വരുത്തിയ മാറ്റമൊന്നുമല്ല. അന്ന് ചെയ്ത സിനിമ തികച്ചും പുതുമുഖങ്ങളെ വെച്ച് എല്ലാം പുതിയ ക്രൂവിനെയും താരങ്ങളെയും വെച്ച് ചെയ്ത സിനിമയാണ്. അന്ന് ഞാന്‍ പറഞ്ഞതും അത് തന്നെയാണ്. പുതിയ ആള്‍ക്കാരെ വെച്ച് എടുക്കുന്ന പടങ്ങള്‍ക്ക് തിയേറ്റര്‍ കിട്ടാന്‍ പ്രയാസമാണ്. തിയേറ്ററുക്കാര്‍ തിരസ്ക്കരിച്ചു എന്നല്ല ഞാന്‍ അന്ന് പറഞ്ഞത്. അതൊക്കെ മാധ്യമങ്ങള്‍ എഴുതിയതാണ്. തിയേറ്ററുകള്‍ കിട്ടാന്‍ പ്രയാസമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ പണിക്ക് ഇറങ്ങിയതെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ നമ്മളത് ശ്രമിച്ചു, നടക്കുന്നില്ല എന്ന് കണ്ട് സമാന്തരമായിട്ടൊക്കെ സ്ക്രീനിങ് നടത്തി ആ പരിപാടി അവിടെ നിര്‍ത്തി. അങ്ങനെ തന്നെയാണ് ഇപ്പോഴും. അത് ഒരു തെറ്റൊന്നുമല്ല. സിനിമ എപ്പോഴും ഒരു മൂലധനം ആവശ്യപ്പെടുന്ന മീഡിയമാണല്ലോ, മുടക്കുമുതല്‍ തിരിച്ച് കിട്ടണം, അത് തിരിച്ചു കിട്ടാനുള്ള താരങ്ങള്‍ വേണം. ആള്‍ക്കാര്‍ കേറണം, സിനിമ കാണാന്‍ തോന്നണം. സിനിമ നല്ലതാണെന്ന് കരുതി ആള്‍ക്കാര്‍ കയറണമെന്നില്ല. ആള്‍ക്കാര്‍ക്ക് പരിചയമുള്ള മുഖങ്ങളൊക്കെ വേണം. എന്നാലെ തിയേറ്ററുക്കാര്‍ സപ്പോര്‍ട്ട് ചെയ്യു. അങ്ങനെയാണ് അതിന്റെയൊരു കള്‍ചര്‍. ആ കള്‍ചറിന് യോജിക്കുന്ന രൂപത്തിലുള്ള ഒരു സിനിമയാണ് ഉണ്ട. അപ്പോ അതില്‍ മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊന്നായ മമ്മൂക്കയുണ്ട്. എല്ലാം മെയിന്‍ സ്ട്രീമാണ്. അതില്‍ ചോദ്യങ്ങളില്ല. അത് തിയേറ്ററുകളിലിറങ്ങുമെന്ന് ഉറപ്പല്ലേ. അല്ലാതെ ഞാനത് തെരഞ്ഞെടുത്തതൊന്നുമല്ല, അതങ്ങനെ സംഭവിക്കുന്നതാണ്.
'ദായോം പന്ത്രണ്ടും' സംഭവിക്കുന്നതിന് മുമ്പ് മലയാളത്തിലെ മുന്‍ നിര താരങ്ങളെ കാണാന്‍ ശ്രമിച്ചിരുന്നോ?
ഇല്ല, 'ദായോം പന്ത്രണ്ടുമിന്‍റെ' കഥക്ക് വേണ്ടി അങ്ങനെ ശ്രമിച്ചിട്ടില്ല. അത് ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രം ചെയ്യാനുദ്ദേശിച്ച സിനിമയാണ്. അതങ്ങനെ തീരുമാനിച്ചിട്ട് ചെയ്ത സിനിമയാണ്. കഥക്ക് വേണ്ടി ഞാന്‍ അങ്ങനെയാരെയും കണ്ടിട്ടില്ല. അത് സിനിമയാക്കണം, അതിന് ശേഷമാണ് തിയേറ്ററുകളിലെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചത്. തിയേറ്റര്‍ കിട്ടില്ല എന്ന ഉറപ്പോട് കൂടി തന്നെയാണ് ശ്രമം നടത്തിയത്. അപ്പോ അതില്‍ വലിയ ഫ്രസ്ട്രേറ്റഡൊന്നുമല്ല ഞാന്‍. ആ സമയത്തുള്ള എന്റെ സംസാരമൊക്കെ ശ്രദ്ധിച്ചാലറിയാ.
അപ്പോഴതറിഞ്ഞ് കൊണ്ടുള്ള തീരുമാനമായിരുന്നെന്നാണോ?
അത് ഒരു ഘട്ടത്തില്‍ നമ്മള്‍ അങ്ങനെ എത്തും. അത് ഒരു അനുഭവമാണല്ലോ. ആ അനുഭവത്തിന്നാണല്ലോ നമ്മള്‍ ഓരോന്നോരോന്ന് പഠിക്കുന്നത്. പിന്നെ നമ്മളെ ശ്രമങ്ങളാണ്. പിന്നെ മെയിന്‍ സ്ട്രീം ആയിട്ടുള്ള ഒരു സിനിമ ചെയ്യാനുള്ള ശ്രമങ്ങളാണ്. അതില്‍ ഇപ്പോ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. അങ്ങനത്തെ ഒരു സിനിമയുടെ ഭാഗമായി. ആ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു.
ഉണ്ട ശരിക്കും സംഭവിക്കുന്നതെങ്ങനെയാണ്?
ഞാന്‍ വേറൊരു സിനിമ നടക്കാന്‍ വേണ്ടി എറണാകുളത്ത് നില്‍ക്കുന്ന സമയമാണ്. ഈ സമയത്താണ് ഖാലിദ് റഹ്‍മാനെ കണ്ടുമുട്ടുന്നത്. ഏതാണ്ട് 2016 പകുതിയിലാണ് ഇത് സംഭവിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പത്ര കട്ടിങ് മൊബൈലില്‍ കാണിച്ചുകൊണ്ടാണ് റഹ്‍മാന്‍ സംസാരിക്കുന്നത്. ഈ പത്ര കട്ടിങില്‍ ഒരു സിനിമാ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി റഹ്‍മാന്‍ അതില്‍ കണ്ട പൊലീസുക്കാരെ ഓരോരുത്തരെയായി പോയി കാണുകയും അവരുടെ ജീവിതാനുഭവങ്ങളൊക്കെ മനസ്സിലാക്കുകയും ചെയ്തു സിനിമയാക്കാനായിട്ട് കുറെ കാലമായി ശ്രമിക്കുന്നു. അത് കേരളത്തിന് പുറത്തൊക്കെ പോയി ചെയ്യേണ്ട സിനിമയായത് കൊണ്ട് സ്വാഭാവികമായും അത് വലിയ ക്യാന്‍വാസ് പടമാണ്. അത് യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുക്കുമെന്ന് അറിഞ്ഞത് കൊണ്ടാകാം ഖാലിദ് 'അനുരാഗകരിക്കിന്‍ വെള്ളം' ചെയ്യുന്നത്.
'അനുരാഗകരിക്കിന്‍വെള്ളം.' വളരെയധികം ശ്രദ്ധിക്കപ്പെടുകയും പുരസ്ക്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇത് സിനിമയാക്കാം എന്ന് തീരുമാനിക്കുന്നത്. അത് എഴുതാന്‍ പറ്റുന്ന ഒരാളെന്ന അര്‍ത്ഥത്തില്‍ അന്‍വര്‍ റഷീദാണ് എന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. എനിക്ക് അത് ഭയങ്കര ഹരമായി തോന്നി. എനിക്ക് അല്ലെങ്കില്‍ തന്നെ കേരളം വിട്ടുള്ള പുറത്ത് നിന്നുള്ള സിനിമകള്‍ വളരെയിഷ്ടമാണ്. ഇവിടെ നിന്ന് കൊണ്ട്, വെറും കേരളത്തിന്റെ ഇട്ടാവട്ടത്തിലല്ലാത്ത സിനിമകള്‍ എടുക്കുക എന്നാണ് ആലോചിക്കുന്നത്, നമ്മള്‍ അങ്ങനെയാണ് സിനിമകള്‍ കാണുന്നത്. അങ്ങനെയാണീ വര്‍ക്ക് ഏറ്റെടുക്കുന്നത്. വര്‍ക്ക് ഏറ്റെടുക്കുമ്പോ ആദ്യം കുറച്ച് ദിവസം അവന്‍( ഖാലിദ് ) സ്വരൂപിച്ച വിവരങ്ങളും സാധനങ്ങളും വെച്ച് ഒരു വണ്‍ലൈനുണ്ടാക്കി, അതിന് ശേഷം നമ്മള്‍ക്ക് ആ ഭാഗത്ത് പോകണം എന്ന് പറഞ്ഞു. അപ്പോ ഞാനും റഹ്‍മാനും അവന്റെ അനിയനും ഛായാഗ്രഹകനുമായ ജിംഷി ഖാലിദ്, പിന്നെ ഇവരുടെ ഒരു അസിസ്റ്റന്റ് നിഥിന്‍- ഞങ്ങള്‍ നാല് പേരും കൂടെ ബസ്തറിലേക്ക് ഒരു റോഡ് ട്രിപ്പടിക്കാന്‍ പോകുന്നു. അതിലെ ഏറ്റവും ഇന്ററസ്റ്റിങ് എന്താണെന്ന് വെച്ചാല്‍ 2016ലെ നോട്ട് നിരോധിച്ചതിന് ശേഷമുള്ള അടുത്ത ആഴ്ച്ചയാണ് ബസ്തറിലേക്ക് പോകുന്നത്. അത് തന്നെ വേറൊരു രസമാണ്. ഞങ്ങളവിടെ കുറച്ച് ദിവസം നിന്ന് കുറച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി. അവിടെ പോയി കണ്ട, കേട്ട കാര്യങ്ങളൊക്കെയാണ്, ആ യാത്രയാണ് ഈ സ്ക്രിപ്റ്റിനെ ഇന്ന് സിനിമാ കാഴ്ച്ചാ രൂപത്തിലാക്കാന്‍ സഹായിച്ചത്. അതാണ് അതിന്റെയൊരു തുടക്കം. പിന്നെ അത് കഴിഞ്ഞ് മമ്മൂക്കയോട് കഥ പറഞ്ഞ്. ആദ്യ കഥപറച്ചിലില്‍ തന്നെ മമ്മൂക്ക 'ഖബൂല്‍' എന്ന് പറഞ്ഞ് കൈതന്നു. അതോട് കൂടി ഈ സിനിമ ഓണ്‍ ആണ്. പിന്നെ മമ്മൂക്കയുടെ ഡേറ്റിനനുസരിച്ചുള്ള കാത്തിരിപ്പും സ്ക്രിപ്റ്റിങ്ങിലെ തിരുത്തും പിന്നെ പ്രശാന്ത് പിള്ള മ്യൂസിക്ക് ഡയറക്ടറായി ജോയിന്‍ ചെയ്യുന്നു.
അത് കഴിഞ്ഞ് മമ്മൂക്കയോട് കഥ പറഞ്ഞ്, ആദ്യ കഥ പറച്ചിലില്‍ തന്നെ മമ്മൂക്ക 'ഖബൂല്‍' എന്ന് പറഞ്ഞ് കൈതന്നു. അതോട് കൂടി ഈ സിനിമ ഓണ്‍ ആണ്.
പ്രശാന്ത് പിള്ളയുടെ ബി.ജി.എം സിനിമയില്‍ എടുത്തു പറയേണ്ടതാണ്. സിനിമയുടെ സൗന്ദര്യത്തിന്റെ പകുതിയും പശ്ചാത്തല സംഗീതത്തിന്റെയായിരുന്നു. ബി.ജി.എമ്മിലെ തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു?
റഹ്‍മാന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. ബസ്തറിന്റെ എത്‍നിക്കായിട്ടുള്ള മ്യൂസിക്ക് ഇതിന്റേതാകണമെന്നത്. അവര്‍ മാത്രം ഉപയോഗിക്കുന്ന പെക്കുലിയര്‍ ഇന്‍സ്ട്രുമെന്‍സുണ്ട്. അതിന്റെയൊക്കെ സൗണ്ട് കിട്ടണമെന്ന് റഹ്‍മാന് നല്ല നിര്‍ബന്ധമുണ്ട്. അത് പ്രശാന്ത് പിള്ള നല്ല ഭംഗിയില്‍ തന്നെ ചെയ്തു. അങ്ങനെയാണ് അങ്ങോട്ട് ടീമിനെ അയക്കുന്നത്. ഞങ്ങള്‍ വീണ്ടും അഞ്ചാറ് ദിവസം അവിടെ പോയി. അപ്പോഴും അവിടെ നിന്ന് വളരെയധികം സംഭവബഹുലമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവിടെ നിന്ന് വീണ്ടും എനിക്ക് സ്ക്രിപ്റ്റിലേക്കുള്ള അഡീഷണല്‍ വിവരങ്ങള്‍ ലഭിക്കുകയാണ്. അങ്ങനെ രണ്ട് തവണ ഞങ്ങളവിടെ പോയിട്ടാണ് പിന്നേം പൊളിച്ചെഴുതുന്നത്. ആദ്യം എട്ട് പേരല്ലായിരുന്നു, കുറച്ചധികം പേരുണ്ടായിരുന്നു. അപ്പോഴത് നമ്മുടെ ഫോക്കസ് നഷ്ടപ്പെടുമെന്ന് കണ്ട്, അത് ചുരുക്കി ചുരുക്കി എട്ട് പ്ലസ് വണ്‍ എന്ന രീതിയില്‍ ഒമ്പത് പേരാക്കി. എനിക്ക് തോന്നുന്നത് പതിനൊന്നോ കൂടുതലോ തവണ സ്ക്രിപ്റ്റ് മാറ്റിയെഴുതിയിട്ടിണ്ട്. അങ്ങനെയാണ് അത് ഫൈനല്‍ രൂപത്തിലാകുന്നത്.
ബസ്തറ് പോലെയൊരു സ്ഥലത്ത് പോകുമ്പോള്‍ എന്താണോ നമ്മള്‍ പത്രങ്ങളിലും മറ്റും വായിച്ചറിഞ്ഞത് അതൊക്കെ അനുഭവിക്കുന്ന അവസ്ഥയുണ്ടാകുക എന്ന് പറയില്ലേ. അത് ഭയങ്കര രസായിരുന്നു. ഈ പറഞ്ഞ ഒമ്പത് പേരുടെ മാനസികാവസ്ഥയുണ്ടല്ലോ, ഞാനത് ഫേസ്ബുക്കിലെഴുതിയിട്ടുണ്ട്, ഭയമാണ് ഈ കഥയിലെ വില്ലന്‍ എന്നത്. ഞങ്ങളതനുഭവിച്ചതാണത്. ഞങ്ങള്‍ ആദ്യം റോഡ് ട്രിപ്പ് പോകുമ്പോ ഈ പറഞ്ഞ പൊലീസുക്കാര് പോകുന്ന അതെ മാനസികാവസ്ഥയിലാണ് പോകുന്നത്. ഒന്ന് ഞങ്ങളെല്ലാവരും റോഡ് ട്രിപ്പ് പോകുന്ന ഒരു ഹരത്തിലായിരുന്നു, അതൊക്കെ കഴിഞ്ഞ് ബസ്തറിലേക്ക് കടന്ന് അവിടെയെത്തി, പിന്നെ ഓരോന്നോരോന്നായി അതിന്റെ മൂഡ് മാറി, മാറി ഭീതിയിങ്ങനെ വരികയാണ്. ആ ഒരു ട്രാന്‍സിഷന്‍ സ്ക്രിപ്റ്റില്‍ കൊണ്ടുവരിക എന്നതായിരുന്നു ഞങ്ങളുടെ ഒന്നാമത്തെ നിര്‍ബന്ധം. അത് വര്‍ക്കായെന്നാണ് സിനിമ ജനങ്ങള്‍ സ്വീകരിക്കുമ്പോള്‍ മനസ്സിലാകുന്നത്. ഇതൊക്കെയാണ് ഞങ്ങള്‍ യാത്ര ചെയ്തപ്പോള്‍ കിട്ടിയ ഇന്‍പുട്ട്സ്.
ഈ സിനിമ ചെയ്യും മുമ്പ് റഫറന്‍സ് എന്ന രൂപത്തില്‍ ഏതെങ്കിലും സിനിമയെ/കളെ എടുത്തിരുന്നോ?
ഞാന്‍ കണ്ട ഒരുപാട് സിനിമകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ബാല്‍ക്കനാണെങ്കിലും ലാറ്റിനമേരിക്കനാണെങ്കിലും ഫലസ്തീന്‍ സിനിമകളാണെങ്കിലും ഒരുപാട് നമ്മള്‍ കാണുന്നതല്ലേ. അപ്പോള്‍ ആ രാജ്യത്ത് നടക്കുന്ന കോണ്‍ഫ്ലിക്ടും പ്രശ്നങ്ങളും പറഞ്ഞ് ഒരുപാട് സിനിമകളില്ലേ. ആ സിനിമകളൊക്കെ തീര്‍ച്ചയായും നമ്മളെ സ്വാധീനിക്കുമല്ലോ. അല്ലാതെ ഒരു ഫൈന്‍ മോര്‍ണിങില്‍ സിനിമ സംഭവിക്കിലല്ലോ. അങ്ങനെത്തെയൊക്കെ ആഗ്രഹങ്ങളെ പുറത്താണല്ലോ ഇതിനിറങ്ങിയത്.
സിനിമയിലെ പൊലീസ് കഥാപാത്രം രൂപപ്പെടുത്തുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ചിന്തകള്‍ മനസ്സിലുണ്ടായിരുന്നോ?
ഒരു കാര്യം ഞാന്‍ പറയാം സിനിമയില്‍ മിസ്സായി എന്ന് തോന്നുന്ന ഒരു സംഗതി. ഇത് ഞങ്ങളെ ഭയങ്കരമായി ഹരം കൊള്ളിക്കുന്ന ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹിച്ച ഒരു സീനുണ്ട്. അത് പൊലീസുക്കാരുടെ തിരിച്ചുവരവായിരുന്നു. ഞങ്ങള്‍ ആദ്യം എഴുതിയ അഞ്ചാറ് ഡ്രാഫ്റ്റിലൊക്കെ അതുണ്ടെന്ന് തോന്നുന്നു. അതായത് തിരിച്ചു വരുമ്പോഴും അങ്ങോട്ട് പോവുമ്പോഴുള്ള അനുഭവമാക്കിയുള്ള രീതിയിലുള്ള എഴുത്ത്. അതായത് ഇവര്‍ക്ക് ഭക്ഷണമില്ല, കുളിക്കാന്‍ സംവിധാനമില്ല. പാസഞ്ചര്‍ ട്രെയിനില്‍ വന്ന് റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുക. നമ്മുടെ സിനിമേല്‍ തന്നെ അവര്‍ വല്ലാതെ വൈകിട്ടാണ് എത്തുന്നത്. സ്പെഷ്യല്‍ ട്രെയിനാണ്. ആള്‍ക്കാരൊക്കെ നോക്കിനില്‍ക്കുമ്പോ കുളിക്കേണ്ടി വരിക, സര്‍ക്കാരൊന്നും തിരിഞ്ഞു നോക്കാതിരിക്കുക. ഇവരൊക്കെ മനുഷ്യരാണല്ലോ, ഒരു നിസ്സഹായതയാണല്ലോ. അങ്ങനെത്തെ ഭയങ്കര കഥകളൊക്കെയുണ്ട് ഇവരെയടുത്ത്...അതൊക്കെ തുടക്കത്തില്‍ ഉള്‍പ്പെടുത്താന്‍ വിചാരിച്ചിരുന്നു. പിന്നെ സിനിമയുടെ ലെങ്ത്ത് നീളും എന്ന പ്രശ്നത്താലും ടോട്ടാലിറ്റിയെ ബാധിക്കുന്നതിനാലും ഒഴിവാക്കുകയായിരുന്നു.
രാഷ്ട്രീയമില്ലാത്ത സിനിമകളുണ്ടെന്നാക്കെ പറയുന്നത് വെറുതെയാണ്. ദുനിയാവില് നടക്കുന്ന എല്ലാ സിനിമകളും രാഷ്ട്രീയ സിനിമകളാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയല്ലാത്ത സിനിമകളില്ല. അപ്പോ അതില്‍ എനിക്ക് പറയാനുണ്ടെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അത് സാധാരണയായി കേള്‍ക്കാത്തതാവുമ്പോഴാണ് അത് രാഷ്ട്രീയ സിനിമ എന്ന് പറയുന്നുണ്ടാകുക. അല്ലാതെ രാഷ്ട്രീയമില്ലാത്ത സിനിമകളൊന്നുമില്ല.
ദായോം പന്ത്രണ്ടിന് തൊട്ട് മുന്‍പ് പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിമുകളായ ലാന്‍ഡ്യ, വാര്‍ ആന്‍ഡ് ടെറര്‍, പീസ് പ്രൊസസ്, യെല്ലോ ഗ്ലാസ്...എല്ലാം തന്നെ പൊളിറ്റിക്കലായ ഘടനകളാല്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ആ സമയത്തെ പത്രവാര്‍ത്തകളിലൊന്നില്‍ എഴുതി കണ്ട ഒന്നാണ് 'പൈങ്കിളി ഷോര്‍ട്ട് ഫിലിമുകളുടെ കാലത്തെ പൊളിറ്റിക്കല്‍ ഫിലിം മേക്കര്‍' എന്നത്. ഈ രാഷ്ട്രീയം സിനിമയില്‍ പറയുക എന്നത് നിങ്ങള്‍ ബോധ്യത്തോട് കൂടി തന്നെ ഉള്‍പ്പെടുത്തുന്നതാണോ?
ബോധ്യത്തോട് കൂടി തന്നെയാണ് ചെയ്യുന്നത്, എന്നാല്‍ സിനിമയില്‍ രാഷ്ട്രീയം പറയാംന്ന് വിചാരിച്ചിട്ട് ചെയ്യുന്നതൊന്നുമല്ല. നമ്മളുടെ ജീവിതത്തില്‍, നമ്മളുടെ സാഹചര്യത്തിലൊക്കെ ഒരു രാഷ്ട്രീയമുണ്ടല്ലോ. രാഷ്ട്രീയമില്ലാത്ത സിനിമകളുണ്ടെന്നാക്കെ പറയുന്നത് വെറുതെയാണ്. ദുനിയാവില് നടക്കുന്ന എല്ലാ സിനിമകളും രാഷ്ട്രീയ സിനിമകളാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയല്ലാത്ത സിനിമകളില്ല. അപ്പോ അതില്‍ എനിക്ക് പറയാനുണ്ടെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അത് സാധാരണയായി കേള്‍ക്കാത്തതാവുമ്പോഴാണ് അത് രാഷ്ട്രീയ സിനിമ എന്ന് പറയുന്നുണ്ടാകുക. അല്ലാതെ രാഷ്ട്രീയമില്ലാത്ത സിനിമകളൊന്നുമില്ല. എനിക്ക് തോന്നുന്ന ഒരു മേഖലയെക്കുറിച്ച് പറയുമ്പോഴാണല്ലോ, സോഷ്യല്‍ ബീയിങ് എന്നര്‍ത്ഥത്തിലോ വ്യക്തിപരമായിട്ടോ പൊള്ളിച്ച, അനുഭവിച്ച കാര്യങ്ങളൊക്കെയാകും സിനിമയില്‍ പറയുക. അത് നമ്മളെ നേരിട്ട് ബാധിക്കുന്ന ഒന്നാകണമെന്നില്ല. അത്തരം കാര്യങ്ങള്‍ സിനിമയിലൂടെ പറയുമ്പോഴാണല്ലോ അത് രാഷ്ട്രീയ സിനിമയാകുന്നത്. അല്ലാത്തതൊന്നും രാഷ്ട്രീയ സിനിമ അല്ലാതാകുന്നില്ല.
പൊളിറ്റിക്കല് കറക്ട്നസ് നോക്കി സിനിമയുടെ തിരക്കഥയെഴുതണം എന്ന കാലഘട്ടത്തിലാണല്ലോ ഇപ്പോള്‍. പല തിരക്കഥാകൃത്തുക്കളും തിരക്കഥാവേളയില്‍ ഇപ്പോള്‍ കുറച്ചുകൂടി കോണ്‍ഷ്യസാകാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. സിനിമകള്‍ പൊളിറ്റിക്കലി കറക്ടാവണം എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
എനിക്ക് തോന്നിയ കാര്യം എന്ന് വെച്ചാല്‍, കഥാപാത്രങ്ങളാണല്ലോ ജീവിക്കുന്നത്. ഈ കഥാപാത്രങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ നിന്നും എടുക്കുന്നതാണല്ലോ. അപ്പോള്‍ നമ്മുടെ കഥാപാത്രങ്ങളുടെ ഇന്റലക്ച്വല്‍ ലെവല്‍ ഏതെന്ന് ആദ്യം തീരുമാനിക്കണം. അപ്പോള്‍ നമ്മള്‍ പ്ലേസ് ചെയ്യുന്ന പരിസരത്ത് അയാള്‍ ഏങ്ങനെയാണ് ബീഹേവ് ചെയ്യുന്നത്, അയാള്‍ എന്തൊക്കെ ഡയലോഗാണ് പറയുന്നത്, അതിനനസുരിച്ചാണ് അയാള്‍ പറയാന്‍ പാടുള്ളു. അല്ലാതെ പറയുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നതെന്ന് തോന്നുന്നു. പലപ്പോഴും നമ്മുടെ വിമര്‍ശകര്‍ക്ക് പറ്റുന്ന പറ്റെന്നത്, എനിക്ക് തോന്നിയത്- എല്ലാ കഥാപാത്രങ്ങളും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പൊളിറ്റിക്കല്‍ കോണ്‍ഷ്യസിനകത്ത് സംസാരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല എന്നാണ്, അത് തെറ്റുമാണ്.
ഇപ്പോള്‍ ഉണ്ടയില്‍ തന്നെയറിയാം, ഉണ്ട ഞങ്ങള്‍ കവിതാ തിയേറ്ററില്‍ കാണുമ്പോള്‍, അതിലെ ബിജു കുമാറെന്ന ആദിവാസി വിഭാഗത്തില്‍ നിന്നും വരുന്ന പൊലീസ് കഥാപാത്രത്തിനെ ജാതിപേര് വിളിച്ച് ആക്ഷേപിക്കുമ്പോ തിയേറ്ററുകളില്‍ ചില ഭാഗങ്ങളിലൊക്കെ ചിരിയായിരുന്നു. ആ ചിരി നിന്നത് പിന്നെ ബിജുകുമാര്‍ ഉണ്ണിസാറെ അടിക്കുമ്പോഴാണ്. അങ്ങനെ ചിരിക്കാന്‍ ശീലിക്കപ്പെട്ട ഓഡിയന്‍സാണ് നമ്മുടെ ഇവിടെയുള്ളത്. അപ്പോള്‍ ആ അടിയുടെ തൊട്ടുമുമ്പുള്ള സീന്‍ മാത്രം കണ്ട് അവന്‍ ജാതീയമായി അധിക്ഷേപിച്ചു, അത് രാഷ്ട്രീയമായി ശരിയല്ല എന്ന് നമ്മള്‍ വാദിക്കുമ്പോള്‍ അത് എത്രമാത്രം ബാലിശമാണ് എന്ന് ആലോചിച്ച് നോക്കണം. ഉണ്ണി സാറ് അങ്ങനെയാണ് ശീലിച്ചത്, അത് കൊണ്ടാണ് അയാള്‍ അങ്ങനെ പറയുന്നത്. ഉണ്ണിസാറ് പറയുന്നത് രാഷ്ട്രീയമായി ശരിയല്ല എന്ന് നമ്മുക്ക് പറയാന്‍ പറ്റില്ല. ആ കഥാപാത്രം അങ്ങനെയാണ്.
സിനിമയില്‍ പല തലത്തിലുള്ള കഥാപാത്രങ്ങളും രാഷ്ട്രീയവും പറയുന്നുണ്ടല്ലോ. അവയെല്ലാം നിര്‍മ്മിച്ചെടുത്തത് എങ്ങനെയാണ്? ഒരു പത്രകട്ടിങ് മാത്രം കൈയ്യില്‍ വെച്ചായിരുന്നല്ലോ സിനിമയുടെ ആലോചന ആരംഭിക്കുന്നത്?
നമ്മള്‍ ബസ്തര്‍ പശ്ചാത്തലത്തിലുള്ള കഥയാണല്ലോ പറയുന്നത്. ഛത്തിസ്ഗണ്ഡിലെ ബസ്തര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങളുള്ള സംസ്ഥാനമാണല്ലോ. ഛത്തീസ്ഗണ്ഡ് രൂപീകരിക്കുന്നത് തന്നെ അങ്ങനെയാണല്ലോ. അപ്പോള്‍ അവിടെ നടക്കുന്ന കഥ പറയുമ്പോള്‍ അതിനെ റിലേറ്റ് ചെയ്യുന്ന ഒരു കഥാപാത്രം ഈ എട്ടംഗ സംഘത്തിലുണ്ടാകുക എന്നത് മാത്രമേ ആലോചിച്ചുള്ളു. അപ്പോള്‍ അതിലൊരാള്‍ ആദിവാസി വിഭാഗത്തില്‍ നിന്നും വരുന്നു, പൊലീസുക്കാരനാവുന്നു, അങ്ങനെയുണ്ടല്ലോ. അത്രയെ ആലോചിച്ചുള്ളു. പിന്നെ ബാക്കി കഥാപാത്രങ്ങളൊക്കെ സ്വാഭാവികമായി ഉണ്ടായി വരുന്നതാണ്.
ഒരു കഥാപാത്രങ്ങളും യഥാര്‍ത്ഥ വ്യക്തിയെയോ സംഭവത്തെയോ ഉദ്ദേശിച്ച് സിനിമയിലുള്‍പ്പെടുത്തിയില്ല?
ഒരു പ്രത്യേക കാരക്ടര്‍ അല്ല, ഇപ്പോള്‍ നമ്മളിവിടെ പറയുന്ന പൊലീസുക്കാരുടെ ലൈഫിലാണെങ്കിലും, മലയാളികളുടെ ലൈഫിലാണെങ്കിലും, ബസ്തറിലാണെങ്കിലും ഒക്കെ നടക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. ഈ പ്ലോട്ടിലേക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ ആ പരിസരങ്ങളിലേക്ക് എടുത്തുവെക്കുകയാണ് ചെയ്തത്. പ്രത്യേകിച്ച് ഇന്ന ആള്‍, ഇന്ന സംഭവം എന്നില്ല.
ജാതീയമായി അധിക്ഷേപിക്കുന്നെന്നാരോപിച്ച് കുറിച്യ വിഭാഗത്തില്‍പ്പെട്ട സിവില്‍ പൊലിസ് ഓഫിസര്‍ കെ. രതീഷ് രാജി വെച്ചു എന്ന വാര്‍ത്ത ഇന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.!
ആ വാര്‍ത്ത എന്റെ സിനിമയെ സാധൂകരിക്കുന്നതാണല്ലോ. ഈ വാര്‍ത്ത ഇപ്പോഴാണല്ലോ വന്നത്. ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നാണല്ലോ ഇത് തെളിയിക്കുന്നത്. എഴുതുമ്പോ അങ്ങനെ എന്തെങ്കിലും വാര്‍ത്ത കണ്ടിട്ടല്ല എഴുതിയത്. അതൊക്കെ ഇവിടെ നടക്കുന്നതാണ്.
രൂഢമൂലമായി മലയാളികളുടെ മനസ്സില്‍ ജാതീയതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. നമുക്ക് നമ്മളല്ലാത്തവരോട് കാണിക്കുന്ന ഈ വംശീയത ( xenophobia) എന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഇവിടെ തന്നെയുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയോട് നമ്മളെങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാമല്ലോ?
പിന്നെ വേറൊരു കാര്യമെന്തെന്ന് വെച്ചാല്‍ പലപ്പോഴും ഇങ്ങനത്തെ സംഭവങ്ങളെ ന്യായീകരിക്കുന്നത്- പൊലീസ് ഫോഴ്സിലാണെങ്കില്‍ സീനിയര്‍-ജൂനിയര്‍ എന്ന കാരണം പറഞ്ഞാണ്. സീനിയര്‍ ജൂനിയറിനോട് ചെയ്യുന്ന റാഗിങ് എന്ന അര്‍ത്ഥത്തിലാണ് ഇതിനെ ന്യായീകരിക്കാറ്. പക്ഷെ നമ്മള്‍ കുറച്ച് കൂടി സൂക്ഷ്മമായി നോക്കിയാല്‍ ജാതീയത കാര്യമായിട്ട് തന്നെയുണ്ടെന്ന് ബോധ്യമാകും. സീനിയര്‍-ജൂനിയര്‍ പ്രശ്നം മാത്രമല്ലിത്. അങ്ങനെ മനസ്സിലായത് കൊണ്ടാണ് അങ്ങനെയൊരു കഥാപാത്രത്തെ നമ്മളുണ്ടാക്കിയത്. അത് വെറും ബിജുകുമാറില്‍ മാത്രമല്ല, എല്ലാ കഥാപാത്രങ്ങള്‍ക്കും ഇത്തരത്തിലുള്ള ചില സ്വഭാവ സവിശേഷതകളുണ്ട് ഉണ്ടയില്‍. രൂഢമൂലമായി മലയാളികളുടെ മനസ്സില്‍ ജാതീയതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. നമുക്ക് നമ്മളല്ലാത്തവരോട് കാണിക്കുന്ന ഈ വംശീയത ( xenophobia) എന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഇവിടെ തന്നെയുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയോട് നമ്മളെങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാമല്ലോ?. അപ്പോള്‍ സ്വഭാവികമായും ബസ്തര്‍ പോലെ വളരെ റിമോട്ടായ സ്ഥലവും അവിടുത്തെ ആള്‍ക്കാരും, ഇവിടെ വിദ്യാസമ്പന്നരെന്ന് സ്വയം വിശ്വസിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ എങ്ങനെയായിരിക്കും അവരെ കാണുക. അപ്പോള്‍ സ്വഭാവികമായും അവരെ കമ്മ്യൂണിറ്റിയില്‍പ്പെട്ട ഒരാള്‍ അവരുടെ കൂടെയുണ്ടാകുമ്പോള്‍ അവരെ എങ്ങനെയാകും കാണുക, ഫീല്‍ ചെയ്യുക, അഫക്ട് ചെയ്യുക എന്നതെല്ലാം കിട്ടിയാലാണ് കുനാല്‍ചന്ദിനോട് നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുകയുള്ളു. അത് സ്ക്രിപ്റ്റിങ്ങില്‍ ചെയ്ത പരിപാടിയാണ്. അത് തിയേറ്ററില്‍ വര്‍ക്കായെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ അത് രണ്ടും രണ്ടായി നില്‍ക്കും. പലപ്പോഴും ചില ഡയലോഗുകളിലൂടെ അത് പറയുന്നുണ്ട്. ഇവരാണ് മാവോയിസ്റ്റ്, നീ അതില്‍പ്പെട്ടതാണ് എന്നതൊക്കെ അവസാന ഫൈറ്റ് സീനിന് തൊട്ടുമുമ്പ് പറയുന്നുണ്ട്. അത് കൊണ്ടാണ് ബിജു കുമാറിന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ടതെന്ന് പറയുന്നത്. മാത്രമല്ല സിനിമ മുഴുവനായും തന്നെ അയാളുടെ വ്യൂ പോയിന്റിലാണ് പറഞ്ഞത്. അയാളെങ്ങനെയാണ് ട്രീറ്റ് ചെയ്യപ്പെട്ടത്, അയാളങ്ങെനയാണ് കാണുന്നത്, അയാള് മണിസാറിനെ എങ്ങനെയാണ് കാണുന്നത്? എന്നിങ്ങനെ. അവന്‍ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. നിങ്ങളങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല. ഞങ്ങളങ്ങനെയാണ് ഉദ്ദേശിച്ചത്.
സിനിമ ഒരുപാട് രാഷ്ട്രീയം സട്ടിലായി പറയുന്നുണ്ടല്ലോ? ഹര്‍ഷദിന്റെ രാഷ്ട്രീയമെന്താണ്
എന്റെ രാഷ്ട്രീയമാണ് എന്റെ സിനിമ. എന്റെ രാഷ്ട്രീയമാണല്ലോ ഞാനെഴുതിയ സിനിമയില്‍ വരിക. അതാണ് എല്ലാവരുടെയും സിനിമകളില്‍ വരിക. ബസ്തറ് പോലെയുള്ള പ്രദേശങ്ങളിലാണല്ലോ കഥ നടക്കുന്നത്. ഞാനൊരു കാര്യം പറയാം. ഒരു ദിവസം, കീരേന്ദ്ര യാദവ് എന്ന് പറഞ്ഞുള്ള നടനുണ്ടിതില്‍. ആക്ച്വലി അഭിനയമോഹിയായിട്ടുള്ള, പാട്ടൊക്കെ പാടുന്ന വളരെ രസികനായിട്ടുള്ള മനുഷ്യനാണ്. അപ്പോള്‍ അയാളാണ് ഞങ്ങളുടെ ഗൈഡായിട്ടൊക്കെ വന്നത്. അയാളാണ് നമുക്ക് ലൊക്കേഷനും കാര്യങ്ങളും സഹായങ്ങളും തരുന്നത്. രണ്ട് തരം പ്രദേശങ്ങളാണവിടെയുള്ളത്. നക്സല്‍ ബാധിത പ്രദേശവും അല്ലാത്തതും. ഇയാളുടെ കൂടെയാണ് ഞങ്ങള്‍ പോകുന്നത്. നക്സല്‍ ബാധിത പ്രദേശത്തേക്ക് ഇയാള്‍ക്ക് അധികം പോകാന്‍ സാധിക്കില്ല. അങ്ങനെ പോകുമ്പോള്‍ ഒരു ദിവസം തകര്‍ന്നുകിടക്കുന്നതും കത്തിക്കരിഞ്ഞതുമായ വീടുകളുടെ കാഴ്ച്ചകള്‍ കാണുകയാണ് നക്സല്‍ ബാധിതമായ ഒരു പ്രദേശത്ത്. (കുറെയൊക്കെ സിനിമയില്‍ കാണിച്ചിട്ടുണ്ട്. എല്ലാതൊന്നും കാണിക്കാന്‍ പറ്റില്ല) അങ്ങനെയിരിക്കെ ഒരു ദിവസം യാത്ര പോകുമ്പോള്‍ ഇയാള്‍ പറയുകയാണ് ഒരു സ്ഥലം ചൂണ്ടിക്കാട്ടി ഇവിടെയാണ് നാല് പേരെ കൊന്നതെന്ന്. അപ്പോ ഞങ്ങള്‍ ചോദിച്ചു, ഏഴ് കൊല്ലം മുമ്പല്ലേന്ന്. അപ്പോള്‍ അയാള്‍ പറയാ, അല്ല ഇന്നലെന്ന്! ഞങ്ങളുടെ കിളിപോയിപ്പോയി..! എല്ലാം കഴിഞ്ഞ് വൈകിട്ട് റൂമില്‍ പോയപ്പോ അയാള്‍ പറഞ്ഞത് തെറ്റാണെന്ന് മനസ്സിലായി, നാലല്ല, അഞ്ച് പേരാണ് അവിടെ കൊല്ലപ്പെട്ടത്. ആ യാത്ര തലേന്നായിരുന്നെങ്കില്ലോ, അതിലൂടെ പോകുമ്പോയുള്ള ഭീതിയുണ്ടല്ലോ. നമ്മളാരാ എന്തായെന്ന്, ആര്‍ക്കും എന്തും ആക്കാം. നമ്മള്‍ പൊലീസിന്റെ ആളെന്നുമൊക്കെ. ചില സമയത്ത് പട്ടാളത്തിന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട്.അവരുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ എന്താ സംഭവിക്കാന്ന് പിടുത്തില്ല. അതിന്റെ തലേന്നാണ് രണ്ട്, മൂന്ന് പട്ടാളക്കാരെ കൊലപ്പെടുത്തിയ വാര്‍ത്ത കേള്‍ക്കുന്നത്. അതിന് മുമ്പാണ് അഞ്ച് പേരെ പട്ടാളം ഇങ്ങോട്ട് കൊന്ന വാര്‍ത്ത കേള്‍ക്കുന്നത്. ഇതിങ്ങനെ നടക്കാണ്. അതിന്റെ ഇടയില്‍ കുറച്ച് മനുഷ്യന്മാരുണ്ട്. അവരുടെ സിനിമയാണിത്.
കുറച്ച് ദിവസം ഞാനിതിന്റെ ഹരത്തിലിങ്ങനെ നടക്കട്ടെ. I deserve this. ഞാന്‍ അത്രയും അലഞ്ഞതാ. ഇതിന്റെ വിജയം കൊണ്ട് ഞാന്‍ കുറച്ച് ദിവസം നടക്കും.
അടുത്തത് ഇനിയെന്താണ്?
അടുത്തത് തീരുമാനിച്ചിട്ടൊന്നുല്ല. കുറച്ച് ദിവസം ഞാനിതിന്റെ ഹരത്തിലിങ്ങനെ നടക്കട്ടെ. കുറച്ച് ദിവസം ഹരമായിട്ട് നടക്കാന്‍ തീരുമാനിച്ചു. I deserve this (ചിരിക്കുന്നു), ഞാന്‍ അത്രയും അലഞ്ഞതാ. ഇതിന്റെ വിജയം കൊണ്ട് ഞാന്‍ കുറച്ച് ദിവസം നടക്കും. പുതിയ പ്ലാനുകളുണ്ട്, സമയമായിട്ടില്ല.