കോമഡിക്ക് വേണ്ടി ഒരു ടിക്കറ്റുമായി ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും

കാലിക പ്രസക്തമായ വിഷയങ്ങള്‍ കോര്‍ത്തിണക്കിയ വെബ് സീരീസുമായി കാലിക്കറ്റ് വി ഫോര്‍ യു

Update: 2019-08-29 12:02 GMT
Advertising

മലബാറിലെ താരങ്ങള്‍ ഇന്ന് മലയാള സിനിമാലോകം കീഴടക്കുകയാണ്.. പ്രത്യേകിച്ച് മലബാറിലെ മിമിക്രിവേദിയിലൂടെ വളര്‍ന്നുവന്ന് മലയാളികളുടെ മനസ് കീഴടക്കിയ താരങ്ങള്‍.. നിര്‍മല്‍ പാലാഴിയും ഹരീഷ് പെരുമണ്ണയും വിനോദ് കോവൂരും ദേവരാജനും എല്ലാം അവരിലെ പ്രമുഖരാണ്.. ജാലിയന്‍ കണാരന്‍റെ ബഡായികളും എന്താണ് ബാബേട്ടാ എന്ന വിളിയും ഓരോ മലയാളിയുടെ ഉള്ളിലും ചിരിയുണര്‍ത്തുന്ന തമാശകളാണ്. അവരെല്ലാം കൂടി തിരക്കുകള്‍ മറന്ന് വീണ്ടും ഒന്നിച്ചിരിക്കുകയാണ് കാലിക്കറ്റ് വീ ഫോര്‍ യു വിന് വേണ്ടി.

കാലിക്കറ്റ് വി ഫോര്‍ യു വിന്‍റെ വെബ് സീരീസിന്‍റെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇരുപതാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെയാണ് ടിക്കറ്റ്സ് എന്ന പേരില്‍ വെബ് സീരിസുമായി കാലിക്കറ്റ് വി ഫോര്‍ യു പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തങ്ങളുടെ പുതിയ വെബ് സീരിസിനെ കുറിച്ച് കാലിക്കറ്റ് വി ഫോര്‍ യുവിന്‍റെ അമരക്കാരനും വെബ് സീരിസിന്‍റെ സംവിധായകനുമായ രാജീവ് വി ഫോര്‍ യൂ മീഡിയ വണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു...

Full View

എന്താണ് ഈ ''ടിക്കറ്റ്സ്''?

ഇത് വെറും ടിക്കറ്റ്സ് അല്ല. ടിക്കറ്റ്സ് ഫോര്‍ അണ്‍ലിമിറ്റഡ് ഫണ്‍ ആണ്. കോമഡിക്ക് വേണ്ടിയുള്ള ഒരു ടിക്കറ്റ്. അതിലെ ആദ്യ എപ്പിസോഡാണ് കഴിഞ്ഞദിവസം പുറത്ത് വന്നത്, ഒരു അഡാറ് പ്രവാസി... ടിക്കറ്റ്സ് എന്ന പേര് മനഃപൂര്‍വം തന്നെ തെരഞ്ഞെടുത്തതാണ്. കാരണം, ആ വാക്ക് വളരെ ഫ്ലക്സിബിളാണ്.

അടുത്ത എപ്പിസോഡ് വെള്ളിയാഴ്ചയാണ് അപ്‍ലോഡ് ചെയ്യുന്നതെങ്കില്‍ അതിന് ഞങ്ങള്‍ക്ക് ഫ്രൈഡേ ടിക്കറ്റ്സ് എന്ന് പേര് നല്‍കാം... തിങ്കളാഴ്ച ആണെങ്കില്‍ മണ്‍ഡേ ടിക്കറ്റ്സ്.... ഇനി ഓണത്തിന് ഒരു എപ്പിസോഡ് ചെയ്യുകയാണെങ്കില്‍ അത് ബമ്പര്‍ ടിക്കറ്റ്സ്.. ഗള്‍ഫുകാരാണ് കൂടുതലായി ഈ വെബ് സീരിസ് കാണുന്നത്. കോമഡിയെ ആസ്വദിക്കുന്നതും പ്രവാസി മലയാളികളാണ്.

നിലവില്‍ വെബ് സീരീസായി 12 ഓളം വീഡിയോകള്‍ ഞങ്ങള്‍ ചെയ്ത് കഴിഞ്ഞു. ഈ വെബ് സീരീസിലെ ഒന്ന് ആണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍തന്നെ അടുത്തതും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ഇത് പണ്ടു ഞങ്ങള്‍ ചെയ്തതുപോലെയുള്ള സ്റ്റേജ് കോമഡികളല്ല. നമ്മുടെ നാട്ടിലെ സാമൂഹിക വിഷയങ്ങളെ ഒരല്‍പ്പം കോമഡി ചേര്‍ത്ത് അവതരിപ്പിക്കുകയാണ്. സ്ക്രിപ്റ്റില്ല ഇതിന്. ആശയം മാത്രമാണ്.. അവര്‍ ലൈവ് ആയിട്ട് ഡയലോഗ് പറയുന്നു.. അത് ഷൂട്ട് ചെയ്യുന്നു.. എഡിറ്റ് ചെയ്യുന്നു.. അപ്‍ലോഡ് ചെയ്യുന്നു..

വെബ് സീരീസില്‍ അഭിനയിക്കുന്ന ആര്‍ട്ടിസിറ്റുകള്‍ സെലിബ്രിറ്റികള്‍ ആയി പിന്നീട് മാറുന്ന കാഴ്ചയാണ് സാധാരണ നമ്മള്‍ കാണാറ്. ഇതെന്തുകൊണ്ടാണ്, സെലിബ്രിറ്റികളെ വെച്ചുകൊണ്ടുതന്നെ ഒരു വെബ് സീരീസ് പ്ലാന്‍ ചെയ്തത്?

ആദ്യ എപ്പിസോഡില്‍ അഭിനയിച്ചിരിക്കുന്നത് ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും ആണ്.. രണ്ടുപേരും സിനിമയില്‍ തിരക്കുള്ള താരങ്ങള്‍.. വരുന്ന എപ്പിസോഡുകളിലും പ്രേക്ഷകരെ കാത്തിരിക്കുന്നത് അതിലും സര്‍പ്രൈസുകളാണ്. കൂടുതല്‍ സെലിബ്രിറ്റി താരങ്ങള്‍ ഞങ്ങളുടെ വെബ് സീരിസിന്‍റെ ഭാഗമായി എത്തുന്നുണ്ട്. കാലിക്കറ്റ് വി ഫോര്‍ യുമായി ബന്ധപ്പെട്ടാണ് ഇവരെല്ലാം തങ്ങളുടെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആ ബന്ധം ഞങ്ങളുടെ വെബ് സീരിസിലും തുടരുന്നു എന്ന് മാത്രം.

വെബ് സീരീസ് രംഗത്തേക്കുള്ള വരവ് ഒരല്‍പം വൈകി എന്ന് തോന്നുന്നുണ്ടോ?

മറ്റ് പല തിരക്കുകളിലുമായിപ്പോയതാണ്. ഒരു യൂട്യൂബ് ചാനല്‍ നേരത്തെ തുടങ്ങി വെച്ചിരുന്നു, 2016 ല്‍. ‘’കാലിക്കറ്റ് വി ഫോര്‍ യു: ഫുല്‍ ടൈം കോമഡി’’യെന്നാണ് ഞങ്ങള്‍ യൂട്യൂബ് ചാനലിന് കൊടുത്ത പേര്. കോഴിക്കോട് ഒരു ചാനലിന്‍റെ സ്റ്റുഡിയോ വാടകയ്ക്കെടുത്ത് ഞങ്ങള്‍ പണ്ട് ചെയ്ത സ്കിറ്റുകള്‍ വീണ്ടും അവതരിപ്പിച്ച് ഷൂട്ട് ചെയ്ത് അവയെല്ലാം ആ യൂട്യൂബ് അക്കൌണ്ടില്‍ ഇട്ടിരുന്നു. മറ്റൊരു വര്‍ക്കുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തോളം ദുബായില്‍ താമസിക്കേണ്ടിവന്നു. തിരിച്ച് നാട്ടിലെത്തി നോക്കിയപ്പോഴാണ് ഞങ്ങളുടെ ആ യൂട്യൂബ് ചാനലിനെ ആളുകള്‍ ഏറ്റെടുത്തത് ഞാനറിഞ്ഞത് തന്നെ. വരുമാനവും കിട്ടിത്തുടങ്ങിയിരുന്നു. അതുപയോഗിച്ച് പിന്നെയെങ്ങനെ ഞങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് എത്താം എന്ന ആലോചനയാണ് ഈ ടിക്കറ്റ്സ്.

രാജീവ് വി ഫോര്‍ യു

കാലിക്കറ്റ് വി ഫോര്‍ യൂ വിനെ പ്രശസ്തമാക്കിയത് ചാനല്‍ കോമഡി പ്രോഗ്രാമുകളാണല്ലോ... ഹരീഷിന്‍റെ ജാലിയന്‍ കണാരനും നിര്‍മല്‍ പാലാഴിയുടെ എന്താണ് ബാബേട്ടായും ഇന്നും വൈറലായി ഓടിക്കൊണ്ടിരിക്കുന്ന സ്കിറ്റുകളാണ്...

ഞാന്‍ ഒരു കൊറിയോഗ്രാഫറായിരുന്നു. അതുകൊണ്ടുതന്നെ ഡാന്‍സ് ട്രൂപ്പ് ആയിട്ടാണ് കാലിക്കറ്റ് വി ഫോര്‍ യു ആദ്യം തുടങ്ങുന്നത്. ഞങ്ങള്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ പോകുമ്പോള്‍ ആളുകള്‍ മിമിക്രിയും കൂടെ ആവശ്യപ്പെട്ടു തുടങ്ങി. ‌ അങ്ങനെയെങ്കില്‍ ഡാന്‍സിന്‍റെ കൂടെ മിമിക്രി കൂടി കാലിക്കറ്റ് വി ഫോര്‍ യൂവിന്‍റെ ഭാഗമാക്കിയാലോ എന്നാലോചനയായി. അങ്ങനെ കോഴിക്കോടുള്ള കുറച്ച് മിമിക്രിക്കാരുടെയും വടകരയിലുള്ള മിമിക്രിക്കാരുടെയും ഒരു ഗ്രൂപ്പുണ്ടാക്കി.. ഇവരെ മിക്സ് ചെയ്തായിരുന്നു അന്നത്തെ സ്റ്റേജ് പ്രോഗ്രാമുകളൊക്കെ ചെയ്തിരുന്നത്.

അതേസമയം അതിന് പാരലലായി കോഴിക്കോട് കേന്ദ്രീകരിച്ച് ദേവരാജും ഹരീഷ് കണാരനും രതീഷ് എന്നൊരു മറ്റൊരു ആര്‍ട്ടിസ്റ്റും മിമിക്രി അവതരിപ്പിക്കുന്നുണ്ടായിരുന്നു. ആദ്യം അവരാണ് ഒഫീഷ്യലായി കാലിക്കറ്റ് വി ഫോര്‍ യുവിന്‍റെ ഭാഗമാകുന്നത്. പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പായി കാലിക്കറ്റ് വി ഫോര്‍ യു മാറുന്നത് അങ്ങനെയാണ്. അതിന് മുമ്പ് തന്നെ ഞങ്ങളുടെ ഗ്രൂപ്പിന്‍റെ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളായി വിനോദ് കോവൂരും സി ടി കബീറും പ്രോഗ്രാമുകള്‍ക്കായി വരാറുണ്ടായിരുന്നു.

അങ്ങനെ ട്രൂപ്പ് പ്രൊഫഷണലായി സ്റ്റേജ് പ്രോഗ്രാമുകളൊക്കെ ചെയ്തു തുടങ്ങിയപ്പോഴാണ് മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ പരിപാടിയുടെ സംപ്രേക്ഷണം തുടങ്ങുന്നത്. അപ്പോഴാണ് നിര്‍മല്‍ പാലാഴിയും പ്രദീപും സി.ടി കബീറും സിറാജ് പയ്യോളിയും ഗ്രൂപ്പിന്‍റെ ഭാഗമാകുന്നത്. അതോടെ ഞങ്ങളുടെ കോഴിക്കോടന്‍ കോമഡി ഹിറ്റായി. കൂട്ടത്തില്‍ കാലിക്കറ്റ് വി ഫോര്‍ യു എന്ന പേരും ഹിറ്റായി..

പിന്നെ നിര്‍മല്‍ സിനിമയിലെത്തി. ഗിന്നസ് പക്രുവിന്‍റെ സിനിമയായ കുട്ടീം കോലും ആയിരുന്നു നിര്‍മല്‍ പാലാഴിയുടെ ആദ്യ സിനിമ. കോമഡി ഫെസ്റ്റിവലിന്‍റെ ജഡ്ജുമാരില്‍ ഒരാള്‍ ഗിന്നസ് പക്രു ആയിരുന്നു. നിര്‍മലിന് ഒരു അപകടം പറ്റി, ഒരു വര്‍ഷം സിനിമയില്‍ നിന്ന് പിന്നീട് ഗ്യാപ് എടുക്കേണ്ടി വന്നു. പക്ഷേ, പിറകെ ഹരീഷും സിനിമയിലെത്തി, താരമായി...

ഏകദേശം ആ സമയത്താണ് ഞാന്‍ നാദിര്‍ഷയുടെ കൂടെ, ദേ മാവേലി കൊമ്പത്തിന്‍റെ വീഡിയോ സീരീസിന്‍റെ ഭാഗമാകുന്നത്. ഏഴുവര്‍ഷത്തോളം ദേ മാവേലി കൊമ്പത്തിന്‍റെ കൊറിയോഗ്രാഫറായിട്ടും അസോസിയേറ്റ് ആയിട്ടും വര്‍ക് ചെയ്തു. അങ്ങനെ നാദിര്‍ഷ, ദിലീപ്, കോട്ടയം നസീര്‍, സലീം കുമാര്‍, നവാസ് എന്നിവരുമായെല്ലാം പരിചയപ്പെടാനും അടുക്കാനും കഴിഞ്ഞു. അവരുടെ പരിചയത്തിലും പ്രോഗ്രാമുകള്‍ കിട്ടിത്തുടങ്ങി. മലബാര്‍ ഭാഗത്ത് പരിപാടി അവതരിപ്പിക്കാന്‍ അവര്‍ വരുമ്പോള്‍ അതിന്‍റെ കോര്‍ഡിനേറ്ററായിട്ടും കാലിക്കറ്റ് വി ഫോര്‍ യു മാറി. ഞങ്ങളുടെ കലാകാരന്മാര്‍ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ തുടങ്ങി. പിന്നെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നതും സ്കിറ്റുകള്‍ അതില്‍ അപ്‍ലോഡ് ചെയ്യുന്നതും മറ്റും. അതാണിപ്പോള്‍ ടിക്കറ്റ്സ് എന്ന വെബ് സീരീസില്‍ എത്തി നില്‍ക്കുന്നത്.

Tags:    

Similar News