കണക്കു ചോദിക്കാനുണ്ട്, തെളിയിക്കാനും; ബ്ലാസ്‌റ്റേഴ്‌സ് അങ്കത്തിനിറങ്ങുമ്പോൾ

കുമ്മായവരക്കിപ്പുറത്ത് കോച്ച് ഇവാന്‍ വുകുമനോവിച് ഉണ്ടാകില്ല എന്ന പോരായ്മ നിലനിൽക്കുമ്പോഴും അതിനെ മറികടക്കാൻ പന്ത്രണ്ടാമനായി ഗ്യാലറിയുണ്ടാകും

Update: 2023-09-21 14:49 GMT
Advertising

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിൽ തിരശ്ശീല ഉയരുകയാണ്. പതിവു പോലെ ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ. എതിരാളികളായി നിലവിലെ റണ്ണേഴ്‌സ് അപ്പായ ബംഗളൂരു എഫ്‌സി. കഴിഞ്ഞ സീസണിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വഴി മുടക്കിയവരാണ് ബംഗളൂരു. അതുകൊണ്ടു തന്നെ ഇന്നത്തെ പോരാട്ടം ബ്ലാസ്‌റ്റേഴ്‌സിന് വെറും കളിയല്ല, പഴയ പറ്റുപുസ്തകത്തിലെ കണക്കു ചോദിക്കാനുള്ള അവസരം കൂടിയാണ്. അന്ന് ക്ഷുഭിതനായി ടീമിനെ കളത്തിൽനിന്ന് കയറ്റിക്കൊണ്ടുപോയതിന്റെ ശിക്ഷയിലാണ് കേരളത്തിന്റെ ആശാൻ ഇവാൻ വുകുമനോവിച്ച്. ആദ്യ നാലു മത്സരങ്ങളിൽ കളത്തിനു പുറത്തുനിന്ന് തന്ത്രം മെനയാനേ കോച്ചിനാകൂ. കുമ്മായവരക്കിപ്പുറത്ത് ആശാനുണ്ടാകില്ല എന്ന പോരായ്മ നിലനിൽക്കുമ്പോഴും അതിനെ മറികടക്കാൻ പന്ത്രണ്ടാമനായി ഗ്യാലറിയുണ്ടാകും. ബ്ലാസ്‌റ്റേഴ്‌സിന്റെ യഥാർത്ഥ ശക്തി!

ഉടച്ചുവാർത്ത പിൻനിര

പിൻനിര ഉടച്ചുവാർത്താണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് അങ്കത്തിനിറങ്ങുന്നത്. പ്രതിരോധത്തിൽനിന്ന പരിചയ സമ്പന്നരായ ജസൽ കാർണൈറോ, ഹർമൻജോത് ഖബ്ര, ആയുഷ് അധികാരി, ധനചന്ദ്ര മീഠേ, വിദേശതാരം വിക്ടർ മോംഗിൽ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തത്. പകരമെത്തിയത് പ്രബീർ ദാസ്, പ്രീതം കോട്ടാൽ, ഐബൻ ഡോഹ്‌ലിങ് എന്നിങ്ങനെ എണ്ണം പറഞ്ഞ താരങ്ങൾ. വിക്ടർ മോംഗിലിന് പകരം ഉയരക്കാരനായ മോണ്ടെനഗ്രൽ താരം മിലോസ് ഡ്രിൻകിച്. ഇതിനൊപ്പം പ്രതിഭാധനനായ യുവതാരം ഹോർമിപാം റുയ്‌വയും സന്ദീപ് സിങ്ങും വിദേശതാരം മാർകോ ലെസ്‌കോവിച്ചും. 

പ്രീതം കോട്ടാല്‍


നല്ല ബാക്കപ്പ് ഒപ്ഷൻ ഉണ്ട് എന്നതാണ് ഇത്തവണത്തെ പ്രതിരോധത്തെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ തവണ സന്ദീപ് സിങ്ങിന് പരിക്കറ്റ ശേഷം ഉലഞ്ഞ പിൻനിരയിൽ നിന്ന് മാനേജ്‌മെന്റ് പാഠം പഠിച്ചിട്ടുണ്ടെന്ന് വ്യക്തം. മാർകോ ലെസ്‌കോവിച്ചിന് തന്നെയാകും ഇത്തവണയും പ്രതിരോധത്തിന്റെ ചുമതല. പരിചയ സമ്പന്നനായ പ്രീതം കോട്ടാൽ കൂടി സെൻട്രൽ ഡിഫൻസിലുണ്ടാകും. പ്രീതം ആദ്യ ഇലവനിൽ ഇടംപിടിക്കുന്നുവെങ്കിൽ ഹോർമിപാം പകരക്കാരുടെ ബെഞ്ചിലാകും. ഇടതു-വലതു വിങ് ബാക്കിൽ സന്ദീപ് സിങ്, പ്രബീർദാസ്, ഐബൻ ഡോഹ്‌ലിങ് എന്നീ ഓപ്ഷനുകൾ കോച്ചിന് മുമ്പിലുണ്ട്. ബാക്കപ് ഓപ്ഷൻ നിലയിലാകും ഡ്രിൻകിച്ചിനെയും നവോച്ച സിങ്ങിനെയും ഉപയോഗിക്കുക.

സഹലില്ലാത്ത മധ്യനിര

ടീമിന്റെ പോസ്റ്റർ ബോയ് ആയിരുന്ന മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ഇല്ലാത്ത അറ്റാക്കിങ് മിഡ്ഫീൽഡാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റേത്. റെക്കോഡ് തുകയ്ക്ക് മോഹൻ ബഗാൻ റാഞ്ചിയ താരത്തിന് പകരം ആര് കളത്തിലിറങ്ങും എന്ന ആകാംക്ഷ ആരാധകർക്കുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ യുവസംവിധാനത്തലൂടെ വളർന്നുവന്ന നിഹാൽ സുധീഷ്, മുഹമ്മദ് ഐമന്‍, വിബിൻ മോഹനൻ എന്നിവർ ആ വിടവു നികത്തുമെന്ന് കരുതപ്പെടുന്നു. വിബിനും നിഹാലും കഴിഞ്ഞ സീസണിൽ ടീമിൽ ഇടം നേടിയ താരങ്ങളാണ്. പ്രീസീസൺ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഐമൻ. 


സഹല്‍ അബ്ദുല്‍ സമദ്


ഡിഫൻസീവ് മിഡ്ഫീൽഡിൽ പതിവു പോലെ ജീക്‌സൺ സിങ് ഉണ്ടാകും. കഴിഞ്ഞ സീസണിൽ ജീക്‌സണ് കൂട്ട് വിദേശതാരമായ ഇവാൻ കൽയൂഷ്‌നി ആയിരുന്നു. ആദ്യ മത്സരങ്ങളിലെ വെടിക്കെട്ട് പ്രകടനങ്ങൾക്ക് ശേഷം കാര്യമായ സംഭാവനകൾ കൽയൂഷ്‌നിയുടെ കാലിൽ നിന്നുണ്ടായിരുന്നില്ല. ഈ പൊസിഷനിൽ ഒരു ഇന്ത്യൻ താരത്തെ തന്നെയാകും കോച്ച് ഇവാൻ ആശ്രയിക്കുക. വിപിൻ മോഹനൻ ആ സ്ഥാനത്തു വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

ലൂനയെന്ന എഞ്ചിൻ

കളം മുഴുവൻ റോന്തു ചുറ്റുന്ന പടനായകനാകും ഇത്തവണയും ക്യാപ്റ്റന്‍ അഡ്രിയാൻ ലൂന. ലൂന എങ്ങനെ കളി മെനയുന്നോ അതിനനുസരിച്ചിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി. അറ്റാക്കിങ് മിഡ്ഫീൽഡിൽ ഈ മുപ്പത്തിയൊന്നുകാരനല്ലാതെ മറ്റൊരു ഓപ്ഷനില്ല. ടെക്‌നികിലും വിഷനിലും ലൂനയെ വെല്ലുന്ന മിഡ്ഫീൽഡർ ഐഎസ്എല്ലിൽ തന്നെ കുറവാണ്. കഴിഞ്ഞ സീസണിൽ വേണ്ടത്ര കാണാതെ പോയ ഷാർപ്പ് ഫ്രീകിക്കുകൾ കൂടി ഒത്തുവന്നാൽ ലൂണ യാഗാശ്വമായി മാറും. 


അഡ്രിയാന്‍ ലൂന


ജപ്പാനിൽനിന്നെത്തിയ ദെയ്‌സുകെ സകായ് ആകും ലൂണയുടെ പകരക്കാരൻ. പ്രീ സീസണില്‍ മികച്ച പ്രകടനമായിരുന്നു ദെയ്സുകെയുടേത്. ലൂണ ഒഴിച്ചു നിർത്തിയാൽ ശരാശരിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര. ബ്രൈസ് മിറാണ്ട, ഡാനിഷ് ഫാറൂഖ് ലാലമാവ്മ, സൗരവ് മണ്ഡൽ എന്നിവർ ഇനിയും കഴിവു തെളിയിക്കേണ്ടിയിരിക്കുന്നു.  

പ്രതീക്ഷ ദിമിയിൽ

കഴിഞ്ഞ സീസണിൽ 12 ഗോളടിച്ചു കൂട്ടിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുന. അവസാന പ്രീ സീസൺ മത്സരങ്ങളിൽ പരിക്കുമൂലം ഇറങ്ങാതിരുന്ന ദിമി ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫൈനൽ തേഡിൽ ലൂനയും ദിമിയും തമ്മിലുള്ള കളിപ്പൊരുത്തം ടീമിന് മുന്നോട്ടു പോക്കിന് നിർണായകമാകും. ഘാന യുവതാരം ക്വാമി പെപ്ര, മുഹമ്മദ് ഐമൻ, ഇഷാൻ പണ്ഡിത, ബിദ്യാസാഗർ, രാഹുൽ കെപി എന്നിവരാണ് മറ്റു മുന്നേറ്റ താരങ്ങൾ. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിക്കുന്ന രാഹുൽ കെ.പി ഇന്ന് ടീമിലുണ്ടാകില്ല.  


ദിമിത്രിയോസ് ഡയമന്റകോസ്

ഇസ്രയേൽ ക്ലബ്ബായ ഹാപോൽ ഹദെറയിൽനിന്നെത്തിയ ക്വാമി ഘാനയിലെയും ദക്ഷിണാഫ്രിക്കയിലെയും പ്രീമിയർ ലീഗിൽ കളിച്ച അനുഭവ സമ്പത്തുള്ള താരമാണ്. ഐഎസ്എല്ലിൽ സൂപ്പർ സബ്ബായി അറിയപ്പെടുന്ന ഇഷാൻ പണ്ഡിതയ്ക്ക് ആ നിഴലിൽനിന്ന് സമ്പൂർണ സ്‌ട്രൈക്കറായി മാറാനുള്ള അവസരമാണ് ഇത്തവണത്തേത്. ഐ ലീഗ് ടോപ് സ്‌കോററായിരുന്ന ബിദ്യാസാഗർ സിങിന് ഇത്തവണയും പകരക്കാരുടെ ബഞ്ചിലാകും സ്ഥാനം.

ഗോൾവലയ്ക്കു താഴെ ആശങ്ക

ഏറ്റവും വലിയ ജാഗ്രത കാട്ടേണ്ട ഗോൾവലയ്ക്ക് താഴെ ട്രാൻസ്ഫർ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം അത്ര ആശാവഹമല്ല. കഴിഞ്ഞ തവണ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന ഗില്ലിന് പകരം ബംഗളൂരുവിൽനിന്ന് ലാറ ശർമ്മയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. വെറ്ററൻ കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹമ്മദ് അർബാസ് എന്നിവരാണ് മറ്റു കീപ്പർമാർ. ഇതിൽ സചിൻ സുരേഷ് ആദ്യ ഗോളിയാകുമെന്ന് കരുതപ്പെടുന്നു. എന്നാൽ പ്രീ സീസൺ മത്സരങ്ങളിൽ സചിന്റെ പ്രകടനം മികച്ചതായിരുന്നില്ല. അതു പരിഗണിക്കുമ്പോൾ 37കാരനായ കരൺജിത് ഗോൾ വല കാത്താലും അത്ഭുതപ്പെടേണ്ടതില്ല.

Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News