പ്രതിരോധത്തിൽ താരങ്ങളേറെ; ബിജോയ് വർഗീസിനെ ഇന്റർ കാശിക്ക് കൈമാറാൻ ബ്ലാസ്‌റ്റേഴ്‌സ്
വാരാണസി ആസ്ഥാനമായി ഈ വർഷം സ്ഥാപിക്കപ്പെട്ട ഫുട്‌ബോൾ ക്ലബ്ബാണ് ഇന്റർ കാശി.
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഡിഫൻഡർ ബിജോയ് വർഗീസ് ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയിലേക്ക്. വായ്പാ അടിസ്ഥാനത്തിലാണ് കേരള ക്ലബ് താരത്തെ കൈമാറുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഇരുപതുകാരനായ സെന്റർ ഫോർവേഡ് മുഹമ്മദ് അജ്‌സലിനെയും ബ്ലാസ്‌റ്റേഴ്‌സ് വായ്പാ അടിസ്ഥാനത്തിൽ ഇന്റർകാശിക്ക് കൈമാറിയിരുന്നു. വാരാണസി ആസ്ഥാനമായി ഈ വർഷം സ്ഥാപിക്കപ്പെട്ട ഫുട്‌ബോൾ ക്ലബ്ബാണ് ഇന്റർ കാശി.
പ്രതിരോധ നിരയിലേക്ക് ഒരുപിടി താരങ്ങൾ ഈ സീസണിൽ എത്തിയ സാഹചര്യത്തിലാണ് ബിജോയിയെ ബ്ലാസ്‌റ്റേഴ്‌സ് കൈമാറുന്നത്. കഴിഞ്ഞ സീസണിലെ ഏതാനും മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്ന താരമായിരുന്നു മലയാളിയായ ബിജോയ്.
ഇത്തവണ പ്രതിരോധത്തിലേക്ക് പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഐബൻ ഡോഹ്‌ലിങ് എന്നീ ആഭ്യന്തര താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് എത്തിച്ചിരുന്നു. യുവ ഡിഫൻഡർ ഹോർമിപാം റുയ്‌വയെ നിലനിർത്തുകയും ചെയ്തു. മിലോസ് ഡ്രിൻകിച്, മാർകോ ലെസ്‌കോവിച്ച് എന്നിവരാണ് പ്രതിരോധത്തിലെ വിദേശ താരങ്ങൾ.
ഐഎസ്എല്ലിൽ ജംഷഡ്പൂർ എഫ്‌സി താരമായിരുന്ന പീറ്റർ ഹാർട്‌ലി അടക്കമുള്ള വലിയ താരങ്ങളെ നേരത്തെ ഇന്റർകാശി സ്വന്തമാക്കിയിരുന്നു. സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന്റെ സാങ്കേതിക സഹകരണവും ഇന്റർകാശിക്കുണ്ട്.