16 പേര്‍ക്കു കൂടി നിപയില്ലെന്ന് സ്ഥിരീകരിച്ചു, ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 12 പേര്‍
ഇതോടെ മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 46 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി
നിപ പരിശോധനയില്‍ 16 സാമ്പിളുകൾ കൂടി നെഗറ്റീവ്. ഇതോടെ മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 46 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 265 പേരാണ് നിരീക്ഷണത്തിലുള്ളത്.
ആശുപത്രിയിലുള്ളത് 62 പേരാണ്. 12 പേര്‍ക്ക് നിപ രോഗലക്ഷണമുണ്ട്. എല്ലാവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കപ്പട്ടികയിലുള്ള 47 പേർ മറ്റ് ജില്ലയിലുള്ളവരാണ്. അഞ്ച് വവ്വാലുകളുടെ സാമ്പിളുകൾ പുനെ എൻഐവിയിലേക്ക് അയക്കും. കണ്ടെയിന്മെന്‍റ് സോണല്ലാത്ത കോഴിക്കോട് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നാളെ വാക്സിനേഷന്‍ പുനരാരംഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കുട്ടികള്‍ക്കായി പ്രത്യേക നിപ ചികിത്സാ സൌകര്യം
കുട്ടികളില്‍ നിപ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണം നടത്തുകയാണ് ആരോഗ്യ വകുപ്പ്. അപസ്മാരം, മസ്തിഷ്ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളില്‍ നിര്‍ബന്ധമായും നിപ പരിശോധന നടത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. തിരുവനന്തപുരം എസ്എടി ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ പ്രത്യേക നിപ വാര്‍ഡ് തുറന്നു.നിപ ചികിത്സക്കായി വെന്‍റിലേറ്റര്‍, ഐസിയു സൌകര്യങ്ങളും ഒരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം.ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.