കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

Update: 2024-11-18 03:49 GMT
Editor : ശരത് പി | By : Web Desk
Advertising

എറണാകുളം: പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധനയിൽ റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി മീഡിയവണിനോട് പറഞ്ഞു. മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേർത്തു.

കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കോൺഗ്രസ് വനിതാ നേതാക്കൾ പരാതി നൽകിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്കു പരാതി നൽകിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

നവംബർ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഷാനിമോൾ ഏറെനേരം വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News